ബ്രസീല്‍ പ്രതിരോധ താരം ലിയോ പെരേര അല്‍ നസറിലേക്ക് ചേക്കാറാനുള്ള സാധ്യത വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ബ്രസീലിയന്‍ ക്ലബ്ബായ ഫ്‌ളമെന്‍ഗോയുടെ താരമായ പെരേര അല്‍ നസറിലേക്ക് കൂടുമാറ്റം നടത്താന്‍ ഒരുങ്ങിക്കഴിഞ്ഞതായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അഹമ്മദ് രാഗേബ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പെരേരക്കായി 12 മില്യണിന്റെ ഓഫര്‍ അല്‍ നസര്‍ ഇതിനോടകം തന്നെ മുമ്പോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍ ഇത് 15 മില്യണ്‍ ഡോളറായി ഉയര്‍ത്തണമെന്നാണ് പെരേരയുടെ നിലവിലെ ക്ലബ്ബായ ഫ്‌ളമെന്‍ഗോയുടെ ആവശ്യം.
മേല്‍പ്പറഞ്ഞ റിപ്പോര്‍ട്ട് പ്രകാരം പെരേര ഈ ഡീല്‍ അംഗീകരിക്കുകയും സൗദി പ്രോ ലീഗില്‍ ചേരാന്‍ താത്പര്യപ്പെടുകയും ചെയ്യുന്നു. ഈ ബിഡ് സ്വീകരിക്കാന്‍ അദ്ദേഹം ബ്രസീലിയന്‍ ക്ലബ്ബിന് മേല്‍ സമ്മര്‍ദം ചെലുത്തുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പെരേരയുടെ പൊസിഷനായ സെന്‍ട്രല്‍ ഡിഫന്‍സില്‍ തന്നെ സ്പാനിഷ് ഡിഫന്‍ഡര്‍ അല്‍വാരോ ഗോമസും കളിക്കുന്നുണ്ട്. താരത്തിന്റെ കരാര്‍ ഇനിയും അവസാനിച്ചിട്ടില്ലെങ്കിലും ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന തീരുമാനത്തിന് പുറത്താണ് അല്‍ അലാമി ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിനെ സമീപിക്കുന്നത്.
അതേസമയം, അറബ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചതിന് പിന്നാലെ പുതിയ ഡിഫന്‍ഡറെ ടീമിലെത്തിക്കാനൊരുങ്ങുന്നതായി അല്‍ നസര്‍ ബോസ് ലൂയീസ് കാസ്‌ട്രോ പറഞ്ഞിരുന്നു.
‘ഒരു പുതിയ ഫോറിന്‍ സെന്റര്‍ ബാക്ക് താരം ടീമിനൊപ്പമുണ്ടാകണമെന്ന് ഞാന്‍ ക്ലബ്ബിനോട് ആവശ്യപ്പെട്ടിരുന്നു. നമ്മള്‍ ഒരുപാട് മത്സരങ്ങള്‍ കളിക്കുന്നതിനാലാണ് ഇത്,’ കാസ്‌ട്രോ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, എതിരില്ലാത്ത ഒരു ഗോളിനാണ് റൊണാള്‍ഡോയും സംഘവും ഇറാഖി ക്ലബ്ബായ അല്‍ ഷോര്‍ട്ടയെ പരാജയപ്പെടുത്തിയത്. പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റൊണാള്‍ഡോയുടെ ഗോളിന്റെ കരുത്തിലാണ് അല്‍ നസര്‍ വിജയിച്ചുകയറിയത്.
മത്സരത്തിന്റെ 75ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി താരം പിഴവേതും കൂടാതെ വലയിലെത്തിക്കുകയായിരുന്നു. ഈ ഗോള്‍ അല്‍ നസറിനെ കൊണ്ടുചെന്നെത്തിച്ചത് ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ അറബ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് കപ്പ് ഫൈനലിലേക്കായിരുന്നു.
ചിര വൈരികളായ അല്‍ ഹിലാലിനെയാണ് അറബ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് കപ്പിന്റെ ഫൈനലില്‍ അല്‍ നസറിന് നേരിടാനുള്ളത്. സൗദി പ്രോ ലീഗിലെ സൂപ്പര്‍ ടീമുകളുടെ എല്‍ ക്ലാസിക്കോ മാച്ചിനാകും ടൂര്‍ണമെന്റിന്റെ ഫൈനല്‍ സാക്ഷ്യം വഹിക്കുക.
ക്വാര്‍ട്ടര്‍ ഫൈനലില്‍ അല്‍ ഇത്തിഹാദിനെയും സെമി ഫൈനലില്‍ അല്‍ ഷബാബിനെയും ഒന്നിനെതിരെ മൂന്ന് എന്ന നിലയില്‍ തോല്‍പിച്ചാണ് അല്‍ ഹിലാല്‍ ഫൈനലിന് യോഗ്യത നേടിയത്.
ഓഗസ്റ്റ് 12നാണ് അറബ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരം. കിങ് ഫഹദ് സ്റ്റേഡിയമാണ് കലാശപ്പോരാട്ടത്തിന് വേദിയാകുന്നത്.
Content highlight: Reports says Al Nassr tries to sign Brazilian defender Leo Pereira