| Saturday, 1st June 2024, 11:22 am

മാലാഖയും മിശിഹയും ഒന്നിക്കുന്നു? അർജന്റീനൻ കൂട്ടുകെട്ട് ഇനി ഇന്റർ മയാമിയിലും; റിപ്പോർട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റീനന്‍ സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയില്‍ ചേരാന്‍ താല്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. എ ബോലയുടെ റിപ്പോര്‍ട്ട് പ്രകാരം ഡി മരിയ തന്റെ ആദ്യത്തെ ക്ലബ്ബായ റൊസാരിയോ സെന്‍ട്രലുമായി ആറ് മാസത്തെ കരാര്‍ ഒപ്പുവയ്ക്കുകയും ഈ വര്‍ഷം മുഴുവന്‍ അര്‍ജന്റീനയില്‍ കളിക്കുകയും തന്റെ ജന്മനാട്ടില്‍ ചിലവഴിക്കുകയും ചെയ്തതിനുശേഷം താരം ഇന്റര്‍ മയാമിയില്‍ ചേരുമെന്നാണ് പറയുന്നത്.

നിലവില്‍ പോര്‍ച്ചുഗീസ് ലീഗില്‍ ബെനിഫിക്ക് വേണ്ടിയാണ് ഡി മരിയ പന്ത് തട്ടുന്നത്. ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നും 2023ലാണ് ഡി മരിയ പോര്‍ച്ചുഗീസ് ക്ലബ്ബിനൊപ്പം ചേരുന്നത്.

ഈ സീസണില്‍ 16 ഗോളുകളും 11 അസിസ്റ്റുകളുമാണ് ഡി മരിയ നേടിയിട്ടുള്ളത്. പോര്‍ച്ചുഗല്‍ ക്ലബ്ബിനൊപ്പമുള്ള ഡി മരിയയുടെ കരാര്‍ ഈ വര്‍ഷമാണ് അവസാനിക്കുന്നത്. താരം ഇന്റര്‍ മയാമിലെത്തുകയാണെങ്കില്‍ സൂപ്പര്‍താരം ലയണല്‍ മെസിക്കൊപ്പമുള്ള കൂട്ടുകെട്ട് അര്‍ജന്റീനന്‍ ജേഴ്‌സിക്ക് പുറമേ ക്ലബ്ബ് തലത്തിലും ആരാധകര്‍ക്ക് കാണാന്‍ സാധിക്കും.

അതേസമയം ഈ വര്‍ഷത്തെ കോപ്പ അമേരിക്ക ടൂര്‍ണമെന്റ് അവസാനിച്ചാലുടന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമെന്ന് ഡി മരിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

2008ല്‍ അര്‍ജന്റീനക്ക് വേണ്ടി അരങ്ങേറിയ ഡി മരിയ ലയണല്‍ സ്‌കലോണിയുടെ കീഴില്‍ അര്‍ജന്റീന കോപ്പ അമേരിക്ക, ഫൈനല്‍ സീമ, ലോകകപ്പ് എന്നീ മൂന്ന് കിരീടങ്ങള്‍ നേടിയെടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചിട്ടുള്ളത്.

കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലിനെതിരെ ഫൈനലില്‍ ഗോള്‍ നേടിക്കൊണ്ട് അര്‍ജന്റീനയുടെ കിരീടവരള്‍ച്ച അവസാനിപ്പിക്കാന്‍ ഡി മരിയക്ക് സാധിച്ചിരുന്നു. 2022 ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെയും ഡി മരിയ നിര്‍ണായകമായ ഗോള്‍ നേടിയിരുന്നു.

സ്വന്തം രാജ്യത്തിനായി അവസാന ടൂര്‍ണമെന്റില്‍ ബൂട്ട് കെട്ടാന്‍ ഡി മരിയ ഒരുങ്ങുമ്പോള്‍ മറ്റൊരു കോപ്പ കിരീടം നേടിക്കൊണ്ട് തന്റെ ഫുട്‌ബോള്‍ കരിയര്‍ വിരോചിതമായി അവസാനിപ്പിക്കാന്‍ ആയിരിക്കും ഡി മരിയ ലക്ഷ്യം വെക്കുക.

ജൂൺ 21 മുതല്‍ ജൂലൈ 15 വരെയാണ് കോപ്പ അമേരിക്ക ടൂര്‍ണ്ണമെന്റ് നടക്കുന്നത്. ഗ്രൂപ്പ് എയിലാണ് അര്‍ജന്റീന ഇടം നേടിയിരിക്കുന്നത്. അര്‍ജന്റീനക്കൊപ്പം രണ്ട് തവണ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലിയും കാനഡയും പെറുവുമാണ് ഇടം നേടിയിട്ടുള്ളത്.

Content Highlight: Reports says Angel Di Maria will join Inter Miami

We use cookies to give you the best possible experience. Learn more