| Monday, 26th February 2024, 12:38 pm

വര്‍ഷത്തില്‍ 7.29 കോടിയോളം വരുമാനം; ക്ഷേത്രങ്ങളിലെ 500 കിലോ സ്വര്‍ണം എസ്.ബി.ഐയിൽ നിക്ഷേപിക്കാൻ തിരുവിതാംകൂര്‍ ദേവസ്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ 500 കിലോ സ്വര്‍ണം എസ്.ബി.ഐയിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്കിന്റെ നിക്ഷേപ പദ്ധതി പ്രകാരം കോടതിയുടെ അനുമതിയോട് കൂടിയാണ് ബോര്‍ഡിന്റെ തീരുമാനം.

24 കാരറ്റാക്കി സ്വര്‍ണം നിക്ഷേപിക്കുന്നതിലൂടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വര്‍ഷം 7.29 കോടിയോളം രൂപ പലിശയായി ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബോര്‍ഡിന്റെ 16 സ്ട്രോങ് റൂമുകളില്‍ 540 കിലോ സ്വര്‍ണം ഉണ്ടെന്നാണ് മുമ്പ് നടന്ന പരിശോധന അടിസ്ഥാനമാക്കിയുള്ള കണക്കുകൂട്ടല്‍.

ക്ഷേത്രങ്ങളില്‍ ദിവസവും ഉത്സവ ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന സ്വര്‍ണമൊഴികെയുള്ളവയാണ് എസ്.ബി.ഐയിലേക്ക് മാറ്റുന്നത്. സ്വര്‍ണം ബാങ്കില്‍ നിക്ഷേപിക്കുന്നതിന് മുന്നോടിയായി ക്ഷേത്രത്തിലെ തിരുവാഭരണം കമീഷണറുടെ നേതൃത്വത്തില്‍ പരിശോധന നടത്തുമെന്നും
പരിശോധനയിലൂടെ ആഭരണങ്ങളുടെ തൂക്കവും എണ്ണവും കൃത്യമായി രേഖപ്പെടുത്തുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇതിനുപുറമെ ഓട്ടുപാത്രങ്ങളും വിളക്കുകളും ലേലം ചെയ്യാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. പതിനഞ്ച് വര്‍ഷമായി വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് ലഭിച്ച ടണ്‍ കണക്കിന് ഓട്ടുപാത്രങ്ങളും വിളക്കുകളും ദേവസ്വത്തില്‍ കെട്ടിക്കിടക്കുകയാണ്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഇതുസംബന്ധിച്ച തുടര്‍നടപടികള്‍ ഒന്നര മാസത്തിനകം പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്.

പദ്ധതിയില്‍ ചേരുന്നതിലൂടെ ബോര്‍ഡിന് മികച്ച വരുമാനം ലഭിക്കുമെന്നും സ്വര്‍ണം സുരക്ഷിതമാക്കാന്‍ സഹായിക്കുമെന്നും ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം, കൊച്ചി എന്നീ ബോര്‍ഡുകള്‍ നേരത്തെ സ്വര്‍ണ നിക്ഷേപ പദ്ധതി നടപ്പാക്കായിരുന്നു.

Content Highlight: reports say 500 kg of gold in temples under Travancore Devaswom Board to be invested to SBI

We use cookies to give you the best possible experience. Learn more