ഫുട്‌ബോള്‍ ഫെഡറേഷനോ കോച്ചോ അല്ല, ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചത് ജ്യോതിഷന്‍; റിപ്പോര്‍ട്ട്
2022 ജൂണിൽ അഫ്ഗാനിസ്ഥാനെതിരായ ഏഷ്യാ കപ്പ് യോഗ്യത മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് തിരഞ്ഞെടുത്തത് ആസ്‌ട്രോളാജറുടെ നിർദേശപ്രകാരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ത്യൻ എക്സ്പ്രസ് ആണ് ഈ വിഷയം ആദ്യമായി റിപ്പോർട്ട് ചെയ്തത്.
ഇന്ത്യൻ ഫുട്ബോൾ ടീം കോച്ച് ഇഗോർ സ്റ്റിമാച്ച് ദൽഹി എൻ.സി.ആറിൽ നിന്നുള്ള ജ്യോതിഷിയുടെ നിർദ്ദേശപ്രകാരമാണ് ടീമിനെ തിരഞ്ഞെടുത്തതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് ദൽഹി എൻ.സി.ആറിൽ നിന്നുള്ള ഭൂപേഷ് ശർമ്മയെ സ്റ്റിമാച്ചിന് പരിചയപ്പെടുത്തുന്നത്.
2022 മെയ്, ജൂൺ മാസങ്ങളിലെ ടീമിനൊപ്പമുള്ള സേവനങ്ങൾക്ക് ജ്യോതിഷിയായ ഭൂപേഷ് ശർമ്മയ്ക്ക് 12 -15 ലക്ഷം രൂപ വരെ പ്രതിഫലം നൽകിയതായി എ.ഐ.എഫ്എഫ് സെക്രട്ടറി ജനറൽ കുശാൽ ദാസ് പറഞ്ഞു.
ഏഷ്യാ കപ്പിലെ ടൂർണമെന്റിൽ നിലനിൽക്കാനുള്ള നിർണായക മത്സരത്തിന് 48 മണിക്കൂർ മുൻപായി ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ ദൽഹിയിലെ എൻ.സി.ആറിലേക്ക് ഒരു സന്ദേശം അയച്ചതായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഉന്നത ഉദ്യോഗസ്ഥൻ, ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
‘പ്രിയ സുഹൃത്തേ, ജൂൺ 11ന് നിങ്ങൾക്ക് പട്ടികയിൽ നിന്നും ഓരോ കളിക്കാരന്റെയും ചാർട്ടുകൾ പരിശോധിക്കാം. കളിയുടെ കിക്ക് ഓഫ് 8.30 ന്’ എന്നായിരുന്നു കോച്ചിന്റെ സന്ദേശം.
‘നിങ്ങൾക്ക് നന്നായി കളിക്കാൻ കഴിയും ,അമിതമായ ആത്മവിശ്വാസം ഒഴിവാക്കണം ശരാശരിക്ക് താഴെയുള്ള ദിവസങ്ങളും നല്ല ദിവസങ്ങളും എല്ലാം അക്രമണോൽസമായി മറികടക്കണം’. എന്നായിരുന്നു മണിക്കൂറുകൾക്കുള്ളിൽ ദൽഹിയിൽ നിന്നും മറുപടി വന്നത്.
മത്സരത്തിന് ഒരു മണിക്കൂർ മുൻപായി ടീമിനെ പ്രഖ്യാപിച്ചു. എന്നാൽ ആസ്‌ട്രോളാജറുടെ നിർദേശപ്രകാരം തിരഞ്ഞെടുത്ത രണ്ട് താരങ്ങൾക്ക് ടീമിന്റെ സ്‌റ്റാർട്ടിങ് ഇലവനിൽ അവസരം ലഭിച്ചില്ല. ഈ മത്സരത്തിന് പുറമെ ജോർദാൻ, കംബോഡിയ, ഹോങ്കോങ് എന്നിവർക്കെതിരെയുള്ള മത്സരത്തിന് മുമ്പും ശർമ്മയുമായി സ്റ്റിമാച്ച് കളിക്കാരുടെ ലിസ്റ്റ് പങ്കുവെച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
മത്സരത്തിൽ ഇന്ത്യ ഒന്നിനെത്തിരെ രണ്ട് ഗോളുകൾക്ക് അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചിരുന്നു. ഇന്ത്യൻ നായകൻ സുനിൽ ചേത്രിയും മലയാളി തരാം സഹൽ അബ്ദുൽ സമദും ആണ് ഇന്ത്യക്കായി ഗോളുകൾ നേടിയത്. സുബൈർ അമീരിയുടെ വകയായിരുന്നു അഫ്ഗാന്റെ ആശ്വാസഗോൾ.
Story Highlight : Reports say that the Indian football squad was announced on the advice of astrology