Rajasthan Congress | കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുമ്പോഴേക്കും സംസ്ഥാനം വെള്ളത്തിലാകുമോ? | D Nation
ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അശോക് ഗെഹ്‌ലോട്ടിനെ എ.ഐ.സി.സി അധ്യക്ഷനാക്കില്ലെന്ന് റിപ്പോര്‍ട്ട്. മുകുള്‍ വാസ്‌നിക്, ദിഗ്‌വിജയ് സിങ് എന്നിവരാണ് പരിഗണനയിലുള്ളത്. തെരഞ്ഞെടുപ്പ് നടത്തുമെങ്കിലും ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി അശോക് ഗെഹ്‌ലോട്ടിനെ പരിഗണിക്കാന്‍ സാധ്യതയില്ല.

സച്ചിന്‍ പൈലറ്റ്- ഗെഹ്‌ലോട്ട് തര്‍ക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് എ.ഐ.സി.സിയുടെ പുതിയ നീക്കം. പൈലറ്റിനെ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അംഗീകരിക്കില്ലെന്ന് ഗെഹ്‌ലോട്ട് എ.ഐ.സി.സിയെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനം തന്റെ വിശ്വസ്തര്‍ക്ക് മാത്രമേ നല്‍കൂ എന്നാണ് ഗെഹ്‌ലോട്ടിന്റെ നിലപാട്.

സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയായി അംഗീകരിക്കില്ലെന്നാണ് എം.എല്‍.എമാരുടെയും നിലപാട്. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഗെഹ്‌ലോട്ടിന്റെ വിശ്വസ്തരായ 90ലധികം എം.എല്‍.എമാര്‍ രാജി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ കൂട്ടമായി രാജി വെക്കുമെന്നാണ് ഭീഷണി. രാജിക്കത്തുമായി ഗെഹ്‌ലോട്ട് വിഭാഗം എം.എല്‍.എമാര്‍ സ്പീക്കര്‍ സി.പി. ജോഷിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

ഇതോടെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാനാണ് എ.ഐ.സി.സി നീക്കമെന്നാണ് സൂചന.

നേരത്തെ, അധ്യക്ഷ സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും ഒരുപോലെ കൊണ്ടുപോകുമെന്നായിരുന്നു ഗെഹ്‌ലോട്ട് പറഞ്ഞിരുന്നത്. എന്നാല്‍ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നിലപാട് മാറ്റുകയായിരുന്നു.

അധ്യക്ഷ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗെഹ്‌ലോട്ടിനെ രാജി വെപ്പിച്ച് സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനായിരുന്നു ഗാന്ധി കുടുംബത്തിന്റെ നീക്കം. എന്നാല്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ ഇപ്പോള്‍ വേണ്ടെന്നും അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാമെന്നുമാണ് ഗെഹ്‌ലോട്ട് പക്ഷം പറയുന്നത്.

എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയില്ലെങ്കില്‍ ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്ത് തന്നെ തുടരും എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ഗെഹ്‌ലോട്ട് പിന്മാറുമെന്നും വാര്‍ത്ത വന്നിരുന്നു.

എ.ഐ.സി.സി അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന വിഷയത്തില്‍ ഇനി ഹൈക്കമാന്‍ഡ് എന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്നതിനെ ആശ്രയിച്ചായിരിക്കും കാര്യങ്ങള്‍.

ഇന്ന് വൈകുന്നേരം കെ.സി. വേണുഗോപാല്‍, അജയ് മാക്കന്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ നേതാക്കളുമായി സോണിയ ഗാന്ധി ചര്‍ച്ച നടത്തും. രാജസ്ഥാനിലെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് ചര്‍ച്ചയെന്നാണ് സൂചന.

വിഷയത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്ന് അജയ് മാക്കന്‍ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് ശശി തരൂര്‍ എം.പി പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയെ കണ്ടത് ഈ വിഷയത്തിനല്ലെന്നും താന്‍ മത്സരിക്കുന്നതില്‍ ഗാന്ധി കുടുംബത്തിന് പ്രശ്‌നമില്ലെന്നും ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഉണ്ടാകില്ലെന്ന് ഗാന്ധി കുടുംബം വ്യക്തമാക്കിയിട്ടുണ്ടെന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ശശി തരൂര്‍ നേരത്തെ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക വാങ്ങിയിരുന്നു. തരൂരിന്റെ പ്രതിനിധി എത്തിയായിരുന്നു വാങ്ങിയത്. ഈ വരുന്ന 30ന് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തരൂരിന് പുറമെ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള വിനോദ് സാത്തി, ഹിമാചല്‍ പ്രദേശില്‍ നിന്ന് ലക്ഷ്മികാന്ത് ശര്‍മ എന്നിവരും നാമനിര്‍ദേശ പത്രിക ഫോം വാങ്ങിയിട്ടുണ്ട്. വിമത സ്ഥാനാര്‍ഥിയായി ജി-23ല്‍ നിന്ന് മനീഷ് തിവാരിയും മത്സരിക്കുമെന്നാണ് സൂചന.

Content Highlight: Reports says Ashok Gehlot may not be considered for congress presidency, Shashi Tharoor may compete