| Friday, 13th April 2012, 11:12 am

പത്രപ്രവര്‍ത്തനം, മരംവെട്ട്, ഇറച്ചിവെട്ട്, ഹോട്ടലിലെ വിളമ്പുജോലി, പാത്രം കഴുകല്‍ എന്നിവ മോശം തൊഴിലുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും മോശം തൊഴിലുകളിലൊന്ന് പത്രറിപ്പോര്‍ട്ടറുടേതാണെന്ന് പഠനറിപ്പോര്‍ട്ട്. ഏറ്റവും മോശപ്പെട്ട പത്ത് തൊഴിലുകളുടെ പട്ടികയില്‍ അഞ്ചാമതായാണ് പത്രപ്രവര്‍ത്തനത്തിനു സ്ഥാനം. അതേസമയം, ഇതേ പട്ടികയില്‍ ദൃശ്യമാധ്യമപ്രവര്‍ത്തനത്തിന് പത്താംസ്ഥാനമാണ്. മരംവെട്ട്, ഇറച്ചിവെട്ട്, ഹോട്ടലിലെ വിളമ്പുജോലി, പാത്രംകഴുകല്‍ തുടങ്ങിയ തൊഴിലുകളാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റു ജോലികള്‍. മരംവെട്ടാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.

അതേസമയം, സോഫ്റ്റ്‌വെയര്‍ എന്‍ജീനിയറുടേതാണ് 2012ലെ ഏറ്റവും മികച്ച തൊഴിലായി കണ്ടെത്തിയിരിക്കുന്നത്. കുറഞ്ഞ അധ്വാനത്തില്‍ കൂടുതല്‍ വരുമാനം എന്നതാണ് സോഫ്റ്റ്‌വെയര്‍ എന്‍ജീനിയറുടെ ജോലിയെ മികച്ച തൊഴിലായി വിലയിരുത്താന്‍ കാരണം.  200 ജോലികളുടെ പട്ടികയില്‍ നിന്നാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്.

അഞ്ച് കോടി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ജോലികളെ തരംതിരിച്ചിരിക്കുന്നത്. ശാരീകാധ്വാനം, ജോലി സാഹചര്യം, വരുമാനം, മാനസിക പിരിമുറുക്കം, ജോലിക്കയറ്റ സാധ്യത എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പരിശോധനാ വിധേയമാക്കിയിട്ടുണ്ട്.

യു.എസിലെ തൊഴിലുപദേശകസ്ഥാപനമായ “കരിയര്‍കാസ്റ്റ്” ആണ് പ്രത്യേക പഠനം നടത്തി മോശം തൊഴിലുകളും മെച്ചപ്പെട്ട തൊഴിലുകളും തരംതിരിച്ചത്. എന്നാല്‍ അമേരിക്കയിലെ തൊഴില്‍ സാഹചര്യങ്ങളുടെയും യു.എസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിറ്റിക്‌സിന്റെയും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളിലെയും അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.

ദൃശ്യപത്രമാധ്യമ മേഖലയില്‍ തൊഴില്‍സാധ്യത മങ്ങുകയും വരുമാനം കുറയുകയും ചെയ്തതോടൊപ്പം അമിത ജോലി ഭാരവും ഈ മേഖലയെ മോശം തൊഴിലായി വിലയിരുത്താന്‍ കാരണമായതായി പഠനത്തില്‍ പറയുന്നു. ഡിജിറ്റള്‍ സാങ്കേതികവിദ്യകളുടെ തള്ളിക്കയറ്റം അച്ചടിദൃശ്യ മാധ്യമങ്ങളെ പിന്നോട്ടടിച്ചതായും ഇതോടെ ഒരു കാലത്ത് താരപരിവേഷമുണ്ടായിരുന്ന പത്രപ്രവര്‍ത്തനത്തിന്റെ ശോഭമങ്ങിയതായും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഏറ്റവുമധികം മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ട ജോലികളും ലിസ്റ്റ് ചെയ്തിട്ടുണ്ട്. പട്ടാളക്കാര്‍, ഫയര്‍ഫൈറ്റര്‍, പൈലറ്റ്, മിലിറ്ററി ജനറല്‍, പോലീസ് ഓഫീസര്‍മാര്‍, ഇവന്റ് കോഡിനേറ്റര്‍, ഫോട്ടോ ജേണലിസ്റ്റ് തുടങ്ങിയവയാണ് ഏറ്റവുമധികം മാനസിക സമ്മര്‍ദ്ദം നേരിടേണ്ട ജോലികളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

We use cookies to give you the best possible experience. Learn more