സൗദി ക്ലബ്ബ് അല്‍ ഹിലാല്‍ പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് പകരക്കാരായി ടീമിലെത്തിക്കാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍ ക്ലബ്ബുകളിലെ താരങ്ങളെ നോട്ടമിട്ടതായി റിപ്പോര്‍ട്ടുകള്‍.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലണ്ട് താരം ജോദാന്‍ സാഞ്ചോയെയും ടോട്ടന്‍ഹാം ഹോട്‌സ്പര്‍ ബ്രസീലിയന്‍ താരം റിച്ചാര്‍ലിസനെയുമാണ് സൗദി ക്ലബ്ബ് ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നതെന്നാണ് ഫിച്ചാജെസ് ഡോട്ട് നെറ്റ് പറയുന്നത്.
ടോട്ടന്‍ഹാമിനൊപ്പം എട്ട് മാസത്തിലേറെയായി പരിക്കിന്റെ പിടിയിലാണ് റിച്ചാര്‍ലിസണ്‍. അടുത്തിടെയാണ് താരത്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞതെന്നും ഇതേതുടര്‍ന്ന് റിച്ചാര്‍ലിസന്‍ ഒരു മാസത്തേക്ക് കളിക്കളത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് സ്പര്‍സ് പരിശീലകന്‍ ആംഗെ പോസ്റ്റെകോഗ്ലോ അറിയിച്ചിരുന്നു.
എവെര്‍ട്ടണില്‍ നിന്നുമാണ് റിച്ചാര്‍ലിസന്‍ ടോട്ടന്‍ഹാമില്‍ എത്തുന്നത്. 46 മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് ബ്രസീലിയന്‍ താരം നേടിയിട്ടുള്ളത്.
അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ടെന്‍ ഹാഗിന്റെ കീഴില്‍ സാഞ്ചോ മോശം ഫോമിലാണ്. സാഞ്ചോയും പരിശീലകന്‍ ടെന്‍ ഹാഗും തമ്മില്‍ ടീമിനുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നു.
ഇതിനു പിന്നാലെ ഇംഗ്ലണ്ട് താരം റെഡ് ഡെവിള്‍സ് സ്‌ക്വാഡില്‍ നിന്നും പുറത്താവുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ താരം ഈ സമ്മറില്‍ ഓള്‍ഡ് ട്രഫോഡ് വിടാന്‍ സാധ്യതയുണ്ട്. അല്‍ ഹിലാലിന് പുറമെ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസും സാഞ്ചോയുടെ പിന്നാലെയുണ്ട്.
ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഉറുഗ്വായ്‌ക്കെതിയുള്ള മത്സരത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. പരിക്കിനുപിന്നാലെ നെയ്മര്‍ ശസ്ത്രക്രിയക്ക് വിധേയനാവുകയും ഒമ്പത് മാസത്തോളം നെയ്മര്‍ ഫുട്‌ബോളില്‍ നിന്ന് പുറത്താവുകയും ചെയ്തു.
ഈ സീസണ്‍ മുഴുവന്‍ നെയ്മറിന്ന ഷ്ടപ്പെടും എന്ന നിലയില്‍ കാര്യങ്ങള്‍ എത്തിയപ്പോള്‍ അല്‍ ഹിലാല്‍ താരത്തിന്റെ രജിസ്‌ട്രേഷന്‍ ഒഴിവാക്കുകയും പകരക്കാരനെ ടീമില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയുമായിരുന്നു.
ഈ സീസണില്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നുമാണ് നെയ്മര്‍ അല്‍ ഹിലാലില്‍ എത്തുന്നത്. അഞ്ച് മത്സരങ്ങളില്‍ നിന്നും ഒരു ഗോളും രണ്ട് അസിസ്റ്റുമാണ് നെയ്മറിന്റെ അക്കൗണ്ടിലുള്ളത്.
Content Highlight: Reports says Al Hilal is ready to sign big players from Europe to replace Neymar.