അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകന് താലിബാന്റെ മര്‍ദ്ദനം
World News
അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകന് താലിബാന്റെ മര്‍ദ്ദനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th August 2021, 11:42 am

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ടോളോ ന്യൂസിലെ മാധ്യമപ്രവര്‍ത്തകന് താലിബാന്‍ ഭീകരരുടെ മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടെന്നായിരുന്നു ടോളോ ന്യൂസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ തനിക്ക് മര്‍ദ്ദനമേറ്റിട്ടുള്ളൂവെന്നും ജീവനോടെയുണ്ടെന്നും സിയാര്‍ സാദ് ട്വീറ്റ് ചെയ്തു.

അഫ്ഗാനിലെ മുന്‍നിര മാധ്യമമാണ് ടോളോ ന്യൂസ്.

രാജ്യത്തെ ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയേപ്പറ്റി സിയാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പേരിലാണ് മാധ്യമപ്രവര്‍ത്തകനെ താലിബാന്‍ ആക്രമിച്ചത്.

സിയാറിനൊപ്പമുണ്ടായിരുന്ന ക്യാമറാ പേഴ്‌സണിനും ക്രൂരമായ മര്‍ദ്ദനമേറ്റിട്ടുണ്ട്. റിപ്പോര്‍ട്ടിംഗിനായി ചിത്രങ്ങളെടുക്കാന്‍ തുടങ്ങിയപ്പോഴേക്ക് ആക്രമിക്കുകയായിരുന്നു.

കൈത്തോക്കുപയോഗിച്ചായിരുന്നു മര്‍ദ്ദനം. സിയാറിന്റെ ഫോണും താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തു.

താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തതിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയ ശേഷം മറ്റു രാജ്യങ്ങളിലേയും അഫ്ഗാനിലെയും പൗരന്മാരായ ആയിരക്കണക്കിന് പേര്‍ രാജ്യം വിടുന്നതിന്റെ തിരക്കിലാണ്. ഇതിനിടെ അമേരിക്കന്‍ സേനയെ പിന്‍വലിക്കുന്നതിനുള്ള അവസാന തീയതിയായ ആഗസ്റ്റ് 31 നീട്ടി നല്‍കില്ലെന്ന് കഴിഞ്ഞ ദിവസം താലിബാന്‍ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Reporter From Afghanistan’s TOLO News beaten By Taliban