'നീ ഒന്ന് പോയി താ, ഞങ്ങള്‍ ദേ ഈ കിടിലന്‍ പയ്യനെ ഇറക്കും'; റൊണാള്‍ഡോക്ക് പകരക്കാരനായി അപ്രതീക്ഷിത താരം; റിപ്പോര്‍ട്ട്
Sports
'നീ ഒന്ന് പോയി താ, ഞങ്ങള്‍ ദേ ഈ കിടിലന്‍ പയ്യനെ ഇറക്കും'; റൊണാള്‍ഡോക്ക് പകരക്കാരനായി അപ്രതീക്ഷിത താരം; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 19th November 2022, 1:51 pm

വിവാദമായ തുറന്നുപറച്ചിലുകള്‍ക്ക് പിന്നാലെ യുണൈറ്റഡില്‍ നിന്നും ഏകദേശം പടിക്ക് പുറത്താണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ‘പിയേഴ്‌സ് മോര്‍ഗന്‍ അണ്‍സെന്‍സേര്‍ഡ്’ എന്ന ടോക്ക് ഷോയില്‍ വെച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തന്നെ ചതിച്ചെന്നടക്കമുള്ള ഗുരുതരമായ വിമര്‍ശനങ്ങളായിരുന്നു റൊണാള്‍ഡോ നടത്തിയത്.

ഇതിന് പിന്നാലെ താരത്തിനെതിരെ നടപടി സ്വീകരിക്കാന്‍ ക്ലബ് അധികൃതര്‍ തയ്യാറായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പോര്‍ച്ചുഗലിനൊപ്പം ലോകകപ്പ് കളിക്കാന്‍ ഖത്തറിലെത്തിയിരിക്കുന്ന റൊണാള്‍ഡോയോട് തിരിച്ച് കാരിങ്ടണിലെ ട്രെയിനിങ് ബേസിലേക്ക് വരേണ്ട എന്ന് യുണൈറ്റഡ് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

താരവുമായുള്ള കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ നിയമപരമായ നടപടികള്‍ക്കായി യുണൈറ്റഡ് അഭിഭാഷകരെ നിയമിച്ചതായും പറയപ്പെടുന്നു.

കഴിഞ്ഞ സീസണിലെ ഒട്ടുമിക്ക മാച്ചുകളിലും ബെഞ്ചിലായിരുന്നു ക്രിസ്റ്റ്യാനോക്ക് സ്ഥാനം. കളിച്ച മാച്ചുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കാനും ക്രിസ്റ്റ്യാനോക്ക് ആയില്ല.

കളിക്കാന്‍ അവസരം ലഭിക്കാത്തതില്‍ ക്രിസ്റ്റ്യാനോ അസ്വസ്ഥനാണെന്ന് ക്ലബ് വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. ഒരു മാച്ചിനിടയില്‍ വെച്ച് പകരക്കാരനായി ഇറങ്ങാനുള്ള കോച്ച് എറിക് ടെന്‍ ഹാഗിന്റെ നിര്‍ദേശം അവഗണിച്ച് താരം ഇറങ്ങിപ്പോയ സംഭവം റിപ്പോര്‍ട്ടുകളെല്ലാം ശരിവെക്കുകയും ചെയ്തു.

ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരം ക്ലബ് വിട്ടുപോകുമെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇപ്പോള്‍ പുതിയ അഭിമുഖം കൂടി വന്നതോടെ റൊണാള്‍ഡോ ഇനി ക്ലബിലുണ്ടാകില്ലെന്ന കാര്യം ഉറപ്പായി കഴിഞ്ഞു.

ഇനി റൊണാള്‍ഡോക്ക് പകരക്കാരനായി ആരാകും ഓള്‍ഡ് ട്രഫോഡിലെത്തുക എന്നറിയാനായി കാത്തിരിക്കുകയാണ് യുണൈറ്റഡ് ആരാധകരും ഫുട്‌ബോള്‍ ലോകവും.

ആ താരത്തെ യുണൈറ്റഡ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഡച്ച് വിങ്ങറായ കോഡി ഗാപ്‌കോ(Cody Gakpo)യെയാണ് യുണൈറ്റഡ് നോട്ടമിട്ടിരിക്കുന്നതെന്നാണ് 90മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പി.എസ്.വി എയ്‌ന്റോവില്‍ (PSV Eindhoven) മികച്ച പ്രകടനമാണ് ഗാപ്‌കോ ഈ സീസണില്‍ പുറത്തെടുത്തിരിക്കുന്നത്. ഈ പെര്‍ഫോമന്‍സിന് പിന്നാലെ 2021-2022ലെ നെതര്‍ലാന്‍ഡ്‌സിന്റെ ഫുട്‌ബോള്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും ഈ 23കാരനെ തേടിയെത്തിയിരുന്നു. ഈ വര്‍ഷം മൊത്തത്തില്‍ 47 മാച്ചുകളില്‍ നിന്നായി 21 ഗോളുകളാണ് താരം തേടിയിരിക്കുന്നത്.

ഹോളണ്ടിന് വേണ്ടി അണ്ടര്‍18, അണ്ടര്‍21 കാറ്റഗറികളില്‍ കളിച്ചതിന് ശേഷം യൂറോ കപ്പിലാണ് സീനിയര്‍ ടീമിനൊപ്പമുള്ള ആദ്യ മത്സരത്തിന് ഗാപ്‌കോക്ക് വഴിയൊരുങ്ങിയത്.

നേരത്തെ ആഴ്‌സണലും ഗാപ്‌കോക്ക് വേണ്ടി കളത്തിലിറങ്ങിയിരുന്നു. എന്നാല്‍ എറിക് ടെന്‍ ഹാഗിന്റെ ക്ലബിലേക്ക് തന്നെയാകും താരം എത്തുക എന്നാണ് പുറത്തുവരുന്ന സൂചനകള്‍. 43.5 മില്യണ്‍ യൂറോയുടെ കരാറിനാണ് യുണൈറ്റഡ് ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

Content Highlight: Reports say Macnchester United found replacement for Cristiano Ronaldo