| Monday, 28th October 2024, 8:17 pm

ബാലണ്‍ ഡി ഓര്‍ റിസള്‍ട്ട് ചോര്‍ന്നു! ആദ്യ 12 സ്ഥാനങ്ങള്‍ ഇങ്ങനെ; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

സ്പാനിഷ് ന്യൂസ്‌പേപ്പറായ മാര്‍ക്ക 2024 ബാലണ്‍ ഡി ഓര്‍ ഫലങ്ങള്‍ പുറത്തുവിട്ടതായി റിപ്പോര്‍ട്ട്. റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ ഇന്റര്‍നാഷണല്‍ വിനീഷ്യസ് ജൂനിയര്‍ പുരസ്‌കാരം നേടുമെന്നാണ് മാര്‍ക്ക പുറത്തുവിട്ട ഫലത്തില്‍ പറയുന്നതെന്ന് സ്‌പോര്‍ട്‌സ് ബൈബിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വോട്ടിങ്ങിലൂടെയാണ് വിനീഷ്യസ് ഒന്നാമതെത്തിയതെന്ന് പത്രം അവകാശപ്പെട്ടു. 630 പോയിന്റോടെയാണ് വിനീഷ്യസ് ഒന്നാമതെത്തിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ റോഡ്രി 576 പോയിന്റുമായി രണ്ടാമതാണ്. റയലില്‍ വിനിയുടെ സഹതാരമായ ഇംഗ്ലീഷ് ഇന്റര്‍നാഷണല്‍ ജൂഡ് ബെല്ലിങ്ഹാം മൂന്നാമതെത്തിയതായാണ് റിപ്പോര്‍ട്ട്.

ഈ തലമുറയിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായ കിലിയന്‍ എംബാപ്പെ നാലാം സ്ഥാനത്തെത്തി. ബയേണിന്റെ ഹാരി കെയ്ന്‍ അഞ്ചാമതും മാന്‍ സിറ്റിയുടെ എര്‍ലിങ് ഹാലണ്ട് ആറാം സ്ഥാനത്തെത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഫില്‍ ഫോഡന്‍, ഡാനി ഓല്‍മോ, ഫ്‌ളോറിയന്‍ വിര്‍ട്‌സ്, ഡാനി കാര്‍വഹാല്‍, ആന്റോണിയോ റൂഡിഗര്‍, ബാഴ്‌സയുടെ കൗമാര താരം ലാമിന്‍ യമാല്‍ എന്നിവര്‍ ആദ്യ 12ല്‍ ഇടം നേടുമെന്നും മാര്‍ക്കയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

പാരീസിനെ ചാറ്റ്ലെറ്റ് തിയേറ്ററില്‍ വച്ചാണ് പ്രശസ്തമായ ബാലണ്‍ ഡി ഓര്‍ ചടങ്ങ് നടക്കുക. ഇന്ത്യന്‍ സമയം 12.30നാണ് (29/10/24) പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കുന്നത്.

ഫുട്ബോള്‍ ലോകത്തെ ഏറ്റവും മികച്ച താരത്തെ തെരഞ്ഞെടുക്കാന്‍ ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിനാണ് 1956ല്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ആരംഭിച്ചത്. വോട്ടിങ്ങിലൂടെയാണ് ജേതാവിനെ തെരഞ്ഞെടുക്കുക.

ആര്‍ക്കെല്ലാം വോട്ട് ചെയ്യാം?

പുരുഷ ഫുട്ബോളില്‍ ആദ്യ 100 റാങ്കിലും വനിതാ ഫുട്ബോളില്‍ ആദ്യ 50 റാങ്കിലുമുള്ള രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ പാനലാണ് വോട്ടിങ്ങില്‍ പങ്കെടുക്കുക.

സ്‌കോറിങ് സിസ്റ്റം

ഇപ്പോള്‍ പുറത്തുവിട്ട ചുരുക്കപ്പെട്ടികയില്‍ നിന്നും ഇവര്‍ക്ക് അഞ്ച് താരങ്ങളെ റാങ്ക് ചെയ്യാം. ഈ റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് പോയിന്റും ലഭിക്കും.

ഓരോ റാങ്കിനും ലഭിക്കുന്ന പോയിന്റുകള്‍ വ്യത്യസ്തമായിരിക്കും.

