96 മണിക്കൂറിനുള്ളില്‍ ശേഖരിക്കേണ്ട സാമ്പിളുകളെടുത്തത് 11 ദിവസം വൈകി; ബലാത്സംഗം നടന്നില്ലെന്ന പൊലീസ് വാദത്തിന് അടിസ്ഥാനമില്ല; വീഴ്ചകള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട്
national news
96 മണിക്കൂറിനുള്ളില്‍ ശേഖരിക്കേണ്ട സാമ്പിളുകളെടുത്തത് 11 ദിവസം വൈകി; ബലാത്സംഗം നടന്നില്ലെന്ന പൊലീസ് വാദത്തിന് അടിസ്ഥാനമില്ല; വീഴ്ചകള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th October 2020, 3:10 pm

ലഖ്‌നൗ: ഹാത്രാസില്‍ ക്രൂരമായി കൂട്ട ബലാത്സംഗത്തിന് ഇരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെയും യു.പി സര്‍ക്കാറിന്റെയും ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് ഗുരുതര വീഴ്ചകളെന്ന് റിപ്പോര്‍ട്ടുകള്‍.

പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് പറയുന്ന പൊലീസിന്റെ വാദത്തിന് വിലയില്ലെന്ന് അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി (എ.എം.യു) ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

താന്‍ ബലാത്സംഗം ചെയ്യപ്പെട്ടെന്ന് പെണ്‍കുട്ടി പറഞ്ഞ് 11 ദിവസം കഴിഞ്ഞു  മാത്രമാണ് സാമ്പിളുകള്‍ ശേഖരിച്ചത്. സംഭവത്തില്‍ 96 മണിക്കൂര്‍ വരെ മാത്രമേ ഫോറന്‍സിക് തെളിവുകള്‍ കണ്ടെത്താന്‍ കഴിയൂവെന്നും അതുകൊണ്ട് ഈ കേസില്‍ ബലാത്സംഗം സ്ഥിരീകരിക്കാന്‍ ഈ റിപ്പോര്‍ട്ടിന് കഴിയില്ലെന്നും സി.എം.ഒ ഡോ. അസീം മാലിക് ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

സെപ്റ്റംബര്‍ 25 നാണ് സാമ്പിളുകള്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയക്കുന്നത്. അതായത് ബലാത്സംഗം നടന്ന് 11 ദിവസങ്ങള്‍ക്ക് ശേഷമാണ്. ഈ എഫ്.എസ്.എല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യുവതി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് യു.പി പോലീസ് അവകാശപ്പെട്ടത്.

എന്നാല്‍ ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന് പറയുന്ന പൊലീസിന്റെ വാദം ശരിയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Reports indicates drawbacks of police in Hathras rape; FSL report (saying no rape) used samples 11 days old, has no value: Aligarh CMO