മാനനഷ്ടക്കേസ് സ്വാഗതം ചെയ്യുന്നു, എം.വി. രാഘവനെ ആരാണ് സംരക്ഷിച്ചതെന്നതില്‍ സംവാദമായാലോ? സുധാകരനോട് നികേഷ് കുമാര്‍
Kerala News
മാനനഷ്ടക്കേസ് സ്വാഗതം ചെയ്യുന്നു, എം.വി. രാഘവനെ ആരാണ് സംരക്ഷിച്ചതെന്നതില്‍ സംവാദമായാലോ? സുധാകരനോട് നികേഷ് കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th November 2021, 3:00 pm

കൊച്ചി: മാനനഷ്ട കേസിന് പോകുമെന്ന കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നതായി റിപ്പോര്‍ടര്‍ ടി.വി എം.ഡി. എം.വി. നികേഷ്‌കുമാര്‍.

മോന്‍സന്‍ മാവുങ്കലുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചു എന്ന വാര്‍ത്തയില്‍ സുധാകരന്റെ നോട്ടീസ് കിട്ടിയിട്ട് മറുപടി നല്‍കാമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘രണ്ട് കാരണങ്ങള്‍ ആണ് കുറിപ്പില്‍ സുധാകരന്‍ വിശദീകരിക്കുന്നത്. ഒന്ന്. മോന്‍സന്‍ മാവുങ്കലുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചതിന്. ഇക്കാര്യത്തില്‍ സുധാകരന്റെ നോട്ടീസ് കിട്ടട്ടെ. മറുപടി അപ്പോള്‍ നല്‍കാം. വിശദമായി പറയാനുള്ള കാര്യം അതിലുണ്ട്. മറുപടി എല്ലാ കാര്യങ്ങളും പറയാനുള്ള അവസരവുമാകും.

രണ്ട്. ടോണി ചമ്മണി ഒളിവില്‍ എന്ന ‘വ്യാജ വാര്‍ത്ത’ നല്‍കിയതിന്. ഈ വാര്‍ത്ത നല്‍കിയത് വി.എസ്. ഹൈദരലി എന്ന കൊച്ചി റിപ്പോര്‍ട്ടറാണ്. ഇക്കാര്യം പൊലീസിനോട് അന്വേഷിച്ച് സ്ഥിരീകരിച്ചു എന്നാണ് ഹൈദരലി നല്‍കുന്ന വിശദീകരണം. പ്രതികളെ തിരയുന്ന കാര്യത്തില്‍ പൊലീസ് അല്ലേ സോഴ്‌സ്. സി.ഐയുമായി ഹൈദരലി സംസാരിച്ചത് ടി.വിയില്‍ ഞങ്ങള്‍ കാണിക്കുന്നുണ്ട്,’ നികേഷ് കുമാര്‍ എഴുതി.

എം.വി. രാഘവനോടുള്ള സ്‌നേഹത്തിന്റെ കാരണമായാണ് റിപ്പോര്‍ട്ടറിനെതിരെ ഇതുവരെ നടപടിയെടുക്കാതിരുന്നതെന്ന സുധാകരന്റെ പ്രസ്താവനക്കും നികേഷ് മറുപടി നല്‍കി.

‘ഞാനാണ് എം.വി രാഘവനെ സംരക്ഷിച്ചത് എന്ന് ഒരിക്കല്‍ ടി.വിയിലും താങ്കള്‍ പറഞ്ഞു. എന്നോടാണ് ഇത് പറഞ്ഞത് എന്ന ബോധ്യം താങ്കള്‍ക്ക് ഉണ്ടായിരുന്നോ? അന്നുണ്ടായ അതിശയം ഇപ്പോഴും മാറിയിട്ടില്ല.

തൊണ്ണൂറുകളിലേക്ക് നമുക്കൊന്ന് തിരിച്ചുപോകാന്‍ അവസരം ഉണ്ടോ? ആര് ആരെ സംരക്ഷിച്ചു എന്ന വിഷയത്തില്‍ ഒരു തുറന്ന സംവാദം ആയാലോ? സ്ഥലവും തീയതിയും അങ്ങയുടെ സൗകര്യം. മറുപടി പ്രതീക്ഷിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

വ്യാജ വാര്‍ത്ത ആരോപണമുന്നയിച്ചായിരുന്നു റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നോട്ടീസയച്ചത്. അപകീര്‍ത്തികരമായ വാര്‍ത്തയുടെ പേരില്‍ ചാനലിന്റെ സംപ്രേക്ഷണം അവസാനിപ്പിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് പരാതി നല്‍കിയതായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞിരുന്നു.

റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ഇതുവരെയും നിയമ നടപടികള്‍ക്ക് മുതിരാതിരുന്നത് എം.വി. രാഘവന്‍ എന്ന ഉറ്റ സുഹൃത്തായ രാഷ്ട്രീയ നേതാവിനെ ഓര്‍ത്തിട്ടാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Reporter TV MD M.V. Nikesh Kumar welcomes K.Sudhakaran’s defamation case