| Monday, 22nd July 2024, 2:12 pm

റൊണാൾഡോക്കും അൽ നസറിനും പുതിയ എതിരാളി; ബ്രസീലിന്റെ രക്ഷകനെ റാഞ്ചാൻ സൗദി സൂപ്പർക്ലബ്ബ്

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സനെ ടീമിലെത്തിക്കാന്‍ സൗദി വമ്പന്‍മാരായ അല്‍ ഇത്തിഹാദ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ ഫാബ്രിസിയോ റൊമാനയുടെ റിപ്പോര്‍ട്ട് പ്രകാരം ബ്രസീലിയന്‍ ഗോള്‍കീപ്പറെ സ്വന്തമാക്കാന്‍ സൗദി വമ്പന്മാര്‍ 50-60 മില്യണ്‍ തുക ഓഫര്‍ ചെയ്തിട്ടുണ്ട് എന്നാണ് പറയുന്നത്.

2017ലാണ് ബെന്‍ഫിക്കയില്‍ നിന്നും മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകത്തിലെത്തുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോൾ വലയ്ക്കു മുന്നില്‍ കഴിഞ്ഞ ഏഴ് സീസണുകളില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ നടത്തിയത്.

332 മത്സരങ്ങളിലാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കായി എഡേഴ്‌സണ്‍ കളത്തില്‍ ഇറങ്ങിയത്. ഇതില്‍ 155 ക്ലീന്‍ ഷീറ്റുകളാണ് താരം സ്വന്തമാക്കിയത്. നീണ്ട ഏഴു വര്‍ഷക്കാലം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫസ്റ്റ് ചോയ്‌സ് ഗോള്‍കീപ്പറായി എഡേഴ്സണ്‍ നിലനിന്നിരുന്നു.

2023-24 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയതിനു പിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ നാല് സീസണുകളില്‍ കിരീടം നേടുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടം കൈപ്പിടിയിലാക്കാനും പെപ്പിനും കൂട്ടര്‍ക്കും സാധിച്ചിരുന്നു. 38 മത്സരങ്ങളില്‍ നിന്നും 28 വിജയവും ഏഴ് സമനിലയും മൂന്നു തോല്‍വിയും അടക്കം 91 പോയിന്റോടെയാണ് സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ നെറുകയില്‍ എത്തിയത്.

നിലവില്‍ എഡേഴ്‌സണ്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം പുതിയ സീസണിലേക്കുള്ള തയ്യാറെടുപ്പിലാണ്. പെപ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ പ്രീ സീസണ്‍ മത്സരത്തിനായി യു. എസ്.എയില്‍ ആണ് ഇപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി ടീം ഉള്ളത്.

അതേസമയം കഴിഞ്ഞ സീസണില്‍ സൗദി പ്രോ ലീഗില്‍ 34 മത്സരങ്ങളില്‍ നിന്നും 16 വിജയവും ആറ് സമനിലയും 12 തോല്‍വിയും അടക്കം 54 പോയിന്റുമായി അഞ്ചാം സ്ഥാനത്തായിരുന്നു അല്‍ ഇത്തിഹാദ് ഫിനിഷ് ചെയ്തിരുന്നത്. ബ്രസീലിയന്‍ ഗോള്‍കീപ്പറുടെ വരവോടുകൂടി ടീമിന്റെ ഗോള്‍മുഖം കൂടുതല്‍ ശക്തമാക്കിക്കൊണ്ട് കഴിഞ്ഞ സീസണില്‍ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാന്‍ ആയിരിക്കും സൗദി ക്ലബ്ബ് ലക്ഷ്യമിടുക.

Content Highlight: Reports says AL Ittihad Want Sign Ederson

We use cookies to give you the best possible experience. Learn more