| Monday, 16th September 2024, 10:39 am

റിപ്പോര്‍ട്ടര്‍ ടി.വിയുടെ വാര്‍ത്താ അക്രമണം തടയണം; മുഖ്യമന്ത്രിക്ക് പരാതിയുമായി ഡബ്ല്യൂ.സി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സ്വകാര്യത മാനിക്കാതെ പുറത്തുവിട്ടെന്ന് ആരോപിച്ച് റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ  മുഖ്യമന്ത്രിക്ക് പരാതി നല്‍കി സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യൂ.സി.സി. തിങ്കളാഴ്ച രാവിലെ റിപ്പോര്‍ട്ടര്‍ ടി.വി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങളെന്ന് അവകാശപ്പെട്ട് പുറത്തുവിട്ട വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പരാതി.

ഹേമകമ്മിറ്റിക്ക് മുമ്പില്‍ ഒരു പ്രമുഖ നടി ഒരു പ്രമുഖ നടനെതിരെ നല്‍കിയ മൊഴി എന്ന് അവകാശപ്പെട്ട് കൊണ്ടാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ എന്ന് പറഞ്ഞ് കൊണ്ട് വാര്‍ത്ത നല്‍കിയത്. നടന്‍ സ്വകാര്യ ഭാഗങ്ങളില്‍ പല തവണ സ്പര്‍ശിച്ചെന്നും പ്രതിരോധിക്കാനുള്ള ശ്രമം വിഫലമായെന്നുമായിരുന്നു വാര്‍ത്തയിലുണ്ടായിരുന്നത്. ഈ വാര്‍ത്തക്കെതിരെയാണ് ഇപ്പോള്‍ ഡബ്ല്യൂ.സി.സി. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.

റിപ്പോര്‍ട്ടര്‍ ടി.വിയുടെ വാര്‍ത്താ ആക്രമണം തടയാന്‍ നടപടിയെടുക്കണമെന്നാണ് പരാതിയിലുള്ളത്. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയിവരുടെ വിവരങ്ങള്‍ പുറത്ത് വരരുതെന്ന് കോടതിയും കമ്മിറ്റിയും സര്‍ക്കാറും ഡബ്ല്യൂ.സി.സിയുമെല്ലാം ആവശ്യപ്പെട്ടതാണെന്നും എന്നാല്‍ ഇന്ന് പുറത്തു വന്ന വാര്‍ത്ത മൊഴി നല്‍കിയ വ്യക്തിയെ തിരിച്ചറിയുന്ന തരത്തിലുള്ള സൂചനയോട് കൂടിയുള്ളതാണെന്നും ഡബ്ല്യു.സി.സി പറയുന്നു.

ഡബ്ല്യൂ.സി.സിയുടെ പരാതിയുടെ പൂര്‍ണ രൂപം

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ഒരു തുറന്നകത്ത്,

താങ്കള്‍ നിയോഗിച്ച ഹേമ കമ്മിറ്റി മുമ്പാകെ സിനിമയില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ നല്‍കിയ മൊഴികള്‍ ഇപ്പോള്‍ സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമിന്റെ പരിധിയിലേക്ക് കൊണ്ടു വന്നതോടെ കോടതി ഉത്തരവ് പോലും ലംഘിച്ച് റിപ്പോര്‍ട്ടര്‍ ചാനലിലൂടെ നിരുത്തരവാദപരമായ മാധ്യമ വിചാരണകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്.

ഈ ആശങ്ക പങ്കുവെയ്ക്കാനാണ് ഞങ്ങള്‍ താങ്കളെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചത് . എന്നാല്‍ പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യത മാനിച്ച് പുറത്തുവിടരുതെന്ന് ഹേമ കമ്മിറ്റിയും സര്‍ക്കാറും കോടതിയും തീരുമാനിച്ച ഏറ്റവും സ്വകാര്യമായ മൊഴികള്‍ ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലിലൂടെ എത്തുന്നത് കമ്മറ്റി റിപ്പോര്‍ട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കങ്ങളെ സംശയാസ്പദമാക്കിയിരിക്കുന്നു. പുറത്തുവിടുന്ന വിവരങ്ങള്‍ മൊഴി കൊടുത്തവര്‍ ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാന്‍ പാകത്തിലാണ്.

പീഡിപ്പിക്കപ്പെട്ടവര്‍ക്കൊപ്പം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി അതിന് വിധേയരായ സ്ത്രീ ജീവിതങ്ങളെ ദുരിത പൂര്‍ണ്ണവും കടുത്ത മാനസീക സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നു. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണ് . ഇക്കാര്യത്തില്‍ താങ്കള്‍ അടിയന്തരമായി ഇടപെട്ട് സ്വകാര്യതയെ അവഹേളിക്കുന്ന ആ വാര്‍ത്ത ആക്രമണം തടയണമെന്ന് ഞങ്ങള്‍ ശക്തമായി ആവശ്യപ്പെടുന്നു.

വിശ്വസ്തതയോടെ
ഡബ്ല്യു.സി.സി.

content highlights: Reporter  TV must stop news attack; WCC complained to the Chief Minister

We use cookies to give you the best possible experience. Learn more