പി.എസ്.ജിയില്‍ നിന്നും ഏറെ പ്രതീക്ഷകളോടെയാണ് അല്‍ ഹിലാല്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെ ടീമിലെത്തിച്ചത്. എന്നാല്‍ പരിക്കുകള്‍ സന്തത സഹചാരിയായതോടെ സൗദിയില്‍ തിളങ്ങാനോ ആരാധക വൃന്ദത്തെ ഉണ്ടാക്കിയെടുക്കാനോ താരത്തിന് സാധിച്ചിരുന്നില്ല.
ഏറെ നാളത്തെ പരിക്കിന് ശേഷം കളത്തിലിറങ്ങിയ നെയ്മറിനെ വീണ്ടും പരിക്ക് പിടികൂടിയിരിക്കുകയാണ്. അല്‍ ഹിലാലില്‍ താരത്തിന്റെ കരാറും ഏകദേശം അവസാനിക്കാനായിട്ടുണ്ട്. 2025ല്‍ താരത്തിന്റെ കരാര്‍ പുതുക്കേണ്ടതില്ല എന്ന തീരുമാനമാണ് നിലവില്‍ ക്ലബ്ബിനുള്ളത്.
നെയ്മറിന് പകരക്കാരനായി അല്‍ ഹിലാല്‍ പല താരങ്ങളെയും പരിഗണിക്കുന്നുണ്ട്. തങ്ങളുടെ ചിരവൈരികളായ അല്‍ നസറില്‍ നിന്നും ഇതിഹാസ താരം ക്രിസ്റ്റ്യാനോയെ തന്നെ സ്വന്തമാക്കാനാണ് അല്‍ ഹിലാല്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ടീമിന്റെ ആദ്യ ചോയ്‌സ് ക്രിസ്റ്റ്യാനോ ആണെന്നാണ് പ്രമുഖ കായിക മാധ്യമമായ ബോലാവിപ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വരുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ടീം ക്രിസ്റ്റ്യാനോക്ക് മുമ്പില്‍ വളരെ വലിയ ഒരു ഓഫര്‍ വെച്ചേക്കുമെന്നാണ് അല്‍ ഹിലാലുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. അങ്ങനെ സംഭവിച്ചാല്‍ സൗദി പ്രോ ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതും വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നതുമായ ട്രാന്‍സ്ഫറായി അത് മാറും.
അറബ് ക്ലബ്ബ് ചാമ്പ്യന്‍സ് കപ്പൊഴികെ അല്‍ നസറിനൊപ്പം ലീഗ് കിരീടങ്ങളോ മറ്റ് പ്രധാന കിരീടങ്ങളോ താരം നേടിയിട്ടില്ല. താരത്തിന്റെ കിരീടവരള്‍ച്ച അവസാനിപ്പിക്കാന്‍ അല്‍ ഹിലാലിന് സാധിക്കുമെങ്കിലും താരം അല്‍ നസറില്‍ സന്തുഷ്ടനാണ് എന്നത് നീലക്കുപ്പായക്കാര്‍ക്ക് വെല്ലുവിളിയാകും.
നെയ്മറിന് പകരക്കാരനായി വിനീഷ്യസ് ജൂനിയറിനെ അല്‍ ഹിലാല്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കായികമാധ്യമമായ മാര്‍ക്കയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഈ റിപ്പോര്‍ട്ട് അനുസരിച്ച് വിനീഷ്യസ് അല്‍ ഹിലാലിന്റെ സ്വപ്ന സൈനിങ്ങുകളില്‍ ഒന്നാണ്. താരത്തെ ടീമിലെത്തിക്കാന്‍ ടീം ശ്രമം തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.
എന്നിരുന്നാലും വിനീഷ്യസ് സാന്‍ഡിയാഗോ ബെര്‍ണാബ്യൂ വിടാനുള്ള സാധ്യതകള്‍ കുറവാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
നേരത്തെ സൗദി ക്ലബ്ബ് സ്‌പോര്‍ട്‌സ് ചരിത്രത്തിലെ തന്നെ ഏറ്റവുമുയര്‍ന്ന ഡീലായ വണ്‍ ബില്യണ്‍ യൂറോയുടെ ഓഫര്‍ വിനീഷ്യസിന് മുമ്പില്‍ വെച്ചതായും എന്നാല്‍ താരം അത് തള്ളിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Content Highlight: Reports says Al Hilal trying to sign Cristiano Ronaldo an Neymar’s replacement