| Sunday, 25th August 2024, 4:49 pm

ഗസയില്‍ അവശേഷിക്കുന്നത് 9.5 ശതമാനം സുരക്ഷിത മേഖല; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഗസയില്‍ അവശേഷിക്കുന്നത് 9.5 ശതമാനം സുരക്ഷിത ഇടങ്ങളെന്ന് റിപ്പോര്‍ട്ട്. ഗസയിലെ ഫലസ്തീനിയന്‍ സിവില്‍ ഡിഫെന്‍സ് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം പറയുന്നത്. 2023 ഒക്ടോബര്‍ ഒമ്പതിന് ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷം ആരംഭിച്ചതുമുതല്‍ ലക്ഷക്കണക്കിന് ഫലസ്തീനികള്‍ വടക്കന്‍ ഗസയില്‍ നിന്ന് തെക്കന്‍ ഗസയിലേക്ക് മാനുഷിക മേഖലകള്‍ തേടി പലായനം ചെയ്തിട്ടുണ്ട്.

ലോകരാഷ്ട്രങ്ങളുടെയും അന്താരാഷ്ട്ര കോടതിയുടെയും ഐക്യരാഷ്ട്ര സംഘടനയുടെയും മുന്നറിയിപ്പ് ഉണ്ടായിട്ടും ഇസ്രഈല്‍ ഗസയിലെ സൈനിക നടപടി തുടരുകയാണ്. ഈ സാഹചര്യം മാനുഷിക മേഖലകളുടെ വ്യാപ്തിയിൽ ഗണ്യമായ കുറവുണ്ടാക്കുകയാണ്.

സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ്, ഗസയുടെ മൊത്തം വിസ്തൃതിയുടെ 63 ശതമാനവും മാനുഷിക മേഖലകളായിരുന്നു. 230 ചതുരശ്ര കിലോമീറ്ററിലും 120 ചതുരശ്ര കിലോമീറ്ററിലുമായി വ്യാപിച്ചുകിടക്കുന്ന കാര്‍ഷിക ഭൂമിയും വാണിജ്യ, സാമ്പത്തിക, സേവന സൗകര്യങ്ങളും ഉള്‍പ്പെടെയാണ് ഈ പ്രദേശം ഉള്‍ക്കൊണ്ടിരുന്നത്.

ഇസ്രഈലി സൈന്യം ഖാന്‍ യൂനുസില്‍ നടത്തിയ അധിനിവേശത്തെ തുടര്‍ന്ന് പ്രദേശത്തെ മാനുഷിക മേഖല 140 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു. ഇത് ഗസയുടെ മൊത്തം വിസ്തൃതിയുടെ 38.3 ശതമാനമാണ്. കാര്‍ഷിക-വാണിജ്യ മേഖലകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 2023 ഡിസംബറിലാണ് ഖാന്‍ യൂനുസിലേക്ക് ഇസ്രഈല്‍ നുഴഞ്ഞുകയറ്റം ആരംഭിച്ചത്.

സുരക്ഷിതമായ ഇടമെന്ന് ഇസ്രഈലി ഭരണകൂടം പ്രഖ്യാപിച്ച ഗാസയിലെ അതിര്‍ത്തി നഗരമായിരുന്നു റഫ. എന്നാല്‍ റഫയില്‍ നടത്തിയ നുഴഞ്ഞുകയറ്റത്തില്‍ ഗസയുടെ മൊത്തം വിസ്തൃതിയുടെ 20 ശതമാനം മാനുഷിക മേഖലയാണ് വാസയോഗ്യമല്ലാതായത്. റഫയിലെ 79 ചതുരശ്ര കിലോമീറ്റര്‍ വരുന്ന മാനുഷിക മേഖലയാണ് 2024 മെയില്‍ ഇസ്രഈല്‍ ആരംഭിച്ച അധിനിവേശത്തില്‍ ഇല്ലാതായത്.

ജൂണ്‍ പകുതിയോടെ സുരക്ഷിതമായ മേഖലയുടെ വ്യാപ്തി 60 ചതുരശ്ര കിലോമീറ്ററായി (23 ചതുരശ്ര മൈല്‍) ചുരുങ്ങി. ഇത് ഗസയുടെ മൊത്തം വിസ്തൃതിയുടെ 16.4 ശതമാനം മാത്രമാണ്. ജൂലൈ പകുതിയോടെ ഇത് 48 ചതുരശ്ര കിലോമീറ്ററായി (18.5 ചതുരശ്ര മൈല്‍) കുറയുകയും ചെയ്തു. ഇത് ഗസയിലെ സുരക്ഷിത മേഖലയുടെ മൊത്തം വിസ്തൃതിയെ 13.15 ശതമാനത്തിലേക്ക് കുറച്ചു.

ഓഗസ്റ്റ് പകുതിയോടെ ഗസയിലെ മാനുഷിക മേഖല വെറും 35 ചതുരശ്ര കിലോമീറ്ററായി (13.5 ചതുരശ്ര മൈല്‍) ചുരുങ്ങി. അതായത് ഗസയുടെ മൊത്തം വിസ്തൃതിയുടെ 9.5 ശതമാനത്തിലേക്കാണ് സുരക്ഷിത മേഖല ചുരുങ്ങിയത്.

ഗസയിലെ സുരക്ഷിതമായ പ്രദേശങ്ങളില്‍ ഗണ്യമായുണ്ടാകുന്ന കുറവ്, ഫലസ്തീന്‍ ജനതയുടെ നിലനില്‍പ്പിനെ സാരമായി ബാധിക്കും. നിലവില്‍ ഇസ്രഈലില്‍ ഗസയില്‍ നിന്ന് സംഘര്‍ഷത്തിന്റെ വ്യാപ്തി അതിര്‍ത്തി രാജ്യങ്ങളിലേക്ക് കൂടി നീട്ടുകയാണ്. ഇത് ഫലസ്തീന്‍ ജനതക്കും പശ്ചിമേഷ്യയിലെ സമാധാനത്തിനും വെല്ലുവിളി ഉയര്‍ത്തുകയാണ്.

നിലവിലെ കണക്കുകള്‍ പ്രകാരം, ഒക്ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ച ഇസ്രഈല്‍ ആക്രമണങ്ങളില്‍ 40,334 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 93,356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: Reports say only 9.5 percent of Gaza remains safe

We use cookies to give you the best possible experience. Learn more