ബാഴ്‌സലോണയുടെ 125ാം വാര്‍ഷികാഘോഷ വേളയില്‍ കറ്റാലന്‍മാര്‍ അര്‍ജീന്റീനക്കെതിരെ കളത്തിലിറങ്ങുമെന്ന് റിപ്പോര്‍ട്ട്. ബാഴ്‌സ ന്യൂസടക്കമുള്ള മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബാഴ്‌സയില്‍ മെസിയുടെ വിടവാങ്ങല്‍ മത്സരമായും ഇത് അടയാളപ്പെടുത്തിയേക്കും.
2021ലാണ് മെസി ബാഴ്‌സയോട് വിടപറയുന്നത്. കൗമാര താരമായിരുന്ന മെസിയെ ഇന്ന് കാണുന്ന ലോകചാമ്പ്യനാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഇടമാണ് എഫ്.സി ബാഴ്സലോണ. മെസി തന്റെ കരിയറില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയതും കിരീടങ്ങള്‍ നേടിയതും കറ്റാലന്‍മാര്‍ക്കൊപ്പമായിരുന്നു. ലാ ലീഗയും സൂപ്പര്‍ കപ്പും ചാമ്പ്യന്‍സ് ലീഗുമടക്കം 35 കിരീടങ്ങളാണ് മെസി ബാഴ്സക്കൊപ്പം സ്വന്തമാക്കിയത്.
എന്നാല്‍ മെസിക്ക് അര്‍ഹിച്ച വിടവാങ്ങല്‍ നല്‍കാന്‍ ടീമിന് സാധിച്ചിരുന്നില്ല. ഈ മത്സരത്തോടെ അതിന് സാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഈ മത്സരത്തില്‍ മെസി തന്റെ എട്ടാം ബാലണ്‍ ഡി ഓറും ലോകകപ്പ് കിരീടവും ആരാധകര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം, ഈ മത്സരത്തില്‍ രണ്ട് ടീമിന് വേണ്ടിയും മെസി കളിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ അര്‍ജന്റൈന്‍ ജേഴ്‌സിയിലെത്തുന്ന താരം രണ്ടാം പകുതിയില്‍ കറ്റാലന്‍മാര്‍ക്കായും പന്ത് തട്ടും.
അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാകുന്ന സ്‌പോട്ടിഫൈ ക്യാമ്പ് നൗവിലെ ആദ്യ മത്സരമായി അര്‍ജന്റീന – ബാഴ്‌സലോണ മത്സരം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ നവീകരണ പ്രവൃത്തി നടക്കുന്ന സ്റ്റേഡിയം 2024 അവസാനത്തോടെ തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 64,000 ആയിരിക്കും അപ്പോഴുള്ള സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി. 2026ല്‍ മാര്‍ച്ചോടെ ഇത് 1,05,000 ആയി ഉയര്‍ത്താനും പദ്ധതിയുണ്ട്.
അതേസമയം, അര്‍ജന്റീനയും സ്‌പെയ്‌നും തമ്മിലുള്ള ഫൈനലിസിമ പോരാട്ടത്തിന് വേദിയാകാന്‍ ക്യാമ്പ് നൗ സന്നദ്ധതയറിയിച്ചു എന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവരന്നിരുന്നു.
നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്ന ബാഴ്സയുടെ ഹോം സ്റ്റേഡിയമായ സ്പോട്ടിഫൈ ക്യാമ്പ് നൗവില്‍ വെച്ച് മത്സരം നടത്താനാണ് ആലോചിക്കുന്നതെന്നാണ് ബോലാവിപ് അര്‍ജന്റീന റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റ് സ്റ്റേഡിയങ്ങള്‍ പരിഗണനയിലുണ്ടെങ്കിലും മത്സരം ബാഴ്സയിലെത്തുകയാണെങ്കില്‍ ക്യാമ്പ് നൗ തന്നെയായിരിക്കും ഈ ക്ലാസിക് പോരാട്ടത്തിന് സാക്ഷ്യം വഹിക്കുക.
കോപ്പയില്‍ കൊളംബിയയെ പരാജയപ്പെടുത്തിയാണ് മെസിയും സംഘവും തുടര്‍ച്ചയായ രണ്ടാം തവണയും കിരീടമണിഞ്ഞത്. എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന കപ്പുയര്‍ത്തിയത്. എക്സ്ട്രാ ടൈമിന്റെ 22ാം മിനിട്ടില്‍ ലൗട്ടാരോ മാര്‍ട്ടീനസാണ് ഗോള്‍ നേടിയത്.
ആദ്യ കിരീടം മോഹിച്ചെത്തിയ ഹാരി കെയ്‌നിന്റെ സ്വപ്‌നങ്ങള്‍ തല്ലിത്തകര്‍ത്താണ് സ്പെയ്ന്‍ യൂറോപ്പിന്റെ രാജാക്കന്‍മാരായത്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് സ്പാനിഷ് വമ്പന്‍മാര്‍ മത്സരം വിജയിച്ചുകയറിയത്.
നിലിവില്‍ ഫൈനലിസിമ കിരീടം കയ്യടക്കി വെച്ചാണ് അര്‍ജന്റീന വീണ്ടും പോരാട്ടത്തിനിറങ്ങുന്നത്. 2022ല്‍ അസൂറികളെ തകര്‍ത്താണ് മെസിപ്പട കിരീടം നേടിയത്.
Content Highlight: Reports says Barcelona to face Argentina on their 125th anniversary