| Thursday, 24th October 2013, 1:13 pm

കെനിയന്‍ ഭീകരാക്രമണത്തിലെ 'വെളുത്ത വിധവ'യെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ലണ്ടന്‍:  കെനിയന്‍ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട വെളുത്ത വിധവ എന്നറിയപ്പെടുന്ന ഭീകരപ്രവര്‍ത്തകയെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ പുറത്ത് വിട്ടു.

ലോകത്തെ പല ഭീകരവാദ സംഘടനകളുമായും സാമന്ത ല്യൂത്‌വെയ്റ്റ് എന്ന ഈ സ്ത്രീക്ക് പങ്കുണ്ടെന്നും അന്വേഷണ   ഏജന്‍സികള്‍ വ്യക്തമാക്കി.

സാമന്തയുടെ മൂന്ന് കുട്ടികളും ഭീകരപ്രവര്‍ത്തനവുമായി ബന്ധമുള്ള വ്യക്തികളുടേതാണെന്ന് അന്വേഷണ ഏജന്‍സികള്‍ പറഞ്ഞു.

ലണ്ടന്‍ സ്‌ഫോടനക്കേസിലെ പ്രതിയായിരുന്ന ജെര്‍മെയിന്‍ ലിന്‍ഡ്‌സെയായിരുന്നു ആദ്യ ഭര്‍ത്താവ്.

ബ്രിട്ടനിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജെര്‍മെയിനുമായുള്ള ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. ബ്രിട്ടനില്‍ തന്നെ പാക്കിസ്ഥാന്‍ സ്വദേശിയായ ഹബീബ് ഗനിയുമൊന്നിച്ചായിരുന്നു പിന്നീടുള്ള ജീവിതം.

ലണ്ടനിലെ സ്‌ഫോടനപദ്ധതി പൊളിഞ്ഞപ്പോള്‍ ഇരുവരും നാടു വിടുകയും പിന്നീട് ഹബീബ് സൊമാലിയയില്‍ വച്ച് മരിക്കുകയുമായിരുന്നു.

ഗനിയുടെ മരണശേഷം സാമന്ത അബ്ദുല്‍ വാഹിദ് എന്ന കെനിയക്കാരനോടൊപ്പമായി താമസം. രണ്ട് വര്‍ഷം മുമ്പാണ് സാമന്ത താന്‍സാനിയയില്‍ നിന്ന് വാഹിദുമൊത്ത് കെനിയയിലെത്തിയത്.

കെനിയയിലെ മുന്‍ നേവി ഉദ്യോഗസ്ഥനായ വാഹിദ്, അല്‍ ശബാബ് എന്ന സൊമാലിയന്‍ ഭീകരസംഘടനയില്‍ ചേരുകയും  ചെയ്തു.

കെനിയയിലെ ഷോപ്പിങ്ങ് സമുച്ചയത്തില്‍ ആക്രമണം നടത്തിയതിന്  പിന്നിലും ഈ സംഘടനയാണ്. കഴിഞ്ഞ സെപ്തംബറില്‍ നടന്ന ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം 39 പേര്‍ മരിക്കുകയും 150 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയയും ചെയ്തിരുന്നു.

കെനിയയിലെ ഏറ്റവും തിരക്ക് പിടിച്ച വെസ്റ്റ്‌ഗേറ്റ് മാളിലായിരുന്നു ആക്രമണം നടന്നത്.  സാമന്ത സൊമാലിയയില്‍ അല്‍ശബാബുമായി ബന്ധപ്പെട്ടു തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more