മീഡിയവണ്‍, കൈരളി വിലക്ക്; ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ച് റിപ്പോര്‍ട്ടര്‍ ടി.വി
Kerala News
മീഡിയവണ്‍, കൈരളി വിലക്ക്; ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ച് റിപ്പോര്‍ട്ടര്‍ ടി.വി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th November 2022, 9:53 am

കൊച്ചി: മീഡിയവണ്‍, കൈരളി ചാനലുകളെ പുറത്താക്കിയതിനെ തുടര്‍ന്ന് ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ച് റിപ്പോര്‍ട്ടര്‍ ടി.വി. ഗവര്‍ണര്‍ വിലക്കേര്‍പ്പെടുത്തിയ മാധ്യമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ചതെന്ന് റിപ്പോര്‍ട്ടര്‍ ടി.വി അറിയിച്ചു.

മീഡിയവണ്‍, കൈരളി എന്നീ ചാനലുകളോട് സംസാരിക്കില്ലെന്നും ഇരു ചാനലിന്റെയും പ്രതിനിധികള്‍ ഇറങ്ങിപ്പോകണമെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്. ഗവര്‍ണര്‍ക്കെതിരെ ക്യാമ്പയിന്‍ നടത്തുന്നു എന്ന് ആരോപിച്ചാണ് ഈ ചാനലുകളോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞത്.

എന്നാല്‍ ക്ഷണിച്ച മാധ്യമപ്രവര്‍ത്തകരോട് ഇറങ്ങിപ്പോകാന്‍ പറയുന്നത് ശരിയല്ലെന്ന് മറ്റ് ചാനലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ ആരിഫ് മുഹമ്മദ് ഖാനോട് ചോദിച്ചു.

ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകനും 24 ന്യൂസ് മാനേജിങ് ഡയറക്ടറുമായ ആര്‍. ശ്രീകണ്ഠന്‍ നായരും രംഗത്തെത്തി. ഗവര്‍ണറുടെ നടപടി ശരിയായില്ലെന്നും വാര്‍ത്താസമ്മേളനങ്ങള്‍ കവര്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭരണഘടന ഉറപ്പുവരുത്തുന്നുണ്ടെന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

ഗവര്‍ണറുടെ സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യത്തിലേക്കാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കടന്നതെന്നും വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടന ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, രണ്ട് ചാനലുകളും തനിക്കെതിരെ ക്യാമ്പയിന്‍ നടത്തുകയാണെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജ്ഭവന്‍ തങ്ങളെ ക്ഷണിച്ചിട്ടാണ് റിപ്പോര്‍ട്ടിങ്ങിനെത്തിയതെന്നാണ് മീഡിയവണ്‍, കൈരളി ചാനലുകള്‍ പറയുന്നത്.

നേരത്തെ രാജ്ഭവനില്‍ ഗവര്‍ണര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ടി.വി, കൈരളി ന്യൂസ്, മീഡിയവണ്‍, ജയ്ഹിന്ദ് എന്നീ മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചത് വാര്‍ത്തയായിരുന്നു.