കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ മുഴുവന്‍ ചര്‍ച്ച ചെയ്ത റൂമറാണ് പ്രഭാസിന്റെ സ്പിരിറ്റില്‍ കൊറിയന്‍ സൂപ്പര്‍ സ്റ്റാര്‍ മാ ഡോങ് സിയോക് പ്രധാന വേഷത്തിലെത്തുന്നു എന്നുള്ളത്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിലവിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറായ പ്രഭാസും, കൊറിയന്‍ സിനിമയിലെ ഏറ്റവും വലിയ ആക്ഷന്‍ താരവും ഒരു ഫ്രെയിമില്‍ എത്തുന്നു എന്ന തരത്തില്‍ നിരവധി സിനിമാപേജുകളും ട്രോള്‍ പേജുകളും വാര്‍ത്തകള്‍ നല്‍കിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഈ വാര്‍ത്തയില്‍ വ്യക്തതയുമായി വന്നിരിക്കുകയാണ് മൂവീസ് ഫോര്‍ യു എന്ന എക്‌സ് പേജ്. സ്‌ക്രീന്‍ പ്രസന്‍സിന്റെ കാര്യത്തില്‍ മുന്നിട്ട് നില്‍ക്കുന്ന രണ്ട് സൂപ്പര്‍ താരങ്ങളെ ഒന്നിച്ചൊരു ഫ്രെയിമില്‍ കാണണം എന്ന് ആഗ്രഹം പ്രകടിപ്പിച്ച് താന്‍ പോസ്റ്റ് ചെയ്തതാണെന്ന് മൂവീസ് ഫോര്‍ യൂ വ്യക്തമാക്കി. മറ്റ് പേജുകള്‍ ഇത് റൂമറായി എടുക്കുമെന്ന് താന്‍ വിചാരിച്ചില്ലെന്നും പോസ്റ്റില്‍ പറഞ്ഞു.
അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ്, അനിമല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്പിരിറ്റ്. തന്റെ മുന്‍ ചിത്രങ്ങളെക്കാള്‍ ഡോസ് കൂടിയ വയലന്‍സ് ഈ സിനിമയിലും ഉണ്ടാകുമെന്ന് സന്ദീപ് അറിയിച്ചിരുന്നു. ഒരു പൊലീസ് ഓഫീസറുടെ കഥയാണ് സ്പിരിറ്റ് പറയുന്നത്. അടുത്ത വര്‍ഷം ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമയിലെ മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം പ്രഭാസ് നായകനായ കല്‍ക്കി ഗ്ലോബല്‍ ബോക്‌സ് ഓഫീസില്‍ 800 കോടിയും കടന്ന് കുതിക്കുകയാണ്. ബാഹുബലിക്ക് ശേഷം ഇറങ്ങിയ പ്രഭാസ് ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. കല്‍ക്കി അക്ഷരാര്‍ത്ഥത്തില്‍ താരത്തിന്റെ തിരിച്ചുവരവാണ്. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്ത സിനിമയില്‍ ബോളിവുഡ് ഷെഹന്‍ഷാ അമിതാഭ് ബച്ചനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദീപിക പദുകോണ്‍, അന്നാ ബെന്‍, പശുപതി, ശോഭന തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. കമല്‍ ഹാസനാണ് ചിത്രത്തിലെ വില്ലന്‍.
Content Highlight: Reports of Ma Dong Seok in Spirit are fake