മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റ ബ്രസീലിയന്‍ സൂപ്പര്‍താരം ആന്റണിയെ സ്വന്തമാക്കാന്‍ സൗദി വമ്പന്‍മാരായ അല്‍ നസര്‍ രംഗത്ത്. ഫുട്‌ബോള്‍ ഇന്‍സൈഡറിന്റെ റിപ്പോര്‍ട്ട് പ്രകാരം അല്‍ നസര്‍ ആന്റണിയെ സൈന്‍ ചെയ്യാന്‍ ലക്ഷ്യമിടുന്നുവെന്നാണ് പറയുന്നത്.
ബാഴ്‌സലോണയുടെ ബ്രസീലിയന്‍ താരം റാഫിഞ്ഞോയെ സ്വന്തമാക്കാന്‍ അല്‍ നസര്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ആന്റണിയെയാണ് സൗദി വമ്പന്മാര്‍ നോട്ടമിട്ടിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
2022ല്‍ ഡച്ച് ക്ലബ്ബായ അജാക്‌സില്‍ നിന്നുമാണ് ആന്റണി ഓള്‍ഡ് ട്രാഫോഡിലെത്തുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 85 മില്യണ്‍ പൗണ്ടിന്റെ വമ്പന്‍ തുക കൊടുത്തതാണ് ബ്രസീലിയന്‍ താരത്തെ സ്വന്തമാക്കിയിരുന്നത്. എന്നാല്‍ അജാക്‌സില്‍ താരം നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങള്‍ റെഡ് ഡവിള്‍സിന്റെ ജേഴ്‌സിയില്‍ നടത്താന്‍ താരത്തിന് സാധിക്കാതെ പോവുകയായിരുന്നു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 82 മത്സരങ്ങളില്‍ നിന്നും 15 ഗോളുകള്‍ നേടാനേ ആന്റണിക്ക് സാധിച്ചിട്ടുള്ളൂ. തന്റെ അരങ്ങേറ്റ സീസണില്‍ 47 മത്സരങ്ങളില്‍ നിന്നും പത്ത് ഗോളുകളും അഞ്ച് അസിസ്റ്റുകളും ആണ് താരം നേടിയത്. എന്നാല്‍ രണ്ടാം സീസണില്‍ 38 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ ആന്റണിക്ക് വെറും അഞ്ച് തവണ മാത്രമേ ലക്ഷ്യം കാണാന്‍ സാധിച്ചിട്ടുള്ളൂ.
ഈ ട്രാന്‍സ്ഫര്‍ നടക്കുകയാണെങ്കില്‍ സൗദി വമ്പന്മാര്‍ക്കൊപ്പം ഇതിഹാസതാരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സെനഗല്‍ സൂപ്പര്‍താരം സാദിയോ മാനെ തുടങ്ങിയ മികച്ച താരങ്ങള്‍ക്കൊപ്പം മുന്നേറ്റ നിരയില്‍ പന്തുതട്ടിക്കൊണ്ട് തന്റെ നഷ്ടപ്പെട്ട ഫുട്‌ബോളിലെ പ്രതാപം തിരിച്ചെടുക്കാനും ആന്റണിക്ക് സാധിക്കും.
നിലവില്‍ സൗദി സൂപ്പര്‍ കപ്പിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലാണ് അല്‍ നസര്‍. ഓഗസ്റ്റ് 14ന് പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അല്‍ താവൂണിനെയാണ് സൗദി വമ്പന്മാര്‍ നേരിടുക.
പുതിയ സീസണിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സൗദി വമ്പന്മാര്‍ക്ക് സാധിച്ചിരുന്നില്ല. എഫ്.സി പോര്‍ട്ടോക്കെതിരെയുള്ള മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു അല്‍ നസര്‍ പരാജയപ്പെട്ടത്. ഇതിനുമുമ്പ് നടന്നമത്സരങ്ങളില്‍ പോര്‍ട്ടിമോണന്‍സിനെതിരെയും ഗ്രനാഡക്കെതിരെയും ഏകപക്ഷീയമായ ഒരു ഗോളിന് അല്‍ നസര്‍ തോല്‍വി നേരിട്ടിരുന്നു.
അല്‍ നസറിന് കഴിഞ്ഞ സീസണ്‍ അത്ര മികച്ചതായിരുന്നില്ല. ലൂയിസ് കാസ്ട്രോയുടെ കീഴില്‍ സൗദി പ്രോ ലീഗില്‍ കഴിഞ്ഞ സീസണില്‍ ഒരു കിരീടം പോലും നേടിയെടുക്കാന്‍ അല്‍ നസറിന് സാധിച്ചിരുന്നില്ല. 34 മത്സരങ്ങളില്‍ നിന്നും 26 വിജയവും നാല് വീതം തോല്‍വിയും സമനിലയുമായി രണ്ടാം സ്ഥാനത്തായിരുന്നു അല്‍ നസര്‍ ഫിനിഷ് ചെയ്തിരുന്നത്.
അതുകൊണ്ടുതന്നെ പുതിയ സീസണില്‍ മികച്ച താരങ്ങളെ ടീമിലെത്തിച്ചുകൊണ്ട് കഴിഞ്ഞ സീസണില്‍ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കുക എന്ന വലിയ ലക്ഷ്യമായിരിക്കും അല്‍ നസറിന്റെ മുന്നിലുണ്ടാവുക.
Content Highlight: Reports Says Al Nassr Want To Sign Brazilian Player Antony