കോഴിക്കോട് : മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടയിൽ അപമര്യാദയായി പെരുമാറിയ ബി.ജെ.പി എം.പിയും നടനുമായ സുരേഷ് ഗോപിക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി മാധ്യമ പ്രവർത്തക.
വെള്ളിയാഴ്ച കോഴിക്കോട് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് മറുപടി നൽകുന്നതിനിടയിൽ തോളിൽ കൈയിട്ടത്. ഉടൻ തന്നെ അതൃപ്തി പ്രകടിപ്പിച്ച് മാധ്യമപ്രവർത്തക മാറിനിന്നെങ്കിലും സുരേഷ് ഗോപി കയ്യെടുത്തില്ല. വീണ്ടും തോളിൽ കൈ വെച്ചപ്പോൾ മാധ്യമപ്രവർത്തക അപ്പോൾ തന്നെ തട്ടിമാറ്റുകയായിരുന്നു.
താൻ നേരിട്ട മോശം പെരുമാറ്റത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവർത്തക അറിയിച്ചു.
നിയമ നടപടി ഉൾപ്പെടെ എല്ലാ തുടർ നീക്കങ്ങൾക്കും മീഡിയവണിന്റെ എല്ലാ പിന്തുണയും നൽകുമെന്ന് മാനേജിങ് എഡിറ്റർ സി. ദാവൂദ് അറിയിച്ചു.
മാധ്യമപ്രവർത്തകയോട് അപമാര്യാദയായി പെരുമാറിയ സുരേഷ് ഗോപി മാപ്പ് പറയണമെന്നും സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്നും കേരള പത്രപ്രവർത്തക യൂണിയൻ അറിയിച്ചു.
തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകൾക്കും നേരെയുള്ള അവഹേളനമാണ് ഇതെന്നും എന്ത് ന്യായീകരണം പറഞ്ഞാലും സുരേഷ് ഗോപിയുടെ പ്രവർത്തി അംഗീകരിക്കാൻ കഴിയില്ലെന്നും പത്രപ്രവർത്തക യൂണിയൻ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞു.
Content Highlight: Reporter to complaint against Suresh Gopi