Sports News
ഹര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കാന്‍ രാജസ്ഥാന്‍ റോയല്‍സ്!? താരലേലത്തില്‍ അത്ഭുതങ്ങള്‍ നടക്കുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
2024 Aug 05, 07:14 am
Monday, 5th August 2024, 12:44 pm

 

 

ഐ.പി.എല്‍ 2025ന് മുന്നോടിയായി നടക്കുന്ന മെഗാ താരലേലമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ടീമുകള്‍ക്ക് എത്ര താരങ്ങളെ വരെ നിലനിര്‍ത്താന്‍ സാധിക്കും എന്ന കാര്യത്തില്‍ ഇനിയും തീരുമാനമാകാത്ത സാഹചര്യത്തില്‍ ടീമുകള്‍ക്ക് ആരെയെല്ലാം സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്താന്‍ സാധ്യതയുള്ള താരങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളാണ് ആരാധകര്‍ക്കിടയില്‍ സജീവമാകുന്നത്. ഐ.പി.എല്‍ 2024ന് മുമ്പ് ഹര്‍ദിക് പാണ്ഡ്യയെ ടീമിലെത്തിച്ച തീരുമാനം ടീമിന് ഗുണത്തേക്കാളേറെ ദോഷമായിരുന്നു ചെയ്തത്. ആരാധകര്‍ പോലും ടീമിനെതിരെ തിരഞ്ഞു.

ഇതിന് പിന്നാലെ അടുത്ത സീസണിന് മുമ്പ് രോഹിത് ശര്‍മയും ജസ്പ്രീത് ബുംറയും ടീം വിട്ടേക്കാമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ നാല് താരങ്ങളെ നിലനിര്‍ത്താന്‍ മുംബൈ ഇന്ത്യന്‍സിന് സാധിക്കും. ഇന്ത്യയുടെ ടി-20 ക്യാപ്റ്റന്‍സിയേറ്റെടുത്ത സൂര്യകുമാറിനെ ടീം ഉറപ്പായും നിലനിര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ രോഹിത്തും ബുംറയും വാംഖഡെയില്‍ തന്നെ തുടര്‍ന്നേക്കും.

ഒരുപക്ഷേ മുംബൈ ഇന്ത്യന്‍സ് ഹര്‍ദിക് പാണ്ഡ്യയെ നിലനിര്‍ത്തേണ്ട എന്ന തീരുമാനമെടുക്കുകയാണെങ്കില്‍ മൂന്ന് ടീമുകള്‍ താരത്തെ സ്വന്തമാക്കാന്‍ മത്സരരംഗത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്‌സ് എന്നിവരാണ് ഹര്‍ദിക്കിനെ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. എ.ബി.പി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

താരലേലത്തില്‍ കെ.എല്‍. രാഹുലും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും വേര്‍പിരിഞ്ഞാല്‍ ടീമിന് ക്യാപ്റ്റനെയും സ്റ്റാര്‍ ബാറ്ററെയുമാണ് നഷ്ടമാവുക. ഈ സാഹചര്യം ഉടലെടുക്കുകയാണെങ്കില്‍ ലഖ്‌നൗ മറ്റൊന്നാലോചിക്കാതെ ഹര്‍ദിക്കിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയേക്കും.

 

സഞ്ജു സാംസണെ രാജസ്ഥാന്‍ റോയല്‍സ് ഒരിക്കലും വിട്ടുകളിയില്ലെന്നും ക്യാപ്റ്റനായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ തന്നെ തുടരുമെന്നും അവകാശപ്പെടുന്ന റിപ്പോര്‍ട്ട്, ഓള്‍ റൗണ്ടറായ പാണ്ഡ്യയുടെ ഇന്‍ക്ലൂഷന്‍ ടീമിന് ഏറെ ഗുണം ചെയ്യുമെന്നും പറയുന്നു. ബെന്‍ സ്റ്റോക്‌സ് ടീം വിട്ടതിന് പിന്നാലെ രാജസ്ഥാന്‍ ജേസണ്‍ ഹോള്‍ഡര്‍ അടക്കമുള്ള പല ഓള്‍ റൗണ്ടര്‍മാരെയും പരീക്ഷിച്ചെങ്കിലും അതൊന്നും ഫലവത്തായിരുന്നില്ല. ഈ വിടവ് പാണ്ഡ്യയിലൂടെ നികത്താമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

സഞ്ജുവിന് കീഴില്‍ ടീം മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും കിരീടം നേടാന്‍ സാധിക്കാതെ പോകുന്നത് വലിയൊരു തിരിച്ചടിയാണ്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ മുന്നേറുകയും ശേഷം കാലിടറി വീഴുന്നതുമാണ് രാജസ്ഥാന്റെ ശൈലി. എന്നാല്‍ പാണ്ഡ്യയുടെ വരവോടെ ഇതിന് മാറ്റമുണ്ടായേക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

 

പഞ്ചാബ് കിങ്‌സാണ് പാണ്ഡ്യ മുംബൈ വിടുകയാണെങ്കില്‍ താരത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന മൂന്നാമത് ടീം എന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. സാം കറനെ റിലീസ് ചെയ്യുകയാണെങ്കില്‍ പഞ്ചാബിന് ഒരു സ്റ്റാര്‍ ഓള്‍ റൗണ്ടറെയും ഒപ്പം ധവാനൊപ്പം ക്യാപ്റ്റന്‍സി മെറ്റീരിയലായ മറ്റൊരു താരത്തെയും ആവശ്യമായി വന്നേക്കും. ഇക്കാരണത്താല്‍ തന്നെ പാണ്ഡ്യ മുംബൈയുമായി വേര്‍പിരിയുകയാണെങ്കില്‍ പഞ്ചാബ് താരത്തിനായി ശ്രമിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

 

Content Highlight: Reports says 3 teams including Rajasthan Royals will target Hardik Pandya in IPL 2025 Mega Auction if Mumbai Indians didn’t retain him