ഉപരോധത്തിന് മൂന്ന് വർഷം, ഖത്തർ ​ഗൾഫ് ബ്ലോക്ക് വിടുന്നുവോ? വാർത്തകൾക്ക് പിന്നിലെ യാഥാർത്ഥ്യം ഇതാണ്
World News
ഉപരോധത്തിന് മൂന്ന് വർഷം, ഖത്തർ ​ഗൾഫ് ബ്ലോക്ക് വിടുന്നുവോ? വാർത്തകൾക്ക് പിന്നിലെ യാഥാർത്ഥ്യം ഇതാണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th May 2020, 7:15 pm

ഖത്തർ: ​ഗൾഫ് കോപ്പറേഷൻ കൗൺസിൽ (ജി.സി.സി) വിടുന്നുവെന്ന വാർത്ത നിഷേധിച്ച് ഖത്തറിന്റെ വിദേശകാര്യ സഹമന്ത്രി ലോൽവാ അൽ-ഖട്ടർ. വാർത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വാർത്താ ഏജൻസിയായ എ.എഫ്.പിയോട് പ്രതികരിച്ചു.

ഖത്തറിനുമേൽ മൂന്ന് അയൽ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തിന്റെ നിരാശയിൽ നിന്നുമാണ് ഇത്തരം കിംവദന്തികൾ ഉണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിയവിരുദ്ധമായി ഖത്തറിന് മേൽ സൗദി അറേബ്യ, ബഹ്റൈൻ യു.എ.ഇ എന്നീ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ ജി.സി.സി.യെ ഒരു സ്ഥാപനമെന്ന നിലയിൽ ജനങ്ങൾ സംശയിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നതിൽ അതിശയിക്കാൻ ഒന്നുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഖത്തറിനെ സാമ്പത്തികമായും രാഷ്ട്രീയമായും ഒറ്റപ്പെടുത്താൻ ജി.സി.സിയുടെ ആറ് അം​ഗങ്ങളിൽ മൂന്ന് പേർ നടത്തിയ ശ്രമം രാജ്യത്തെ ജനങ്ങള്‍ ചോദ്യം ചെയ്തുവെന്നും ഖത്തർ പ്രതികരിച്ചു.

അയൽ രാജ്യങ്ങളായ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്(യു.എ.ഇ) എന്നീ രാജ്യങ്ങൾ എർപ്പെടുത്തിയ മുന്ന് വർഷത്തെ ഉപരോധത്തെ തുടർന്ന് ​ഖത്തർ ജി.സി.സി വിടുകയാണ് എന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്.

സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ എന്നിവ ജി.സി.സി ഇതര രാജ്യമായ ഈജിപ്തിനൊപ്പം ചേർന്ന് ഖത്തറുമായി നയതന്ത്ര സാമ്പത്തിക ബന്ധങ്ങളും യാത്രാ ഇടപാടുകളും 2017 ജൂണിൽ വെട്ടിക്കുറച്ചിരുന്നു. ഉപരോധം നീക്കാൻ ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ജസീറ മീഡിയ നെറ്റ് വർക്ക് അടച്ചുപൂട്ടുക എന്നതുൾപ്പെടെ 13 ആവശ്യങ്ങളാണ് രാജ്യങ്ങൾ മുന്നോട്ട് വെച്ചത്. എന്നാൽ ഇവർ മുന്നോട്ട് വെച്ച് ആവശ്യങ്ങൾ ഖത്തർ നിഷേധിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക