| Saturday, 31st August 2024, 12:58 pm

ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വസ്തുത വിരുദ്ധം: ബി.എൻ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധാക്ക: ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണെന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി സെക്രട്ടറി ജനറൽ മിർസ ഫക്രുൽ ഇസ്‌ലാം ആലംഗീർ. മുൻ ബംഗ്ലാദേശ് മുഖ്യമന്ത്രി ഇന്ത്യയിൽ തുടരുന്നത് ഇന്ത്യ- ബംഗ്ലാദേശ് ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ധാക്കയിൽ തന്റെ വസതിയിൽ വെച്ച് പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.

‘ബംഗ്ലാദേശിൽ നടക്കുന്ന ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളുടെ കണക്കുകൾ വസ്തുത വിരുദ്ധമാണ്. കാരണം മിക്ക സംഭവങ്ങളും വർഗീയ പ്രക്ഷോഭങ്ങളല്ല മറിച്ച് രാഷ്ട്രീയ പ്രേരിതമാണ്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ആഭ്യന്തര കാര്യമാണ്,’ അദ്ദേഹം പറഞ്ഞു.

ഒപ്പം ബംഗ്ലാദേശിലെ ജനങ്ങളെ മനസിലാക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടെന്നും അത് ന്യൂദൽഹിയുടെ നയതന്ത്ര പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ ഹസീനയെ ബംഗ്ലാദേശിന് കൈമാറ്റം ചെയ്ത് ഇന്ത്യ-ബംഗ്ലാ ബന്ധത്തിൽ പുതിയ അധ്യായം ആരംഭിക്കേണ്ടത് നിർണായകമാണെന്ന് ആലംഗീർ പറഞ്ഞു. ബംഗ്ലാദേശിലേക്ക് ഹസീനയുടെ തിരിച്ചുവരവ് ഇന്ത്യ ഉറപ്പാക്കിയില്ലെങ്കിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ വഷളാകുമെന്നും ആലംഗീർ കൂട്ടിച്ചേർത്തു.

‘ഇന്ത്യയ്‌ക്കെതിരെ ഇപ്പോൾത്തന്നെ ബംഗ്ലാദേശിലെ ജനരോഷമുണ്ട്. കാരണം ഇന്ത്യയെ ഞങ്ങളുടെ ജനങ്ങൾ ഏകാധിപത്യ ഷെയ്ഖ് ഹസീന ഭരണകൂടത്തിൻ്റെ പിന്തുണക്കാരനായാണ് കാണുന്നത്. നിങ്ങൾ ബംഗ്ലാദേശിൽ ആരോടെങ്കിലും ചോദിച്ചാൽ, അവർ പറയും, ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകിയത് ശരിയായില്ല എന്ന്,’ അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ ഔട്ട് ക്യാമ്പൈനെക്കുറിച്ച് ചോദിച്ചപ്പോൾ ഇന്ത്യക്കെതിരെ ബംഗ്ലാദേശിൽ പ്രകടമായ എതിർപ്പുണ്ടെന്നും ആലംഗീർ കൂട്ടിച്ചേർത്തു.

അതോടൊപ്പം ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയായേക്കാവുന്ന ഒരു പ്രവർത്തനവും ബി.എൻ.പി ബംഗ്ലാദേശിൽ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.

കഴിഞ്ഞ ദിവസം നടന്ന പത്ര സമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളിനോട് ഹസീനയെ കൈമാറുന്നതിനായി ബംഗ്ലാദേശ് ഇടക്കാല സർക്കാർ ഔപചാരികമായ അഭ്യർത്ഥന അയച്ചിരുന്നോ എന്ന് ചോദിച്ചെങ്കിലും അദ്ദേഹം വ്യക്തമായ ഉത്തരം നൽകിയിരുന്നില്ല.

‘സുരക്ഷാ കാരണങ്ങളാലാണ് ബംഗ്ലാദേശിൻ്റെ മുൻ പ്രധാനമന്ത്രി വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യയിലെത്തിയത്. ഇക്കാര്യത്തിൽ ഞങ്ങൾക്ക് കൂടുതലൊന്നും പറയാനില്ല,’ ജയ്‌സ്വാൾ പറഞ്ഞു.

Content Highlight: Reports of attacks on Hindus in Bangladesh ‘factually incorrect,’ says top BNP leader

We use cookies to give you the best possible experience. Learn more