അറസ്റ്റിലായ ശാസ്ത്രജ്ഞന് പാക് ഏജന്റുമായി 2002 മുതല്‍ ബന്ധം: ഭീകര വിരുദ്ധ സേന
national news
അറസ്റ്റിലായ ശാസ്ത്രജ്ഞന് പാക് ഏജന്റുമായി 2002 മുതല്‍ ബന്ധം: ഭീകര വിരുദ്ധ സേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th May 2023, 1:44 pm

മുംബൈ: പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്റിന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായ ഡി.ആര്‍.ഡി.ഒ( ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗെനൈസേഷന്‍) ശാസ്ത്രജ്ഞന്‍ പ്രദീപ് എം. കുരുല്‍ക്കര്‍ക്ക് ഹണിട്രാപ്പില്‍ കുരുക്കിയ പാക് വനിതയുമായി 2022 മുതല്‍ ബന്ധമെന്ന് ഭീകര വിരുദ്ധ സേന.

സെപ്റ്റംബര്‍ മുതല്‍ പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്റുമായി പ്രദീപ വാട്സ്ആപ് സന്ദേശത്തിലൂടെയും വീഡിയോ കോളിലൂടെയും ആശയവിനിമയം നടത്തിയിരുന്നതായി മഹാരാഷ്ട്ര എ.ടി.എസ് പറഞ്ഞു. യുവതിയുമായി വീഡിയോ കോള്‍ ചെയ്തിരുന്നതായി ചോദ്യം ചെയ്യലില്‍ അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.

പാക് വനിതാ ഏജന്റുമായി ആശയവിനിമയം നടത്താന്‍ ഉപയോഗിച്ച പ്രതിയുടെ രണ്ട് മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായും എ.ടി.എസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പാക്കിസ്ഥാന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് തീവ്രവാദ വിരുദ്ധ സേന പ്രദീപ് എം.കുരുല്‍ക്കറിനെ അറസ്റ്റു ചെയ്തത്.

പാകിസ്ഥാന്‍ ഏജന്റുമായുളള ബന്ധത്തെ കുറിച്ചുളള അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഡി.ആര്‍.ഡി.ഒ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ നീക്കിയിരുന്നു.

ഡി.ആര്‍.ഡി.ഒയുടെ വിശ്രാന്ദ് വാഡിയിലെ പ്രീമിയര്‍ സിസ്റ്റംസ് എഞ്ചിനീയറിങ് വിഭാഗത്തിന്റെ ചുമതലയുള്ള ഡയറക്ടറായിരുന്ന പ്രദീപിനെതിരെ സ്ഥാപനത്തിനകത്ത് നിന്ന് തന്നെയാണ് എ.ടി.എസിന് പരാതി ലഭിച്ചിട്ടുള്ളത്.