| Saturday, 4th November 2023, 11:35 pm

'ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെട്ടുവെങ്കില്‍ വനിതാ പ്രവര്‍ത്തകരോട് പരിഹാസം വേണ്ട; വാക്കുകള്‍ പൂര്‍ത്തിയാക്കും മുമ്പ് വളച്ചൊടിച്ചു' ; സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവര്‍ത്തക

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ചെയ്തതെല്ലാം ശരിയാണെന്ന് വരുത്തി തീര്‍ക്കാനാണ് സുരേഷ് ഗോപി ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തക. മാധ്യമപ്രവര്‍ത്തകയോട് ആക്രോശിക്കുകയും ദേഷ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തൃശൂര്‍ അതിരൂപത ബി.ജെ.പിക്കും സുരേഷ് ഗോപിക്കുമെതിരെയും ഉയര്‍ത്തിയ ആരോപണങ്ങളെ കുറിച്ച് ചോദിക്കാനാണ് താനടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ സുരേഷ് ഗോപിയെ സമീപിച്ചതെന്ന് റിപ്പോര്‍ട്ടര്‍ പറഞ്ഞു.

തന്നെ കണ്ടതും തനിക്ക് നേരെ സുരേഷ് ഗോപി കൈ കൂപ്പുകയും മറ്റൊരു പുരുഷ മാധ്യമപ്രവര്‍ത്തകന്റെ തോളില്‍ കൈ വെച്ചതിന് ശേഷം തന്നോട് കുഴപ്പമൊന്നുമില്ലല്ലോയെന്ന് ചോദിച്ചുവെന്ന് റിപ്പോര്‍ട്ടര്‍ വ്യക്തമാക്കി. ചോദ്യം ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ നിങ്ങളെയെല്ലാം കാണുന്നത് തനിക്ക് പേടിയാണെന്ന് സുരേഷ് ഗോപി പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാട്ടി. മീഡിയ വണ്‍ മാധ്യമപ്രവര്‍ത്തകയോട് തെറ്റ് മനസിലാക്കിയിട്ടാണ് മാപ്പ് പറഞ്ഞതെങ്കില്‍, തന്നെ ഇത്തരത്തില്‍ പരിഹസിക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ടര്‍ പറഞ്ഞു.

തുടര്‍ന്നും ചോദ്യം ഉന്നയിക്കാന്‍ ശ്രമിച്ചപ്പോള്‍ സുരേഷ് ഗോപി ‘ആളാവാന്‍ നോക്കരുതെന്ന്’ തന്നോട് പറഞ്ഞുവെന്നും, കോടതി പരിഗണിക്കുന്ന കേസില്‍ തനിക്കൊന്നും സംസാരിക്കാനില്ലെന്ന് സുരേഷ് ഗോപി പറഞ്ഞതായും റിപ്പോട്ടര്‍ ചൂണ്ടിക്കാട്ടി. താന്‍ കോടതിയെ ധിക്കരിക്കാന്‍ ശ്രമിക്കുന്നതാണെന്നും തന്നോട് സ്ഥലത്ത് നിന്ന് പിന്നിലോട്ട് മാറിനില്‍ക്കാന്‍ സുരേഷ് ഗോപി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടര്‍ പറഞ്ഞു.

ചാവക്കാട് ബി.ജെ.പി സംഘടിപ്പിച്ച വാഹന യാത്രയില്‍ പതാക കൈമാറാന്‍ എത്തിയ ബി.ജെ.പി നേതാവ്, പരിപാടിക്ക് ശേഷം തന്നെ കണ്ടപ്പോള്‍ അടുത്ത് വന്നാല്‍ താനും കേസ് കൊടുക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നതായി മാധ്യമപ്രവര്‍ത്തക പറഞ്ഞു.

തന്റെ അഭിമാനം ഓര്‍ത്തുകൊണ്ടാണ് സംഭവ സ്ഥലത്ത് നിന്ന് ഇറങ്ങി പോന്നതെന്നും വിഷയത്തില്‍ മറ്റു മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിച്ചില്ലെന്നും റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാട്ടി. മീഡിയ വണ്‍ മാധ്യമപ്രവര്‍ത്തക്കക്ക് വേണ്ടിയാണ് താന്‍ ചോദ്യങ്ങള്‍ ചോദിച്ചതെന്നും, ചോദ്യം ഉയര്‍ത്താത്ത പക്ഷം താന്‍ ചെയ്യുന്ന തൊഴിലിന്റെ പ്രാധാന്യം ഇല്ലാതാവുമെന്നും റിപ്പോട്ടര്‍ പറഞ്ഞു.

Content Highlight: Reporter journalist against Suresh Gopi

We use cookies to give you the best possible experience. Learn more