ലോകകപ്പിന് ശേഷം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ബാബര്‍ രാജിവെക്കും?റിപ്പോര്‍ട്ട്
Cricket
ലോകകപ്പിന് ശേഷം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ബാബര്‍ രാജിവെക്കും?റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 11th November 2023, 1:09 pm

ഐ.സി.സി ഏകദിന ലോകകപ്പില്‍ ബാബര്‍ അസമിന്റെ നേതൃത്വത്തില്‍ പാക്കിസ്ഥാന്‍ ടീം നിരാശാജനകമായ പ്രകടനമാണ് കാഴ്ചവെച്ചത്. ന്യൂസിലാന്‍ഡ് ശ്രീലങ്കയെ അഞ്ച് വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ചതിന് പിന്നാലെ പാക് ടീമിന്റെ സെമി സാധ്യതകള്‍ക്ക് വലിയ തിരിച്ചടികളാണ് നല്‍കിയത്.

കഴിഞ്ഞ ഏഷ്യാ കപ്പിലും ബാബറിന്റെ നേതൃത്വത്തില്‍ പാകിസ്ഥാന്‍ മോശം പ്രകടനങ്ങളാണ് പുറത്തെടുത്തത്. ബാബറിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തിനെതിരെ ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഈ സാഹചര്യത്തില്‍ ലോകകപ്പിന് ശേഷം പാകിസ്ഥാന്‍ ടീമിന്റെ നായകസ്ഥാനത്ത് നിന്നും ബാബര്‍ അസം രാജിവെച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ലോകകപ്പിനു ശേഷം ഏകദിനത്തിലും ടി-20യിലും നിന്ന് ക്യാപ്റ്റന്‍ സ്ഥാനം ബാബര്‍ രാജിവെക്കുമെന്ന് ജിയോ സൂപ്പര്‍ റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തെ സംബന്ധിച്ച് മുന്‍ പി.സി.ബി ചെയര്‍മാന്‍ റമീസ് രാജയുമായി ബാബര്‍ നീണ്ട ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ ലോകകപ്പിലെ അവസാന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയാണ് പാകിസ്ഥാന്‍ നേരിടുക. ഈ മത്സരത്തിന് മുന്നോടിയായി ബാബര്‍ സ്വയം പ്രതിരോധിച്ചുകൊണ്ട് സംസാരിച്ചു.

ക്രിക്കറ്റ് പണ്ഡിതന്മാരോട് നിരാശ പ്രകടിപ്പിക്കുകയും ടെലിവിഷന്‍ പരിപാടികളിലും ചര്‍ച്ചകളും തന്നെ വിമര്‍ശിക്കുന്നതിനു പകരം അവരുടെ അഭിപ്രായങ്ങള്‍ നേരിട്ട് പറയണമെന്നുമാണ് ബാബര്‍ പങ്കുവെച്ചത്.

ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് മികച്ച തുടക്കമായിരുന്നു പാകിസ്ഥാന് ലഭിച്ചത്. എന്നാല്‍ പിന്നീട് നടന്ന നാല് മത്സരങ്ങളിലും തുടര്‍ച്ചയായി ടീം പരാജയപ്പെടുകയായിരുന്നു. നിലവില്‍ ഇംഗ്ലണ്ടിനെതിരെ ഒരു വലിയ മാര്‍ജിനിലുള്ള വിജയം സ്വന്തമാക്കിയാല്‍ മാത്രമേ പാകിസ്ഥാന് സെമിയിലേക്ക് മുന്നേറാന്‍ സാധിക്കൂ. ഇത് പാക് ടീമിന് അത്ര എളുപ്പമാവില്ല.

ലോകകപ്പിനു ശേഷം ഡിസംബറില്‍ പാകിസ്ഥാന്‍ ഓസ്‌ട്രേലിയയുമായി ടെസ്റ്റ് മത്സരം കളിക്കും.

Content Highlight: Reports says Babar Asam step down the captaincy after world cup.