| Monday, 7th February 2022, 1:31 pm

തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധി പറയുന്നത് എന്നൊക്കെ പറഞ്ഞാല്‍ അത് തൊണ്ടതൊടാതെ വിഴുങ്ങാന്‍ പറ്റില്ല; ദിലീപ് കേസില്‍ അപര്‍ണ സെന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതിവിധിയില്‍ പ്രതികരണവുമായി റിപ്പോര്‍ട്ടര്‍ ടി.വി ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ അപര്‍ണ സെന്‍.

കേസില്‍ നീതി പുലരുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെന്നും ഇത്തരമൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും അപര്‍ണ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

ഇത്തരം വിധികളിലൂടെ കോടതിയെപ്പോലും വിമര്‍ശിക്കേണ്ട നിലയുണ്ടാക്കുകയാണ്. കോടതിക്ക് എതിരെ ഒരു പൗരന്‍ സംസാരിക്കേണ്ട അവസ്ഥ ഉണ്ടാക്കാതിരിക്കുക എന്നത് കോടതിയുടെ കൂടി ഉത്തരവാദിത്തമാണ്. ഈ കേസില്‍ നീതി പുലരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അതുണ്ടായില്ല എന്നുള്ളത് വളരെ ഗൗരവമായ വിഷയമാണ്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധി പറയുന്നത് എന്നൊക്കെ പറഞ്ഞാല്‍ അത് തൊണ്ടതൊടാതെ വിഴുങ്ങാന്‍ പറ്റില്ലെന്നും അപര്‍ണ പറഞ്ഞു.

അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കാതിരിക്കുകയും തെളിവുകള്‍ ഹാജരാക്കാതിരിക്കുകയും ചെയ്യുന്ന പ്രതിക്ക് എന്ത് അടിസ്ഥാനത്തിലാണ് പി. ഗോപിനാഥ് ജാമ്യം കൊടുത്തതെന്നും തീര്‍ച്ചയായും അതിനുള്ള മറുപടി അദ്ദേഹം പൊതുജനത്തോട് പറയേണ്ടി വരുമെന്നും അപര്‍ണ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

”ഈ കേസില്‍ വാദപ്രതിവാദങ്ങള്‍ നടന്ന സമയത്ത് കോടതിയില്‍ തന്നെ തെളിയിക്കപ്പെട്ട രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് തെളിവുകള്‍ പൂര്‍ണമായും പ്രതി ഹാജരാക്കിയിട്ടില്ല, അന്വേഷണവുമായി സഹകരിച്ചിട്ടില്ല.

ഈ കേസില്‍ ഏതെങ്കിലും തരത്തിലുള്ള ബാഹ്യ ഇടപെടല്‍ നടത്തുകയോ ഏതെങ്കിലും തരത്തില്‍ അന്വേഷണവുമായി സഹകരിക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ആ ഘട്ടത്തില്‍ നിങ്ങളുടെ അറസ്റ്റില്‍ നിന്നുള്ള പരിരക്ഷ ഒഴിവാക്കുമെന്ന് ജസ്റ്റിസ് പി. ഗോപിനാഥ് അന്നത്തെ ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പ് വര്‍ഗീസിനോട് പറഞ്ഞിരുന്നു.

എന്നാല്‍ ഇത് രണ്ടും പ്രോസിക്യൂഷന്‍ പ്രൂവ് ചെയ്തിട്ടുണ്ട്. അന്വേഷണവുമായി ദിലീപ് സഹകരിച്ചിട്ടില്ലെന്നും തെളിവുകള്‍ പൂര്‍ണമായി ഹാജരാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ എങ്ങനെയാണ് നീതിപീഠം മറികടന്നത്.

ജുഡീഷ്യറിയില്‍ നമുക്കുള്ള ഒരു വിശ്വാസം ഉണ്ടല്ലോ, ജുഡീഷ്യറിയെ വിമര്‍ശിക്കാന്‍ പാടില്ലെന്നാണ് നമ്മളെല്ലാവരും പഠിച്ചിട്ടുള്ളത്. എന്നാല്‍ വിമര്‍ശിക്കേണ്ടി വരുന്ന നിലയുണ്ടാവുകയാണ്. കോടതി വിധിക്കെതിരെ സംസാരിക്കേണ്ട ഘട്ടം കോടതികള്‍ ഉണ്ടാക്കരുത്.

പബ്ലിക്ക് ഡൊമെയ്‌നില്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന വാദപ്രതിവാദങ്ങളെല്ലാം തന്നെ ഈ കേസില്‍ നീതി പുലരുമെന്ന പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്നത് വളരെ ഗൗരവമായ വിഷയമാണ്. മറ്റേതെങ്കിലും ഒരു സംവിധാനത്തെപ്പോലെയല്ല ജുഡീഷ്യറി. എന്നാല്‍ ആ ജുഡീഷ്യറിയില്‍ നിന്ന് പോലും ഇത്തരത്തിലുള്ള വിധികള്‍ ഉണ്ടാകുമ്പോള്‍ വിധികളെ ചോദ്യം ചെയ്യേണ്ട നിലയിലേക്ക് പൗരന്‍ എത്തും. നിലവില്‍ ഈ ജനാധിപത്യസംവിധാനം ജുഡീഷ്യറിക്ക് നല്‍കുന്ന ഒരു പരിരക്ഷ ഉണ്ട്. ജുഡീഷ്യറിയെ വിമര്‍ശിക്കാന്‍ പാടില്ല എന്ന പരിരക്ഷ. അത് ആ നിമിഷത്തോടെ ഇല്ലാതാകും.

