| Tuesday, 17th September 2024, 8:58 am

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം? സാധ്യത ഇവര്‍ക്ക്; കെജ്‌രിവാള്‍ ഇന്ന് രാജി സമര്‍പ്പിച്ചേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജി പ്രഖ്യാപനത്തിന് പിന്നാലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ആം ആദ്മി പാര്‍ട്ടി. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതി ചേര്‍ന്നിരുന്നു. ചൊവ്വാഴ്ച രാവിലെ നിയമസഭാ കക്ഷി യോഗം ചേരുമെന്നും പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ചുള്ള തീരുമാനം പ്രഖ്യാപിക്കുമെന്നാണ് വിവിധ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘മുഖ്യമന്ത്രി പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതി (പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റി) വിളിച്ചുചേര്‍ത്തിരുന്നു. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും എല്ലാ ക്യാബിനെറ്റ് മന്ത്രിമാരും യോഗത്തിന്റെ ഭാഗമായിരുന്നു. പുതിയ മുഖ്യമന്ത്രിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ യോഗത്തില്‍ നടന്നു.

ചൊവ്വാഴ്ച നിയമസഭാ കക്ഷി യോഗം ചേരും. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകും,’ പാര്‍ട്ടി നേതാവും ക്യാബിനെറ്റ് മന്ത്രിയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു.

കെജ്‌രിവാളിന്റെ വസതിയില്‍ നടന്ന യോഗത്തില്‍ ഓരോ മുതിര്‍ന്ന നേതാക്കളുമായും അദ്ദേഹം വ്യക്തിപരമായി കൂടിക്കാഴ്ച നടത്തുകയും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അവരുടെ നിര്‍ദേശങ്ങള്‍ ചോദിച്ചുമനസിലാക്കിയതായും ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.

പുതിയ മുഖ്യമന്ത്രി ആരായിരിക്കും എന്നതില്‍ ഇപ്പോഴും സസ്‌പെന്‍സ് തുടരുകയാണ്. കെജ്‌രിവാളിന്റെ പങ്കാളി സുനിത, മന്ത്രിമായ അതിഷി, ഗോപാല്‍ റായ്, കൈലാഷ് ഗെഹ്‌ലോട്ട് എന്നിവരുടെ പേരുകള്‍ക്കാണ് ഏറ്റവുമധികം സാധ്യത കല്‍പിക്കുന്നത്.

അതേസമയം, വൈകീട്ട് 4.30 ഓടെ കെജ്‌രിവാള്‍ ലഫ്റ്റനന്റ് ജനറല്‍ വി.കെ. സക്‌സേനയെ കാണും. ഈ കൂടിക്കാഴ്ചയില്‍ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള രാജി സമര്‍പ്പിച്ചേക്കും.

ദല്‍ഹി മദ്യനയക്കേസില്‍ കോടതി ഉപാധികളോടെ ജാമ്യം നല്‍കിയതിന് പിന്നാലെയാണ് അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജി വെക്കുന്നതായി അറിയിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ സ്ഥാനമൊഴിയുമെന്നാണ് അദ്ദേഹം ഞായറാഴ്ച പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ പറഞ്ഞത്.

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം തന്നെ ദല്‍ഹിയിലും തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇനി ജനങ്ങള്‍ തെരഞ്ഞെടുത്തിട്ടല്ലാതെ താന്‍ മുഖ്യമന്ത്രിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കെജ്‌രിവാളിന്റെ രാജിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്ത് വന്നിരുന്നു.

കെജ്‌രിവാളിന്റെ രാജി രാഷ്ട്രീയ ഗിമ്മിക്കാണെന്നായിരുന്നു ദല്‍ഹിയിലെ കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ സന്ദീപ് ദീക്ഷിത് പറഞ്ഞത്. കെജ്‌രിവാള്‍ വീണ്ടും മുഖ്യമന്ത്രിയാകില്ലെന്നും അദ്ദേഹം നേരത്തെ തന്നെ രാജിവെക്കേണ്ടതായിരുന്നു എന്നും സന്ദീപ് ദീക്ഷിത് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് സംസാരിക്കവെയാണ് ദീക്ഷിത് ആം ആദ്മി നേതാവിനെതിരെ വിമര്‍ശനമുന്നയിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവേശിക്കരുതെന്ന് ജാമ്യവ്യവസ്ഥയില്‍ സുപ്രീം കോടതി നിഷ്‌കര്‍ഷിച്ചതിനാലാണ് അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നതെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. വേറെയും മുഖ്യമന്ത്രിമാര്‍ ജയിലില്‍ നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ടുണ്ടെന്നും എന്നാല്‍ അവര്‍ക്കൊന്നും ഇത്തരം നിബന്ധനകളില്ലെന്നും ഹേമന്ദ് സോറനെ ഉദാഹരിച്ച് കൊണ്ട് സന്ദീപ് ദീക്ഷിത് പറഞ്ഞു.

കെജ്‌രിവാള്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാലാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് കോടതി വിലക്കിയതെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു. അരവിന്ദ് കെജ്‌രിവാളിനെ കുറ്റവാളിയായിട്ടാണ് സുപ്രീം കോടതി പോലും കാണുന്നതെന്നും ധാര്‍മികതയും അദ്ദേഹവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും സന്ദീപ് ദീക്ഷിത് പറഞ്ഞു.

രാജി പ്രഖ്യാപനം അരവിന്ദ് കെജ്രിവാളിന്റെ പി.ആര്‍. സ്റ്റണ്ട് മാത്രമാണെന്നായിരുന്നു ബി.ജെ.പിയുടെ വിമര്‍ശനം. ദല്‍ഹിയിലെ ജനങ്ങള്‍ക്കിടയില്‍ തന്റെ പ്രതിച്ഛായ ഒരു സത്യസന്ധന്റേതല്ലെന്ന് അദ്ദേഹത്തിന് മനസിലായിട്ടുണ്ടെന്നും അതിനാലാണ് രാജി പ്രഖ്യാപിച്ചതെന്നുമാണ് ബി.ജെ.പി ദേശീയ വക്താപ് പ്രദീപ് ഭണ്ഡാരി പറഞ്ഞത്.

Content Highlight: Reports says Aam Aadmi Party may name new Delhi CM today

Latest Stories

We use cookies to give you the best possible experience. Learn more