ലിവര്‍പൂളിനോട് വാങ്ങിയ സെവന്‍ അപ്; ഒന്നല്ല രണ്ടല്ല, 13 യുണൈറ്റഡ് താരങ്ങള്‍ പുറത്തേക്ക്; റിപ്പോര്‍ട്ട്
Sports News
ലിവര്‍പൂളിനോട് വാങ്ങിയ സെവന്‍ അപ്; ഒന്നല്ല രണ്ടല്ല, 13 യുണൈറ്റഡ് താരങ്ങള്‍ പുറത്തേക്ക്; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 6th March 2023, 9:35 pm

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സീസണിലെ ഏറ്റവും മോശം ദിവസങ്ങളിലൊന്നായിരുന്നു മാര്‍ച്ച് അഞ്ച് ഞായറാഴ്ചത്തേത്. യര്‍ഗന്‍ ക്ലോപ്പിന്റെ ലിവര്‍പൂളിനോട് അവരുടെ ഹോം സ്‌റ്റേഡിയത്തില്‍ വെച്ച് എതിരില്ലാത്ത ഏഴ് ഗോളിനായിരുന്നു റെഡ് ഡെവിള്‍സിന്റെ പരാജയം.

കോഡി ഗാഗ്‌പോയും ഡാര്‍വിന്‍ നൂനിയാസും മുഹമ്മദ് സലയും അടക്കമുള്ള താരങ്ങള്‍ ഗോളടിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വല നിറച്ചപ്പോള്‍ തലകുനിച്ചിരിക്കാന്‍ മാത്രമായിരുന്നു എറിക് ടെന്‍ ഹാഗിന് സാധിച്ചത്.

ലിവര്‍പൂളിനോടേറ്റ നാണംകെട്ട തോല്‍വിക്ക് പിന്നാലെ അടുത്ത ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ യുണൈറ്റഡിന്റെ 13ഓളം താരങ്ങള്‍ ടീം വിടുമെന്നാണ് ഫുട്‌ബോള്‍ ട്രാന്‍സ്ഫറുകളെ അടിസ്ഥാനമാക്കി സ്‌പോര്‍ട്‌സ്‌കീഡ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുന്‍ നായകന്‍ ഹാരി മഗ്വയര്‍, ഫ്രെഡ്, ആന്തണി അടക്കമുള്ള 13 താരങ്ങളാണ് അടുത്ത സമ്മറില്‍ ടീം വിടുമെന്ന് റിപ്പോര്‍ട്ടിലുള്ളത്. ആരോണ്‍ വാന്‍-ബിസാക്ക, ആന്റണി എലാങ്ക, ബ്രാന്‍ഡന്‍ വില്യംസ് തുടങ്ങിയ താരങ്ങളുടെ പേരുകളും റിപ്പോര്‍ട്ടിലുണ്ട്.

ടെന്‍ ഹാഗ് ടീമിലെത്തിയതിന് ശേഷമുള്ള റെഡ് ഡെവിള്‍സിന്റെ ഏറ്റവും മോശം പ്രകടനമായിരുന്നു ആന്‍ഫീല്‍ഡില്‍ കഴിഞ്ഞ ദിവസം കണ്ടത്. ടീമിന്റെ പ്രകടനത്തില്‍ അതൃപ്തിയറിയിച്ച് കോച്ച് തന്നെ രംഗത്തെത്തിയിരുന്നു. ഒരു ടീം എന്നതിലുപരി 11 വ്യക്തികളെയാണ് ഗ്രൗണ്ടില്‍ കണ്ടതെന്നായിരുന്നു ടെന്‍ ഹാഗ് പറഞ്ഞത്.

‘എനിക്ക് ഇക്കാര്യത്തില്‍ ഒരു വിശദീകരണവും നല്‍കാനില്ല. ആദ്യപകുതിയില്‍ മാന്യമായിട്ടാണ് നമ്മള്‍ മുന്നോട്ട് പോയത്. എന്നാല്‍ രണ്ടാം പകുതിയില്‍ അത് കാണാന്‍ സാധിച്ചില്ല. ഞങ്ങളുടെ പ്ലാന്‍ പോലെയായിരുന്നില്ല കാര്യങ്ങള്‍. ഗ്രൗണ്ടില്‍ ഒരു ടീമിന് പകരം 11 വ്യക്തികളെയാണ് കാണാന്‍ സാധിച്ചത്,’ ടെന്‍ ഹാഗ് പറഞ്ഞു.

മത്സരത്തിന്റെ 43ാം മിനിട്ടിലാണ് ലിവര്‍പൂള്‍ കോഡി ഗാഗ്‌പോയിലൂടെ മുമ്പിലെത്തിയത്. 47ാം മിനിട്ടില്‍ ഡാര്‍വിന്‍ നൂനിയാസിലൂടെ ലിവര്‍പൂള്‍ ലീഡ് കണ്‍സോളിഡേറ്റ് ചെയ്തു.

 

കൃത്യമായി ഇടവേളകളില്‍ നൂനിയാസും ഗാഗ്‌പോയും സലയും ഗോളടിച്ച് ഡബിള്‍ തികച്ചതോടെ ആന്‍ഫീല്‍ഡ് മാഞ്ചസ്റ്ററിന്റെ ശവപ്പറമ്പായി. മത്സരത്തിന്റെ 88ാം മിനിട്ടില്‍ ഫെര്‍മീന്യോ ഏഴാമത്തെ ഗോളുമടിച്ച് റെഡ് ഡെവിള്‍സിന് ചരമഗീതം പാടി.

എന്നാല്‍ ഈ മത്സരത്തിന്റെ നിരാശ മറന്നുവേണം മാഞ്ചസ്റ്ററിന് അടുത്ത മത്സരത്തിനിറങ്ങാന്‍. യൂറോപ്പാ ലീഗിന്റെ റൗണ്ട് ഓഫ് സിക്‌സ്റ്റീന്‍ മത്സരത്തില്‍ റയല്‍ ബെറ്റിസിനെയാണ് സ്വന്തം തട്ടകത്തില്‍ മാഞ്ചസ്റ്ററിന് നേരിടാനുള്ളത്.

Content highlight: Reports says 13 Manchester United star will leave team in next summer