നീതിപീഠം കൃത്യമായല്ല ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഈ ജനാധിപത്യ സംവിധാനത്തില്‍ മറ്റൊരു വിധിയുണ്ടാകുമെന്ന് നിഷ്‌ക്കളങ്കരേ നിങ്ങള്‍ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നോയെന്ന് ഒരു എം.എല്‍.എ തന്നെ ചോദിച്ചിരുന്നു. ഒരു ജനപ്രതിനിധിക്ക് പോലും ഇത് പറയേണ്ട സാഹചര്യമുണ്ടാകുന്നു. കോടതികളിലുണ്ടാകുന്ന വിശ്വാസം ഓരോ ദിവസവും നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ജുഡീഷ്യറിക്ക് എന്തുചെയ്യാന്‍ കഴിയുമെന്നതാണ് പരിശോധിക്കേണ്ടത്.

ഇനി പെണ്‍കുട്ടിയെ ആക്രമിച്ച കേസിലെ വിധിയാണ് വരാന്‍ പോകുന്നത്. ശരിക്കും പറഞ്ഞാല്‍ പേടിയുണ്ട്. ആ കേസില്‍ എന്തായിരിക്കും സംഭവിക്കാന്‍ പോകുന്നത് എന്നതിനെ സംബന്ധിച്ച് നല്ല ആശങ്കയുണ്ട്. കാരണം പ്രബലനായ പ്രതി പുറത്തുനില്‍ക്കുകയാണ്. നമ്മള്‍ ഇതുവരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത രീതിയിലുള്ള സ്‌പെഷ്യല്‍ സിറ്റിങ് വരെ നടത്തി വാദപ്രതിവാദം നടത്തി പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ച കേസില്‍ ഇങ്ങനെയാണ് വിധിയെങ്കില്‍ പിന്നെ ആ കേസില്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്.

ഒരു പൗരനും തെളിവ് ഹാജരാക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇത് സൃഷ്ടിച്ചിരുന്നത് എന്നതാണ് മറ്റൊരു കാര്യം. അപ്പുറത്ത് നില്‍ക്കുന്നത് പ്രബലരാണ്. ഇപ്പുറത്തുള്ളത് സാധാരണക്കാരനായ ബാലചന്ദ്രകുമാറിനെപ്പോലുള്ള മനുഷ്യന്മാരും. മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ നീതിപുലരണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ജുഡീഷ്യറി അവര്‍ക്കൊപ്പമില്ല. അവരെല്ലാം മറ്റൊരു ഭാഗത്താണ്.

തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധി പറയുന്നത് എന്നൊക്കെ പറഞ്ഞാല്‍ അത് തൊണ്ടതൊടാതെ വിഴുങ്ങാനൊന്നും പറ്റില്ല. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കാതിരിക്കുകയും തെളിവുകള്‍ ഹാജരാക്കാതിരിക്കുകയും ചെയ്യുന്ന പ്രതിക്ക് എന്ത് അടിസ്ഥാനത്തിലാണ് പി. ഗോപിനാഥ് ജാമ്യം കൊടുത്തത്. തീര്‍ച്ചയായും അതിനുള്ള മറുപടി അദ്ദേഹം പൊതുജനത്തോട് പറയേണ്ടി വരും.

കോടതികള്‍ ബയാസ്ഡ് ആകുന്നു. അത് വസ്തുതയാണ്. അതിന് പല കാരണങ്ങള്‍ ഉണ്ടാകും. അയോധ്യ വിധി പോലുള്ളത് നമ്മള്‍ കണ്ടതാണ്. അയോധ്യയുടെ കല്ലിടാന്‍ വന്നത് ബി.ജെ.പിയുടെ ദേശീയ അധ്യക്ഷനും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമാണ്. അയോധ്യ ഇപ്പോഴും ഒരു സമുദായത്തിന്റെ മനസില്‍ മായാതെ നില്‍ക്കുന്ന മുറിവാണ്. അതില്‍ ഉപ്പുപുരട്ടുകയായിരുന്നു പ്രധാനമന്ത്രിടയക്കം.

ഭരണകൂടത്തിന്റെ ചട്ടുകമാകുകയാണ് ജുഡീഷ്യറി. ജുഡീഷ്യറിയില്‍ നിന്നു വരുന്ന ഫേവറബിളായ ഇത്തരം വിധികളെയെല്ലാം സംശയദൃഷ്ടിയോടെ നോക്കി കാണേണ്ടി വരും. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും ഇതിന്റെ പിന്നില്‍ എന്തൊക്കെ ശക്തികളാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനെ കുറിച്ചും  ഇനി വരുന്ന ദിവസങ്ങളില്‍ ജനകീയ വിചാരണങ്ങള്‍ വരെ ഉണ്ടായേക്കും,” അപര്‍ണ പറയുന്നു.

Content highlight: Reporter TV Journalist Aparna Sen About Dileep Bail

We use cookies to give you the best possible experience. Learn more