പോയിന്റ്

ഒന്നാം റാങ്ക് – ആറ് പോയിന്റ്
രണ്ടാം റാങ്ക് – നാല് പോയിന്റ്
മൂന്നാം റാങ്ക് – മൂന്ന് പോയിന്റ്
നാലാം റാങ്ക് – രണ്ട് പോയിന്റ്
അഞ്ചാം റാങ്ക് – ഒരു പോയിന്റ്

വോട്ടിങ്ങിനുള്ള മാനദണ്ഡം

2022 മുതല്‍, ഒരു യൂറോപ്യന്‍ സീസണിലെ (ഓഗസ്റ്റ് മുതല്‍ ജൂലൈ വരെ) താരത്തിന്റെ പ്രകടനം, ടീമിന്റെ വിജയം, കളിക്കളത്തിനകത്തും പുറത്തുമുള്ള പെരുമാറ്റം, ഫെയര്‍പ്ലേ എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കും വോട്ടിങ്.

ദേശീയ ടീമിന്റെ ക്യാപ്റ്റന്‍മാര്‍ക്കും പരിശീലകര്‍ക്കും വോട്ട് ചെയ്യാന്‍ സാധിക്കുമോ?

1956 മുതല്‍ ഒരു സീസണിലെ ഏറ്റവും മികച്ച താരത്തെ ആദരിക്കുന്നതിനായി ഫ്രാന്‍സ് ഫുട്ബോള്‍ നല്‍കുന്ന പുരസ്‌കാരമാണിത്. ആദ്യ കാലത്ത് ഇത് യൂറോപ്പിലെ താരങ്ങള്‍ക്ക് മാത്രമായിരുന്നു നല്‍കിയിരുന്നത്. പില്‍ക്കാലത്ത് മറ്റ് താരങ്ങളെയും പരിഗണിക്കുകയായിരുന്നു.

2010-2015 കാലഘട്ടത്തില്‍ ഫിഫയുമായുള്ള താത്കാലിക കരാറില്‍ ഈ പുരസ്‌കാരം ഫിഫ ബാലണ്‍ ഡി ഓര്‍ എന്ന പേരിലാണ് നല്‍കിയികിയിരുന്നത്. 2016ല്‍ ഈ പങ്കാളിത്തം അവസാനിക്കുകയും ചെയ്തു.

2016 മുതല്‍ ഫിഫ ബാലണ്‍ ഡി ഓര്‍, ഫ്രാന്‍സ് ഫുട്ബോളിന്റെ ബാലണ്‍ ഡി ഓര്‍ ആയി തിരിച്ചുവരികയും ഫിഫ തങ്ങളുടേതായ പുരസ്‌കാരം നല്‍കുകയുമായിരുന്നു.

ഫിഫ ബാലണ്‍ ഡി ഓര്‍ എന്ന പേരില്‍ ഈ പുരസ്‌കാരം അറിയപ്പെട്ടിരുന്ന കാലയലളവില്‍ വോട്ടിങ് രീതികള്‍ക്കും മാറ്റമുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് പുറമെ ദേശീയ ടീമിന്റെ ക്യാപ്റ്റന്‍മാര്‍ക്കും പരിശീലകര്‍ക്കും വോട്ടിങ്ങിനുള്ള അര്‍ഹതയുണ്ടായിരുന്നു.

മൂന്ന് താരങ്ങളെ, ഒന്ന്, രണ്ട്, മൂന്ന് എന്നീ റാങ്കിലേക്ക് ഇവര്‍ക്ക് തെരഞ്ഞെടുക്കാന്‍ സാധിക്കുമായിരുന്നു. അഞ്ച്, മൂന്ന്, ഒന്ന് എന്നിങ്ങനെയായിരുന്നു ഓരോ റാങ്കിനും ലഭിക്കുന്ന പോയിന്റ്. വോട്ടിങ്ങിന്റെ അവസാനം ഏറ്റവുമധികം പോയിന്റ് ലഭിക്കുന്ന താരത്തെ വിജയിയായി പ്രഖ്യാപിക്കും.

Content highlight: Reports says Ballon d’Or results leaked

We use cookies to give you the best possible experience. Learn more