| Friday, 12th August 2022, 10:40 pm

പാകിസ്ഥാനില്‍ സൈന്യത്തിന്റെ രാഷ്ട്രീയ ഇടപെടലുകളെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകരെ സര്‍ക്കാര്‍ പീഡിപ്പിക്കുന്നു; റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലാഹോര്‍: സൈന്യത്തിന്റെ രാഷ്ട്രീയ ഇടപെടലുകളെ വിമര്‍ശിച്ച പാകിസ്ഥാനി മാധ്യമപ്രവര്‍ത്തകരെ രാജ്യത്തെ സര്‍ക്കാര്‍ പീഡിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര എന്‍.ജി.ഒയാണ് റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സാണ് ഇക്കാര്യം പറയുന്നത്.

രാജ്യത്തെ രാഷ്ട്രീയ കാര്യങ്ങളിലുള്ള സൈന്യത്തിന്റെ പങ്കിനെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകരെ പീഡിപ്പിക്കപ്പെടുകയും സര്‍ക്കാരുമായും സൈന്യവുമായും ബന്ധപ്പെട്ട ഏജന്‍സികളുടെ കര്‍ശന നിയന്ത്രണത്തില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. ഇത് ആത്യന്തികമായി രാജ്യത്തിന്റെ ജനാധിപത്യത്തെ തുരങ്കം വെക്കുന്നുവെന്നും റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് ചൂണ്ടിക്കാട്ടി.

”കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് രജിസ്റ്റര്‍ ചെയ്ത നിരവധി പീഡനക്കേസുകള്‍ക്ക് പൊതുവായ ഒരു കാര്യമുണ്ട് – ബന്ധപ്പെട്ട എല്ലാ പത്രപ്രവര്‍ത്തകരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പാകിസ്ഥാന്‍ രാഷ്ട്രീയത്തില്‍ സൈന്യത്തിന്റെ പങ്കിനെ വിമര്‍ശിച്ചവരാണ്.

വിമര്‍ശനമുന്നയിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ഭയപ്പെടുത്താനും ഒറ്റപ്പെടുത്താനും പാകിസ്ഥാന്‍ സൈന്യം വലിയ പ്രചാരണം ആരംഭിച്ചതായി ലഭിച്ച ഡാറ്റയില്‍ നിന്ന് വ്യക്തമാണ്. ഇത്തരത്തിലുള്ള തീര്‍ത്തും അസഹനീയമായ നടപടികള്‍ സര്‍ക്കാരും സൈന്യവും ഉടന്‍ അവസാനിപ്പിക്കണം.

അല്ലാത്തപക്ഷം പാകിസ്ഥാനിലെ മാധ്യമസ്വാതന്ത്ര്യത്തിന്റെ തകര്‍ച്ചയ്ക്ക് രാജ്യത്തെ ആര്‍മി സ്റ്റാഫ് തലവന്‍ ജനറല്‍ ഖമര്‍ ജാവേദ് ബജ്വ ഉത്തരവാദിയായിരിക്കും,” റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ ഏഷ്യ-പസഫിക് ഡെസ്‌ക് തലവന്‍ ഡാനിയല്‍ ഡാനിയല്‍ ബസ്റ്റാര്‍ഡ് പറഞ്ഞു.

അതേസമയം പ്രമുഖ പാകിസ്ഥാനി വാര്‍ത്താ ചാനലായ എ.ആര്‍.വൈ ന്യൂസിന്റെ സീനിയര്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും മാധ്യമപ്രവര്‍ത്തകനുമായ അമ്മദ് യൂസഫിനെ കഴിഞ്ഞദിവസം പാകിസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സര്‍ക്കാരിനെ വിമര്‍ശിച്ച ‘കുറ്റ’ത്തിനും ‘രാജ്യദ്രോഹ’പരമായ കണ്ടന്റുകള്‍ പ്രക്ഷേപണം ചെയ്തു എന്നാരോപിച്ചും എ.ആര്‍.വൈ ന്യൂസിന്റെ സംപ്രേഷണം സര്‍ക്കാരിന്റെ റെഗുലേറ്ററി അതോറിറ്റി നിര്‍ത്തിവെച്ചിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു അമ്മദ് യൂസഫിന്റെ അറസ്റ്റ്.

പാകിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് (പി.ടി.ഐ) ചെയര്‍മാനും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനെ അപകീര്‍ത്തിപ്പെടുത്താന്‍ ഭരണകക്ഷിയായ, പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് നവാസ് (പി.എം.എല്‍-എന്‍) അവരുടെ മീഡിയ സെല്ലിനെ എങ്ങനെ ഉപയോഗിച്ചു, എന്നതിനെക്കുറിച്ച് എ.ആര്‍.വൈ ന്യൂസ് ചാനല്‍ സംപ്രേഷണം ചെയ്ത വാര്‍ത്തയെ തുടര്‍ന്നായിരുന്നു പാകിസ്ഥാന്‍ സര്‍ക്കാര്‍ ചാനലിനെതിരെ പ്രതികാര നടപടികള്‍ ആരംഭിച്ചത്.

Content Highlight: Reporters without Borders says Pakistani journalists who condemn Army’s role in country’s politics are harassed

We use cookies to give you the best possible experience. Learn more