ലിവര്‍പൂളിന്റെ നെതര്‍ലന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ വിര്‍ജില്‍ വാന്‍ ജിക്കിനെ സ്വന്തമാക്കാനൊരുങ്ങി സൗദി പ്രോ ലീഗ് വമ്പന്‍മാരായ അല്‍ നസര്‍. നെതര്‍ലന്‍ഡ്‌സ് ക്യാപ്റ്റനുമായി അല്‍ നസര്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും താരം സൗദിയിലേക്ക് ചുവടുമാറ്റാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ലിവര്‍പൂളിനോട് വിട പറയാനൊരുങ്ങുന്ന വാന്‍ ജിക്കുമായി ആദ്യം ചര്‍ച്ച നടത്തിയത് അല്‍ നസറാണ്. താരം അല്‍ അലാമിക്കൊപ്പം ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌പോര്‍ട്‌സ് കീഡയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അടുത്ത ജൂണോടെ ലിവര്‍പൂളുമായുള്ള വാന്‍ ജിക്കിന്റെ കരാര്‍ അവസാനിക്കുന്നതിനാല്‍ തന്നെ ആന്‍ഫീല്‍ഡ് വിടാനാകും ഡച്ച് ക്യാപ്റ്റന്റെ തീരുമാനം. സമ്മറില്‍ താരം അല്‍ നസറിലേക്ക് കൂടുമാറ്റുകയാണെങ്കില്‍ മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി, അത്‌ലറ്റിക് ക്ലബ്ബ് താരം അയ്‌മെറിക് ലപ്പോര്‍ട്ടെക്കൊപ്പം ഫസ്റ്റ് സ്റ്റാര്‍ട്ടറായും താരം ടീമിന്റെ ഭാഗമാകും.
അതേസമയം, വിര്‍ജില്‍ വാന്‍ ജിക്കിനായി സൗദി പ്രോ ലീഗായ അല്‍ ഇത്തിഹാദും രംഗത്തെത്തിയിട്ടുണ്ട്.
2018ല്‍ സതാംപ്ടണില്‍ നിന്നുമാണ് വാന്‍ ജിക് ലിവര്‍പൂളിലെത്തുന്നത്. 75 മില്യണ്‍ പൗണ്ടിനാണ് ഡച്ച്മാന്‍ റെഡ്‌സിനൊപ്പം പന്തുതട്ടാനെത്തിയത്. അന്ന് മുതല്‍ ലിവര്‍പൂളിനൊപ്പം എട്ട് കിരീടം നേടിയ താരം 23 ഗോളുകളും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.
അതേസമയം, പ്രീമിയര്‍ ലീഗ് സൂപ്പര്‍ ടീമായ നോട്ടിങ്ഹാം ഫോറസ്റ്റ് നോട്ടമിടുന്ന ബ്രസീലിയന്‍ യുവതാരം വെസ്‌ലിയെ സ്വന്തമാക്കാനും അല്‍ നസര്‍ ശ്രമിക്കുന്നുണ്ട്.
ഫുട്ബോള്‍ ജേണലിസ്റ്റായ ബ്രൂണോ അന്‍ഡ്രാഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബ്രസീയിലന്‍ യുവതാരത്തെ ടീമിലെത്തിക്കാന്‍ അല്‍ നസര്‍ താരത്തിന്റെ നിലവിലെ ടീമായ കോറിന്തിയന്‍സുമായി ചര്‍ച്ചകള്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 25 മില്യണ്‍ പൗണ്ടാണ് അല്‍ നസര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.
നോട്ടിങ്ഹാം ഫോറസ്റ്റും സമാന തുക നല്‍കി വെസ്‌ലിയെ ഇംഗ്ലണ്ടിലേക്ക് പറിച്ചുനടാന്‍ ഒരുങ്ങുന്നതായും അന്‍ഡ്രാഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, വെസ്‌ലി അല്‍ നസറിനൊപ്പം ചേരുകയാണെങ്കില്‍ ഇതിനോടകം ശക്തമായ അല്‍ അലാമിയുടെ മുന്നേറ്റ നിര കൂടുതല്‍ ശക്തമാകുമെന്നുറപ്പാണ്. റൊണാള്‍ഡോക്ക് പുറമെ ആഫ്രിക്കന്‍ കരുത്തന്‍ സാദിയോ മാനേ, ടാലിസ്‌ക, ഒട്ടാവിയോ, ആന്‍ഡേഴ്സണ്‍ എന്നിവരും ഇതിനോടകം തന്നെ അല്‍ നസറിന്റെ മുന്നേറ്റ നിരയിലുണ്ട്.
2022 ഏപ്രിലില്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ 79 മത്സരങ്ങളിലാണ് വെസ്ലി കോറിന്തിയന്‍സിനായി ബൂട്ടണിഞ്ഞത്. സീസണില്‍ ഇതുവരെ അഞ്ച് ഗോള്‍ നേടിയ താരം നാല് ഗോളിന് വഴിയൊരുക്കുകയും ചെയ്തിരുന്നു.
Content Highlight: Reports says Al Nassr trying to sign Liverpool star Virgin van Djik