വെസ്റ്റ് ബാങ്കില്‍ ഇസ്രഈലിന്റെ വ്യാപക റെയ്ഡ്; അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് സൈനിക വാഹനങ്ങള്‍ ഇടിച്ചുകയറ്റുന്നതായി റിപ്പോര്‍ട്ട്
World News
വെസ്റ്റ് ബാങ്കില്‍ ഇസ്രഈലിന്റെ വ്യാപക റെയ്ഡ്; അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് സൈനിക വാഹനങ്ങള്‍ ഇടിച്ചുകയറ്റുന്നതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st December 2023, 5:19 pm

ജെറുസലേം: വെസ്റ്റ് ബാങ്കില്‍ ഇസ്രഈല്‍ നടത്തിയ റെയ്ഡില്‍ നാല് ഫലസ്തീന്‍ പൗരന്മാരെ സൈന്യം തടവിലാക്കിയതായി റിപ്പോര്‍ട്ട്. ഇസ്രഈലി സൈന്യത്തിന്റെ റെയ്ഡില്‍ 17 ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് വ്യക്തമാക്കി.

തുല്‍ക്കറെമിലെ നൂര്‍ ഷംസിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ശനിയാഴ്ച നടന്ന രണ്ട് ഡ്രോണ്‍ ആക്രമണങ്ങളാണ് ഫലസ്തീനികളുടെ പരിക്കുകള്‍ക്ക് കാരണമായതെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു.

റെയ്ഡിന് ശേഷം വെസ്റ്റ് ബാങ്കിലെ രണ്ട് ആശുപത്രികളിലേക്കുള്ള പ്രവേശനം ഇസ്രഈല്‍ സൈന്യം തടഞ്ഞുവെന്നും മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരില്‍ പലര്‍ക്കും ചികിത്സ ലഭിക്കാന്‍ കാലതാമസം വരുത്തിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

നഗരത്തിലെ പ്രാദേശിക കെട്ടിടങ്ങള്‍ക്ക് മുകളില്‍ ആയുധധാരികളായ ഇസ്രഈല്‍ സൈനികരെ നിലയുറപ്പിച്ചതായി ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു. ക്യാമ്പിന് മുകളിലേക്ക് ഇസ്രഈല്‍ സൈനിക വാഹനങ്ങള്‍ നിരന്തരമായി ഇടിച്ചുകയറ്റുകയാണെന്ന് അഭയാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം അഡ്മിനിസ്‌ട്രേറ്റീവ് തടങ്കല്‍ സമ്പ്രദായത്തിന് കീഴില്‍, പീഡിപ്പിക്കാനുള്ള ഒരു ഉപകാരണമാണെന്ന് പറഞ്ഞുകൊണ്ട് ഫലസ്തീനികളെ ഇസ്രഈല്‍ പതിവായി ജയിലില്‍ അടക്കുകയാണെന്ന് സൈന്യത്തിനെതിരെ വ്യാപകമായി ആരോപണം ഉയരുന്നുണ്ട്.

നിലവിലെ കണക്കുകള്‍ പ്രകാരം വെസ്റ്റ് ബാങ്കിലെ ഇസ്രഈല്‍ ആക്രമണത്തില്‍ 500 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി വ്യക്തമാവുന്നുണ്ട്. ഇസ്രഈല്‍ ഗസയില്‍ യുദ്ധം ആരംഭിച്ചതുമുതല്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 21,822 ആയി ഉയര്‍ന്നതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങളില്‍ 56,451 പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ടെന്നും മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രഈല്‍ ആക്രമണത്തില്‍ 150 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 286 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കണക്കുകളും മന്ത്രാലയം പുറത്തിവിട്ടിട്ടുണ്ട്.

Content Highlight: Reports of Israeli military vehicles ramming into refugee camps