|

കാരണക്കാര്‍ ഇന്ത്യ, റൊണാള്‍ഡോയുടെ മത്സരം കാണാന്‍ ഒറ്റയാള്‍ക്ക് പോലും സ്‌റ്റേഡിയത്തിലെത്താനാകില്ല; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അരങ്ങേറ്റ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ഇറാനിയന്‍ ക്ലബ്ബായ പെര്‍സപൊലിസിനെതിരെയാണ് റൊണാള്‍ഡോയുടെ അല്‍ നസര്‍ ആദ്യ മത്സരം കളിക്കുക.

പെര്‍സപൊലിസിന്റെ ഹോം സ്‌റ്റേഡിയമായ ആസാദി സ്‌റ്റേഡിയമാണ് പോരാട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത്. 78,000 ആളുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന വളരെ വലിയ സ്റ്റേഡിയമാണ് പെര്‍സപൊലിസിന്റെ ഹോം ഗ്രൗണ്ട്. ക്രിസ്റ്റിയാനോയുടെ മത്സരം നേരിട്ട് കാണാനുള്ള ആവേശത്തിലാണ് ഇറാനിലെ ഫുട്‌ബോള്‍ ആരാധകര്‍.

എന്നാല്‍ ഫുട്‌ബോള്‍ ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. മത്സരം ആളൊഴിഞ്ഞ സ്‌റ്റേഡിയത്തിലായിരിക്കും നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ക്ലബ്ബിന് വണ്‍ മാച്ച് സ്റ്റേഡിയം ബാന്‍ ലഭിച്ചതോടെയാണ് പെര്‍സപൊലിസിന് ആളൊഴിഞ്ഞ സ്റ്റേഡിയത്തില്‍ കളിക്കേണ്ടി വരിക എന്നാണ് സ്‌പോര്‍ട്‌സ്‌ബൈബിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2021-22 സീസണില്‍ ഓള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പരാതിയെ തുടര്‍ന്നാണ് പെര്‍സപൊലിസിന് വണ്‍ മാച്ച് സ്റ്റേഡിയം ബാന്‍ ലഭിച്ചത്. സീസണിലെ വിവാദമായ സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്നാലെയാണ് ഇന്ത്യന്‍ ഫെഡറേഷന്‍ പരാതി നല്‍കിയതും ഏഷ്യന്‍ കോണ്‍ഫെഡറേഷന്‍ നടപടിയെടുത്തതും.

എഫ്.സി ഗോവക്കെതിരായ മത്സരത്തിന് മുമ്പുള്ള മൈന്‍ഡ് ഗെയിംസിന്റെ ഭാഗമായി ഇറാന്റെ ഇന്ത്യന്‍ അധിനിവേശത്തെ കുറിച്ചുള്ള പോസ്റ്റുകള്‍ പെര്‍സപൊലിസ് പങ്കുവെച്ചിരുന്നു. വന്‍ വിവാദത്തിനാണ് ഇത് കാരണമായത്.

ഇതിന് പിന്നാലെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പെര്‍സപൊലിസ് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

എന്നാല്‍ നടപടിയുമായി എ.എഫ്.സി മുമ്പോട്ട് പോവുകയായിരുന്നു. ടീമിന്റെ അടുത്ത എ.എഫ്.സി ഹോം മാച്ച് ആളൊഴിഞ്ഞ സ്റ്റേഡിയത്തില്‍ കളിക്കണമെന്നായിരുന്നു കോണ്‍ഫെഡറേഷന്‍ ശിക്ഷ വിധിച്ചത്.

പെര്‍സപൊലിസിന് കഴിഞ്ഞ സീസണില്‍ എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ ഈ മത്സരത്തിലായിരിക്കും വിലക്ക് നേരിടേണ്ടി വരിക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന് പിന്നാലെ പെര്‍സപൊലിസ് ആരാധകര്‍ എഫ്.സി ഗോവയോടും എ.ഐ.എഫ്.എഫിനോടും മാപ്പുപറഞ്ഞ് രംഗത്തെത്തിയിരുന്നു. പരാതി പിന്‍വലിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എഫ്.സി ഗോവ പങ്കുവെച്ച പോസ്റ്റുകള്‍ക്ക് കമന്റുകളായാണ് ഇവര്‍ മാപ്പുപറയുന്നത്.

എഎഫ്.സി ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഇ-യിലാണ് അല്‍ നസറും പെര്‍സപൊലിസും ഉള്‍പ്പെട്ടിരിക്കുന്നത്. പുറമെ താജിക്കിസ്ഥാന്‍ ടീമായ എഫ്.സി ഇസ്തിക്ലോലും ദോഹ ആസ്ഥാനമായ അല്‍ ദുഹൈല്‍ എസ്.സിയുമാണ് ഗ്രൂപ്പ് ഇ-യിലെ മറ്റ് ടീമുകള്‍.

Content highlight: Reports says Al Nassr vs Persepolis FC match will be played in empty stadium after AIFF’s complaint

Latest Stories