| Wednesday, 7th February 2024, 4:26 pm

റൊണാൾഡോയുടെ റയൽ മാഡ്രിഡിലെ സഹതാരത്തെ റാഞ്ചാനൊരുങ്ങി അൽ നസർ

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് ഡിഫന്‍ഡര്‍ റാഫേല്‍ വരാനെയെ സൈന്‍ ചെയ്യാന്‍ അല്‍ നസര്‍ താല്പര്യപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍.

റാഫേല്‍ വരാനെയുടെ സൈനിങ് നടന്നുകഴിഞ്ഞാല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തന്റെ റയല്‍ മാഡ്രിഡിലെ പഴയ സഹതാരവുമായ വരാനെയുമായി വീണ്ടും ഒന്നിക്കാന്‍ സാധിക്കും. സാന്റിയാഗോ ബെര്‍ണബ്യുവില്‍ 231 മത്സരങ്ങളാണ് റൊണാള്‍ഡോയും വരാനെയും ഒരുമിച്ച് കളിച്ചിട്ടുള്ളത്.

വരാനെയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പമുള്ള കരാര്‍ 2025ല്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ ഫ്രഞ്ച് ഡിഫന്‍ഡറെ വില്‍ക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തയ്യാറാണെന്നാണ് ഡെയ്ലി സ്റ്റാറിന്റെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ സീസണില്‍ റെഡ് ഡെവിള്‍സിനായി ഒമ്പത് പ്രീമിയര്‍ ലീഗ് മത്സരങ്ങളിലാണ് താരം കളിച്ചത്.

2021ലാണ് റയല്‍ മാഡ്രിഡില്‍ നിന്നും റാഫേല്‍ വരാനെ ഓള്‍ഡ് ട്രാഫോഡില്‍ എത്തുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുവേണ്ടി 84 മത്സരങ്ങളില്‍ ബൂട്ട്കെട്ടിയ ഫ്രഞ്ച് താരം രണ്ട് ഗോളുകളും ഒരു അസിസ്റ്റുകളുമാണ് നേടിയത്. 2022 സീസണിലെ കാരബാവോ കപ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേടുമ്പോള്‍ ടീമിനൊപ്പം വരാനെ ഉണ്ടായിരുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വെസ്റ്റ് ഫാമിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ മത്സരത്തില്‍ ഫ്രഞ്ച് ഡിഫന്‍ഡര്‍ കളത്തില്‍ ഇറങ്ങിയിരുന്നില്ല.

നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 23 മത്സരങ്ങളില്‍ നിന്നും 12 വിജയവും രണ്ട് സമനിലയും ഒമ്പത് തോല്‍വിയും അടക്കം 38 പോയിന്റോടെ ആറാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

അതേസമയം സൗദി പ്രോ ലീഗില്‍ 19 മത്സരങ്ങളില്‍ നിന്നും 15 വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയും അടക്കം 46 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റൊണാള്‍ഡോയും സംഘവും.

ഫെബ്രുവരി എട്ടിന് സൗഹൃദ മത്സരത്തില്‍ അല്‍ ഹിലാലിനെതിരെയാണ് നസറിന്റെ അടുത്ത മത്സരം.

Content Highlight: Reports says Al Nassr wants to sign Raphael Varane.

Latest Stories

We use cookies to give you the best possible experience. Learn more