| Sunday, 13th October 2024, 12:19 pm

നെയ്മറിന് പകരക്കാരനായി റയല്‍ സൂപ്പര്‍ താരത്തെ പൊക്കാന്‍ അല്‍ ഹിലാല്‍; അത് സംഭവിക്കല്ലേ എന്ന പ്രാര്‍ത്ഥനയില്‍ ബ്രസീല്‍ ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബ്രസീല്‍ സൂപ്പര്‍ താരവും റയല്‍ മാഡ്രിഡ് മുന്നേറ്റ നിരയിലെ പ്രധാനിയുമായ വിനീഷ്യസ് ജൂനിയറിനെ അല്‍ ഹിലാല്‍ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. പരിക്കേറ്റ സൂപ്പര്‍ താരം നെയ്മറിന് പകരക്കാരനായാണ് അല്‍ ഹിലാല്‍ വിനീഷ്യസിനെ ലക്ഷ്യമിടുന്നത്.

സൗദി പ്രോ ലീഗില്‍ തങ്ങളുടെ അപ്രമാദിത്യം തുടരുന്ന അല്‍ ഹിലാല്‍ തങ്ങളുടെ ശക്തി ഇരട്ടിയാക്കാന്‍ ശ്രമിക്കുകയാണെന്ന വ്യക്തമായ സൂചനകളാണ് ഈ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്.

മാര്‍ക്കയുടെ റിപ്പോര്‍ട്ട് അനുസരിച്ച് വിനീഷ്യസ് അല്‍ ഹിലാലിന്റെ സ്വപ്‌ന സൈനിങ്ങുകളില്‍ ഒന്നാണ്. താരത്തെ ടീമിലെത്തിക്കാന്‍ ടീം ശ്രമം തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

എന്നിരുന്നാലും വിനീഷ്യസ് സാന്‍ഡിയാഗോ ബെര്‍ണാബ്യൂ വിടാനുള്ള സാധ്യതകള്‍ കുറവാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

നേരത്തെ സൗദി ക്ലബ്ബ് സ്‌പോര്‍ട്‌സ് ചരിത്രത്തിലെ തന്നെ ഏറ്റവുമുയര്‍ന്ന ഡീലായ വണ്‍ ബില്യണ്‍ യൂറോയുടെ ഓഫര്‍ വിനീഷ്യസിന് മുമ്പില്‍ വെച്ചെന്നും എന്നാല്‍ താരം അത് തള്ളിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പരിക്കില്‍ നിന്നും മുക്തനായി അടുത്ത വര്‍ഷം മാത്രമേ നെയ്മര്‍ കളത്തിലേക്ക് തിരിച്ചെത്തുകയുള്ളൂ. 2025ല്‍ താരത്തിന്റെ കരാര്‍ അവസാനിക്കുന്നതിനാല്‍ 2025 സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ അല്‍ ഹിലാല്‍ വിനീഷ്യസിനെ സമീപിച്ചേക്കും. നെയ്മറിന്റെ കരാര്‍ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റായി താരം മാറുകയും ചെയ്‌തേക്കും.

വിനീഷ്യസ് റയല്‍ വിട്ട് സൗദി ക്ലബ്ബില്‍ കളിക്കുന്നതിനെ കുറിച്ച് ആരാധകര്‍ സ്വപ്‌നം പോലും കാണുന്നുണ്ടാകില്ല. യൂറോപ്പില്‍ ഇനിയും പലതും ചെയ്തുകാണിക്കാന്‍ വിനീഷ്യസിന് ബാക്കിയുണ്ട്.

ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്ന താരം തന്റെ പ്രൈമില്‍ യൂറോപ്പ് വിടില്ല എന്ന് തന്നെയാണ് റയല്‍ ആരാധകര്‍ക്കൊപ്പം ബ്രസീല്‍ ആരാധകരും ഉറച്ച് വിശ്വസിക്കുന്നത്.

അതേസമയം, സൗദി പ്രോ ലീഗ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് അല്‍ ഹിലാല്‍. കളിച്ച ആറ് മത്സരത്തില്‍ ആറിലും വിജയിച്ച് 18 പോയിന്റുമായാണ് ടീം ഒന്നാമത് നില്‍ക്കുന്നത്.

സൗദി പ്രോ ലീഗില്‍ ഒക്ടോബര്‍ 18നാണ് അല്‍ ഹിലാലിന്റെ അടുത്ത മത്സരം. കിങ്ഡം അരീനയില്‍ നടക്കുന്ന മത്സരത്തില്‍ അല്‍ ഫെയ്ഹയാണ് എതിരാളികള്‍.

Content Highlight: Reports says Al Hilal is trying to sign Vinicius Jr as the replacement of Neymar

We use cookies to give you the best possible experience. Learn more