| Monday, 2nd January 2023, 8:31 pm

റൊണാൾഡോക്ക് വേണ്ടി അൽ നസർ പണിതുടങ്ങി; സൂപ്പർ താരത്തെ പുറത്താക്കി റോണോക്ക് ഏഴാം നമ്പർ ജേഴ്സി നൽകി

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ലോകത്ത് കഴിഞ്ഞ ദിവസങ്ങളായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ട്രാന്‍സ്ഫറാണ് ചര്‍ച്ച വിഷയം. സൗദി ക്ലബ്ബായ അല്‍ നസറുമായി റെക്കോഡ് തുകക്കാണ് കരാറിലെത്തിയിരിക്കുന്നത്. 200 മില്യണ്‍ യൂറോയുടെ കരാറിലാണ് താരം ഒപ്പ് വെച്ചിരിക്കുന്നത്.

2025 വരെ താരത്തിന് ക്ലബ്ബുമായി കരാര്‍ ഉണ്ടാകും. ആരാധകരെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ടാണ് താരത്തിന്റെ സൗദിയിലേക്കുള്ള കൂടുമാറ്റം. യൂറോപ്പില്‍ എവിടെയെങ്കിലുമാകും താരം കളിക്കുക എന്നായിരുന്നു ആരാധകര്‍ മുഴുവന്‍ പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ റൊണാള്‍ഡോ ടീമിലെത്തിയതിന് പിന്നാലെ അല്‍ നസറിന് ലഭിക്കുന്ന പിന്തുണ വളരെ വലുതാണ്. റൊണാള്‍ഡോ ടീമിലെത്തുന്നതിന് മുമ്പ് കേവലം എട്ട് ലക്ഷം മാത്രം ഫോളോവേഴ്‌സുണ്ടായിരുന്ന ടീമിന്റെ ഇന്‍സ്റ്റ അക്കൗണ്ടിന് 6.6 മില്യണ്‍ ഫോളോവേഴ്‌സാണ് നിലവിലുള്ളത്.

റൊണാള്‍ഡോക്ക് വേണ്ടി എന്തു ചെയ്യാനും അല്‍ നസര്‍ ഒരുക്കമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റൊണാള്‍ഡോക്ക് വേണ്ടി തങ്ങളുടെ ഒരു സൂപ്പര്‍ താരത്തെ അല്‍ നസര്‍ പുറത്താക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ ടീമിന്റെ ഏഴാം നമ്പര്‍ താരമായിരുന്ന ഉസ്ബക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ ജലാദിയാന്‍ മാഷപ്രോവുമായുള്ള കരാര്‍ അല്‍ നസര്‍ അവസാനിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

റൊണാള്‍ഡോ ടീമിലെത്തിയതിന് പിന്നാലെ ഏഴാം നമ്പര്‍ റൊണോക്ക് വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് നടപടിയെന്നാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ അല്‍ നസര്‍ താരത്തെ പുറത്താക്കിയില്ല, പകരം ജേഴ്‌സി നമ്പര്‍ 77ല്‍ കളിക്കാന്‍ ആവശ്യപ്പെട്ടെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.

പ്രോ ലീഗ് കിരീടം തിരികെ പിടിക്കുക എന്നതിലപ്പുറം മറ്റ് പല ലക്ഷ്യങ്ങളും റൊണാള്‍ഡോയെ സൗദി മണ്ണിലെത്തിച്ചതിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

റൊണാള്‍ഡോയുമായി ഏര്‍പ്പെട്ട കരാറില്‍ ക്ലബ്ബിനുവേണ്ടി താരം പരസ്യങ്ങള്‍ ചെയ്യണമെന്ന നിബന്ധന കൂടിയുണ്ട്. അങ്ങനെയെങ്കില്‍ റൊണാള്‍ഡോയെ ഉപയോഗിച്ച് കോടികള്‍ പരസ്യവരുമാനത്തിലൂടെ സ്വന്തമാക്കാന്‍ അല്‍ നസറിന് സാധിക്കും.

കൂടാതെ ക്ലബ്ബിന്റെ ഓഹരിമൂല്യത്തിലും ബ്രാന്‍ഡ് മൂല്യത്തിലും റൊണാള്‍ഡോയുടെ വരവ് കൂടുതല്‍ വര്‍ധനവുണ്ടാക്കും.

ഇതിനൊപ്പം അല്‍ നാസറിനപ്പുറം സൗദി പ്രോ ലീഗിനും രാജ്യത്തിനും റൊണാള്‍ഡോയുടെ വരവ് നിരവധി നേട്ടങ്ങള്‍ ഉണ്ടാക്കി കൊടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സൗദി പ്രോ ലീഗിന്റെ സംപ്രേഷണം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനും കൂടുതല്‍ മാര്‍ക്കറ്റുകളിലേക്ക് പ്രോ ലീഗിനെ വളര്‍ത്താനും റൊണാള്‍ഡോയുടെ വരവ് സഹായിക്കും.

കൂടാതെ ജേഴ്സിയടക്കമുള്ള മെര്‍ച്ചന്റൈസുകളുടെ വില്‍പനയിലൂടെ വലിയൊരു തുക സൗദിയിലേക്ക് എത്തിക്കാന്‍ റൊണാള്‍ഡോയുടെ വരവ് സഹായിക്കും.

ഇതിനപ്പുറം എണ്ണയുടെ സ്രോതസില്‍ നിന്നുള്ള വരുമാനത്തിന് പുറമേ ടൂറിസം, സ്‌പോര്‍ട്‌സ് എന്നിവയില്‍ നിന്നും കൂടി വരുമാനം കണ്ടെത്താനുള്ള സൗദിയുടെ തീരുമാനത്തിന് കരുത്തേകുന്നതാണ് റൊണാള്‍ഡോയുടെ സൗദിയിലേക്കുള്ള കടന്നുവരവ്.

കൂടാതെ ടിക്കറ്റ് വില്പനയിലൂടെയുള്ള വരുമാനം വര്‍ധിപ്പിക്കാനും റൊണാള്‍ഡോ വരുന്നതോടുകൂടി പ്രോ ലീഗിന് സാധിക്കും.

റൊണാള്‍ഡോയുടെ ഏഷ്യന്‍ അരങ്ങേറ്റം സൗദി ഫുട്‌ബോളിന് വലിയ വാണിജ്യ സാധ്യതകളാണ് തുറന്നു കൊടുക്കുക. 2030ലെ ലോകകപ്പ് ഗ്രീസ്, ഈജിപ്ത് എന്നീ രാജ്യങ്ങളുമായി സംയുക്തമായി നടത്താന്‍ സൗദി അറേബ്യ ശ്രമം നടത്തുന്നുണ്ട്.

കൂടാതെ റൊണാള്‍ഡോയെ രാജ്യത്തിന്റെ അംബാസിഡറായി സൗദി നിയമിച്ചേക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.

ഇത് ഒളിമ്പിക്‌സ് പോലുള്ള വലിയ മത്സരങ്ങള്‍ക്ക് വേദിയാകാനുള്ള സൗദിയുടെ ശ്രമങ്ങള്‍ക്കും കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ സൗദി അറേബ്യയിലേക്ക് കൊണ്ട് വരാനുള്ള തീരുമാനങ്ങള്‍ക്കും കരുത്ത് പകരും എന്നാണ് കണക്കാക്കപ്പെടുന്നത്.

Content Highlight: Reports says Al Nassr ends the contract of a player who refuses to give number 7 shirt to Ronaldo

We use cookies to give you the best possible experience. Learn more