| Friday, 5th May 2023, 5:34 pm

മെസിയുടെ വിടവാങ്ങല്‍; പി.എസ്.ജിക്കും ലീഗ് വണ്ണിനും ഉണ്ടാകുന്നത് വലിയ നഷ്ടങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലയണല്‍ മെസി പി.എസ്.ജി വിടുന്നതോടെ ക്ലിബ്ബിന് ഭീമമായ വരുമാന നഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ടെലിവിഷന്‍ റൈറ്റ്‌സ് വഴിയും ജേഴ്‌സി വില്‍പനയില്‍ നിന്ന് ലഭിക്കുന്നതുമായ വരുമാനത്തില്‍ നിന്നുമായിരിക്കും വലിയ തോതിലുള്ള നഷ്ടമുണ്ടാകുക. ജേഴ്‌സി വില്‍പനയില്‍ 10 ശതമാനം വരെ ഇടിവുണ്ടാകുമെന്നാണ് സ്‌പോര്‍ട്‌സ് ഔട്ട്‌ലെറ്റായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നത്.

ക്ലബ്ബിന്റെ സോഷ്യല്‍ മീഡിയ പ്രൊമോഷനെയും മെസിയുടെ തീരുമാനം ബാധിക്കും. നേരത്തെ മെസി ബാഴ്‌സ വിട്ട് പി.എസ്.ജിയില്‍ എത്തിയപ്പോള്‍ മുന്‍ വര്‍ഷത്തെക്കാള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെ ഫോളോവേഴ്‌സിന്റെ കാര്യത്തിന്റെ 50 ശതമാനം കൂടുതല്‍ സംഭവാന നല്‍കാന്‍ മെസിക്കായിരുന്നു. ഇത് കുറയില്ലെങ്കിലും വളര്‍ച്ചയുടെ തോതും റീച്ചും കുറയുമെന്നുറപ്പാണ്.

ഇതുകൂടാതെ ലീഗ് വണ്ണിനെയും മെസിയുടെ കൊഴിഞ്ഞുപോക്ക് ബാധിക്കും. നിലവില്‍ ഫ്രാന്‍സിന് പുറത്ത് ടി.വി റൈറ്റ്‌സില്‍ നിന്ന് പ്രതിവര്‍ഷം 80 ദശലക്ഷം യൂറോ സമ്പാദിക്കുന്നതില്‍ വന്‍ ഇടിവുണ്ടാകുമെന്നാണ് കരുതുന്നത്.

മറ്റൊരര്‍ത്ഥത്തില്‍ മെസിയുടെ പിന്‍വാങ്ങള്‍ സാമ്പത്തികമായി പോസിറ്റീവായും പി.എസ്.ജിക്ക് ഉപയോഗപ്പെടുത്താം. മെസിയെ പോലൊരാളുടെ ഭീമമായ വേതനം മറ്റ് രീതിയില്‍ ഉപയോഗിക്കാമെന്നാണ് കണക്കുകൂട്ടുന്നത്.

മെസി പി.എസ്.ജി വിടുമെന്ന് താരവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥിരീകരിച്ചിരുന്നു. മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി വിവരം പാരീസ് സെന്റ് ഷെര്‍മാങ്ങിനെ അറിയിക്കുകയായിരുന്നു. പ്രശസ്ത ഫുട്ബോള്‍ ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്സ്പേര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

പി.എസ്.ജിയുടെ അനുവാദമില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതിന് ലയണല്‍ മെസിയെ ക്ലബ്ബ് സസ്‌പെന്റ് ചെയിതിരുന്നു.

താരത്തെ രണ്ടാഴ്ചത്തേക്ക് മത്സരങ്ങളില്‍ നിന്ന് വിലക്കുകയും അത്രയും ദിവസത്തെ വേതനം റദ്ദാക്കുകയുമാണ് പി.എസ്.ജി ചെയ്തത്. ഇതിന് പിന്നാലെയാണ് മെസി പി.എസ്.ജി വിടുമെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് അര്‍ജന്റീന ലോകകപ്പ് ജേതാക്കളായതിന് പിന്നാലെ പി.എസ്.ജി ആരാധകര്‍ മെസിയോട് മോശമായിട്ടായിരുന്നു പെരുമാറിയിരുന്നത്. ഈ കാരണങ്ങളും പാരീസ് വിടാന്‍ താരത്തെ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോട്ടുകള്‍ പറയുന്നത്.

Content Highlight: Reportedly, with Lionel Messi leaving PSG, the club will suffer a huge revenue loss

We use cookies to give you the best possible experience. Learn more