മുഹമ്മദ് ഷമി ലോകകപ്പ് കളിച്ചത് ഗുരുതര പരിക്കുമായി, ഓരോ മത്സരത്തിന് ശേഷവും കുത്തിവെപ്പുകള്‍; റിപ്പോര്‍ട്ട്
Sports News
മുഹമ്മദ് ഷമി ലോകകപ്പ് കളിച്ചത് ഗുരുതര പരിക്കുമായി, ഓരോ മത്സരത്തിന് ശേഷവും കുത്തിവെപ്പുകള്‍; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 30th December 2023, 12:36 pm

 

ഇന്ത്യന്‍ സൂപ്പര്‍ താരം മുഹമ്മദ് ഷമി ലോകകപ്പ് കളിച്ചത് ഗുരുതര പരിക്കുകളോടെയെന്ന് റിപ്പോര്‍ട്ട്. കണങ്കാലിനേറ്റ പരിക്കുമായാണ് താരം മത്സരത്തിനിറങ്ങിയതെന്നും ടൂര്‍ണമെന്റിനിടെ താരം വേദനയില്‍ നിന്നും മുക്തി നേടാന്‍ നിരന്തരമായി കുത്തിവെപ്പുകള്‍ സ്വീകരിച്ചിരുന്നുവെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

ടീമിലെ ഒരു ബംഗാളി താരത്തെ ഉദ്ധരിച്ച് ന്യൂസ് 18 ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആരാണ് ആ താരമെന്ന് വെളിപ്പെടുത്തിയിട്ടില്ല.

‘ഷമിയുടെ ഇടത് കണങ്കാലിന് സാരമായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ലോകകപ്പിനിടയില്‍ അദ്ദേഹം സ്ഥിരമായി കുത്തിവയ്പ്പ് എടുത്തതും ടൂര്‍ണമെന്റ് മുഴുവന്‍ വേദനയോടെ കളിച്ചതും പലര്‍ക്കും അറിയില്ല.

പ്രായമാകുമ്പോള്‍ വലിയ പരിക്കില്‍ നിന്നും മുക്തി നേടാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് നിങ്ങള്‍ മനസ്സിലാക്കണം,’ താരം പറഞ്ഞു.

2015 ലോകകപ്പിലും മുഹമ്മദ് ഷമി പരിക്കിന്റെ പിടിയിലിരിക്കവെ കളത്തിലിറങ്ങിയിരുന്നു. അന്ന് കാല്‍മുട്ടിനേറ്റ പരിക്കുമായാണ് ഷമി ഇന്ത്യക്ക് വേണ്ടി പന്തെറിഞ്ഞത്.

ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായി കളത്തിലിറങ്ങിയ ഇന്ത്യയെ സെമി ഫൈനല്‍ വരെയെത്തിക്കാന്‍ ഷമി വഹിച്ചത് നിര്‍ണായക പങ്കായിരുന്നു.

എന്നാല്‍ ആ തീരുമാനത്തിന് അദ്ദേഹത്തിന് വലിയ വില നല്‍കേണ്ടകതായും വന്നിരുന്നു. ആ പരിക്ക് പൂര്‍ണമായും ഭേദമാകാന്‍ രണ്ട് വര്‍ഷത്തോളമാണ് സമയമെടുത്തത്.

 

ഈ ലോകകപ്പില്‍ ഇന്ത്യ ഫൈനല്‍ വരെയെത്തിയതില്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നതും ഷമിയോട് തന്നെയാണ്. ടീമില്‍ ഇടം കണ്ടെത്താന്‍ ഹര്‍ദിക് പാണ്ഡ്യക്ക് പരിക്കേല്‍ക്കുന്നത് വരെ കാത്തിരിക്കേണ്ടി വന്നെങ്കിലും ലഭിച്ച അവസരം കൃത്യമായി ഉപയോഗിച്ചതോടെ അദ്ദേഹം ഇലവനിലെ സ്ഥിരം സാന്നിധ്യമായി.

ലോകകപ്പില്‍ കളിച്ചത് വെറും ഏഴ് മത്സരമാണെങ്കിലും 24 വിക്കറ്റുകള്‍ പിഴുതെടുത്ത് ലീഡിങ് വിക്കറ്റ് ടേക്കറാകാനും ലോകകപ്പില്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച വിക്കറ്റ് വേട്ടക്കാരനാകാനും ഷമിക്ക് സാധിച്ചിരുന്നു.

ഇതിന് പുറമെ ലോകകപ്പില്‍ ഇന്ത്യക്കായി 50 വിക്കറ്റ് നേടുന്ന ആദ്യ താരം, ഏക താരം എന്ന സിംഹാസനത്തിലേക്ക് ഷമി നടന്നുകയറിയതും ഇതേ ലോകകപ്പില്‍ തന്നെയായിരുന്നു.

 

 

Content highlight: Reports say that Mohammad Shami played the 2023 World Cup with an injury