| Friday, 27th September 2024, 7:53 pm

'മെസിയുടെ നമ്പര്‍ വരെ വേണമെങ്കില്‍ തരാം, നീയൊന്ന് വന്നാല്‍ മതി'; കാത്തിരിക്കാന്‍ ബാഴ്‌സ തയ്യാര്‍, റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

അത്‌ലറ്റിക്കോ ബില്‍ബാവോ സൂപ്പര്‍ താരം നിക്കോ വില്യംസിനെ വിടാതെ പിന്തുടരാന്‍ ബാഴ്‌സലോണ. അടുത്ത സമ്മറിലും താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമം ബാഴ്‌സ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരം കറ്റാലന്‍മാര്‍ക്കൊപ്പം ചേരുകയാണെങ്കില്‍ മെസിയുടെ പത്താം നമ്പര്‍ ജേഴ്‌സിയും ടീം നിക്കോ വില്യംസിന് നല്‍കിയേക്കും.

ഈ സമ്മറില്‍ ബാഴ്‌സയുടെ പ്രധാന ടാര്‍ഗെറ്റായിരുന്നു സ്പാനിഷ് ഇന്റര്‍നാഷണല്‍. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം വില്യംസിനെ സ്വന്തമാക്കാന്‍ ബാഴ്‌സക്ക് സാധിച്ചിരുന്നില്ല. ബില്‍ബാവോ വിടാന്‍ നിക്കോ വില്യംസും താത്പര്യം കാണിച്ചിരുന്നില്ല.

എന്നാല്‍ ഇത്തവണ നടക്കാതെ പോയത് അടുത്ത സമ്മറില്‍ നടത്തിയെടുക്കാനാണ് കറ്റാലന്‍മാര്‍ ഒരുങ്ങുന്നത്. ഇതിനായി ടീമിന്റെ പത്താം നമ്പര്‍ ജേഴ്‌സി വരെ താരത്തിനായി നല്‍കിയേക്കും. സ്‌പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മെസി, റൊണാള്‍ഡീന്യോ തുടങ്ങിയ ഇതിഹാസ താരങ്ങളുടെ ജേഴ്‌സി നമ്പര്‍ താരത്തിന്റെ മനസിളക്കുമെന്ന പ്രതീക്ഷയാണ് കറ്റാലന്‍മാര്‍ക്കുള്ളത്. അന്‍സു ഫാറ്റിയാണ് നിലവില്‍ പത്താം നമ്പര്‍ ജേഴ്‌സി ധരിക്കുന്നത്.

അതേസമയം, ഈ സമ്മറില്‍ ടീമിനൊപ്പം തുടരാന്‍ തീരുമാനിച്ചതിന് പിന്നാലെ അത്‌ലറ്റിക്കോ ബില്‍ബാവോ താരത്തിന് പത്താം നമ്പര്‍ ജേഴ്‌സി സമ്മാനിച്ചിരുന്നു.

2027 വരെയാണ് നിക്കോ വില്യംസിന് ബില്‍ബാവോയുമായി കരാറുള്ളത്. അടുത്ത സമ്മറില്‍ ബാഴ്‌സക്ക് വില്യംസിനെ സ്വന്തമാക്കണമെങ്കില്‍ വലിയ തുക തന്നെ ചെലവാക്കേണ്ടി വന്നേക്കും. നിലവിലെ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റ് പ്രകാരം 70 മില്യണ്‍ യൂറോയാണ് താരത്തിന്റെ വിപണി മൂല്യം.

അതേസമയം, ഗറ്റാഫെക്കെതിരെയും വിജയിച്ച് ലാ ലീഗയില്‍ അപരാജിത കുതിപ്പ് തുടരുകയാണ് ബാഴ്‌സ. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് കറ്റാലന്‍മാര്‍ വിജയിച്ചുകയറിയത്.

19ാം മിനിട്ടില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് ബാഴ്‌സക്കായി ഗോള്‍ കണ്ടെത്തിയത്. ഇതോടെ കളിച്ച ഏഴ് മത്സരത്തില്‍ ഏഴിലും വിജയിച്ച് 21 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ബാഴ്‌സ. രണ്ടാമതുള്ള റയലിനേക്കാള്‍ നാല് പോയിന്റ് ബാഴ്‌സക്ക് അധികമുണ്ട്.

ഏഴ് മത്സരത്തില്‍ നിന്നും നാല് ജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമായി അഞ്ചാമതാണ് ബില്‍ബാവോ. ലാ ലീഗയില്‍ അവസാനം കളിച്ച മത്സരത്തില്‍ സെല്‍റ്റ വിഗോയെ ഒന്നിനെതിരെ മൂന്ന് ഗോളിന് ടീം പരാജയപ്പെടുത്തി.

ലാ ലീഗയില്‍ ബാഴ്‌സയും ബില്‍ബാവോയും നേരത്തെ കൊമ്പുകോര്‍ത്തിരുന്നു. സ്വന്തം കാണികളുടെ മുമ്പില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബാഴ്‌സ ബില്‍ബാവോയെ തോല്‍പിച്ചത്.

Content highlight: Reports says Barcelona ready to give Nico Williams number 10 jersey

We use cookies to give you the best possible experience. Learn more