ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യയുടെ ടി-20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റുന്നതിനും സൂര്യകുമാര്‍ യാദവിനെ നായകനാക്കുന്നതിനും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ അടക്കമുള്ളവര്‍ സമ്മര്‍ദം ചെലുത്തിയതായി റിപ്പോര്‍ട്ട്.
ഹര്‍ദിക്കിനെ ക്യാപ്റ്റനാക്കുകയാണെങ്കില്‍ താന്‍ സെലക്ഷന്‍ കമ്മിറ്റി സ്ഥാനം രാജിവെക്കുമെന്ന് അഗാര്‍ക്കര്‍ ഭിഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. പ്രമുഖ കായിക മാധ്യമമായ ക്രിക്കറ്റ് അഡിക്ടറാണ്, ക്രിക്‌ബ്ലോഗര്‍ ഡോട്ട് കോം അടക്കമുള്ള വിവധ സോഴ്‌സുകളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അഗാര്‍ക്കറും പരിശീലകന്‍ ഗൗതം ഗംഭീറും സൂര്യകുമാര്‍ യാദവിനെയാണ് ടി-20 ക്യാപ്റ്റന്റെ റോളിലേക്ക് പരിഗണിച്ചതും പിന്തുണച്ചതും.
ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ രോഹിത് ശര്‍മ അന്താരാഷ്ട്ര ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതോടെയാണ് ടി-20 ക്യാപ്റ്റന്‍സി മറ്റൊരാള്‍ക്ക് കൈമാറേണ്ടിവന്നത്.
ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ ഹര്‍ദിക് പാണ്ഡ്യ തന്നെ ക്യാപ്റ്റനാകുമെന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ ആരാധകരെ ഞെട്ടിച്ചാണ് സൂര്യ ക്യാപ്റ്റന്റെ റോളിലെത്തിയത്.
പുതിയ ക്യാപ്റ്റനെ ചൊല്ലിയുള്ള ചര്‍ച്ചകളും ബി.സി.സി.ഐയില്‍ നടന്നിരുന്നു. സെക്രട്ടറി ജയ് ഷാ അടക്കമുള്ളവര്‍ ഈ ചര്‍ച്ചയുടെ ഭാഗമായിരുന്നു. ജയ് ഷാ ഹര്‍ദിക്കിനെയാണ് ക്യാപ്റ്റനായി പരിഗണിച്ചത്.
എന്നാല്‍ സൂര്യകുമാറിനെ ക്യാപ്റ്റനാക്കിയില്ലെങ്കില്‍ താന്‍ സെലക്ഷന്‍ കമ്മിറ്റി സ്ഥാനം രാജി വെക്കുമെന്ന് അഗാര്‍ക്കര്‍ ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ട് പറയുന്നു. പരിശീലകന്‍ ഗംഭീറും അഗാര്‍ക്കറിനെ പിന്തുണച്ചതോടെയാണ് ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി തെറിച്ചത്.
രോഹിത്തിന്റെ പിന്‍ഗാമിയായി ഹര്‍ദിക് തന്നെയെത്തും എന്ന് കരുതിയവരെ ഞെട്ടിച്ചുകൊണ്ടാണ് ഇന്ത്യ ക്യാപ്റ്റന്‍സി സൂര്യയെ ഏല്‍പിച്ചത്. സൂര്യയുടെ ഡെപ്യൂട്ടിയായതാകട്ടെ ശുഭ്മന്‍ ഗില്ലും.
സൂര്യയുടെ നേതൃത്വത്തില്‍ ശ്രീലങ്കക്കെതിരെ നടന്ന പരമ്പരയില്‍ ഹര്‍ദിക്കിനെയും അപെക്‌സ് ബോര്‍ഡ് ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെ ഇന്ത്യയുടെ പെര്‍മെനന്റ് ടി-20 ക്യാപ്റ്റന്‍ ആരെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുകയായിരുന്നു.
Content highlight: Reports says Ajit Agarkar has blackmailed BCCI that he will resign if Hardik Pandya is appointed as India’s T20 captain.