തൃശൂര്‍: കൈക്കൂലി കേസില്‍ അറസ്റ്റിലായ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗ വിഭാഗത്തിലെ ഡോ. ഷെറി ഐസകിനെതിരെ മുമ്പും പരാതിയുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് ഒന്നിന് ഇയാള്‍ 35,00 രൂപ കൈക്കൂലി വാങ്ങിയെന്ന് ചാലക്കുടി സ്വദേശിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്നാണ് ആരോപണം.
ഷെറി ഐസകിന്റൈ സ്വത്തുവിവരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) അന്വേഷിക്കും. 15,20,000 രൂപയാണ് വിജിലന്‍സ് പിടിച്ചെടുത്തിരുന്നത്. അഞ്ച് ലക്ഷത്തിലധികം രൂപ പിടികൂടിയാല്‍ വിവരം ഇ.ഡിയെ അറിയിക്കണമെന്നാണ് ചട്ടം. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസ് ഇ.ഡിക്ക് കൈമാറുന്നത്.
കട്ടിലിന്റെ അടിയില്‍ നിന്നും മറ്റുമായാണ് ഇയാളില്‍ നിന്ന് പണം പിടിച്ചെടുത്തത്. പല നോട്ടുകളും പൂപ്പല്‍ പിടിച്ച നിലയിലായിരുന്നു. 500, 2000, 200ന്റെ നോട്ടുകെട്ടുകളും രണ്ടായിരത്തിന്റെ 25 നോട്ടുകളുമാണ് വിജിലന്‍സ് കണ്ടെത്തിയിരുന്നത്.
മൂവായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ ഷെറി ഐസക്ക് ഇന്നലെ വിജിലന്‍സിന്റെ പിടിയിലാകുന്നത്.
തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ശസ്ത്രക്രിയ നടത്തുന്നതിനാണ് പരാതിക്കാരനോട് മൂവായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന വടക്കാഞ്ചേരി ഓട്ടുപാറയിലുള്ള ക്ലിനിക്കില്‍ നടത്തിയ പരിശോധനയിലാണ് 15 ലക്ഷം രൂപ കണ്ടെത്തിയത്.