| Thursday, 12th September 2024, 4:50 pm

ഐ.സി.സിയുടെ വക മുട്ടന്‍ പണി കിട്ടും, അംഗീകാരം തന്നെ നഷ്ടപ്പെട്ടേക്കും; ഈ ഗ്രൗണ്ടിന്റെ ഭാവിയെന്ത്?

സ്പോര്‍ട്സ് ഡെസ്‌ക്

ഗ്രേറ്റര്‍ നോയ്ഡ സ്‌പോര്‍ട്‌സ് കോംപ്ലെക്‌സില്‍ വെച്ചാണ് അഫ്ഗാനിസ്ഥാനും ന്യൂസിലാന്‍ഡും തമ്മിലുള്ള ചരിത്രപരമായ വണ്‍ ഓഫ് ടെസ്റ്റ് ഷെഡ്യൂള്‍ ചെയ്തത്. എന്നാല്‍ മത്സരത്തിന്റെ നാലാം ദിവസവും ഒറ്റ പന്ത് പോലും എറിയാന്‍ സാധിക്കാത്ത അവസ്ഥയാണ്. മോശം കാലാവസ്ഥ മൂലം ഇപ്പോഴും മത്സരം തടസ്സപ്പെട്ടിരിക്കുകയാണ്.

നാലാം ദിവസം പെയ്ത കനത്ത മഴയില്‍ ഔട്ട് ഫീല്‍ഡും പിച്ചും പൂര്‍ണമായി കവര്‍ ചെയ്യാനും ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് സാധിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ഓരോ മത്സരത്തിന് ശേഷവും മാച്ച് റഫറി പിച്ചും ഔട്ട് ഫീല്‍ഡും പരിശോധിക്കുകയും റിപ്പോര്‍ട്ട് ഐ.സി.സി സീനിയര്‍ ക്രിക്കറ്റ് ഓപ്പറേഷന്‍സ് മാനേജര്‍ക്ക് കൈമാറുകയും വേണം.

പിച്ചിന്റെയും ഔട്ട്ഫീല്‍ഡിന്റെയും റേറ്റിങ്, മത്സരത്തിന്റെ ഭാഗമായ രണ്ട് ടീം ക്യാപ്റ്റന്‍മാര്‍, മത്സരം നിയന്ത്രിച്ച അമ്പയര്‍മാര്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളിച്ചാകും ഈ റിപ്പോര്‍ട്ട് തയ്യാറാക്കുക. ഗ്രേറ്റര്‍ നോയ്ഡയിലെ പിച്ചിനെ സംബന്ധിച്ചും ഈ റിപ്പോര്‍ട്ട് ഐ.സി.സിക്ക് നല്‍കണം.

മാച്ച് റഫറി തൃപ്തികരമല്ല (അണ്‍സാറ്റിസ്ഫാക്ടറി), അല്ലെങ്കില്‍ യോഗ്യതയില്ലാത്ത (അണ്‍ഫിറ്റ്) എന്ന റിപ്പോര്‍ട്ടാണ് നല്‍കുന്നതെങ്കില്‍ ഐ.സി.സി ഗ്രൗണ്ടിന് ഡീമെറിറ്റ് പോയിന്റ് നല്‍കും. ഗൈഡ്‌ലൈന്‍സ് ഫോര്‍ റേറ്റിങ് ഔട്ട്ഫീല്‍ഡ് ആന്‍ പിച്ച് പ്രകാരമാകും ഐ.സി.സി ഡീമെറിറ്റ് പോയിന്റ് നല്‍കുക.

അണ്‍സാറ്റിസ്ഫാക്ടറി എന്ന റിപ്പോര്‍ട്ടാണ് നല്‍കുന്നതെങ്കില്‍ ഒരു ഡീമെറിറ്റ് പോയിന്റും അണ്‍ഫിറ്റ് എന്നാണെങ്കില്‍ മൂന്ന് ഡീമെറിറ്റ് പോയിന്റും ലഭിക്കും.

ഒരു വേദിക്ക് ആറോ അതിലധികമോ ഡീമെറിറ്റ് പോയിന്റ് ലഭിക്കുകയാണെങ്കില്‍ അന്താരാഷ്ട്ര മത്സരം നടത്താനുള്ള അംഗീകാരം പ്രസ്തുത വേദിക്ക് നഷ്ടമാകും. അഞ്ച് വര്‍ഷത്തേക്ക് ഈ ഡിമെറിറ്റ് പോയിന്റുകള്‍ തുടരും. ഈ കാലയളവില്‍ ആറ് പോയിന്റ് ലഭിച്ചാല്‍ ഒരു വര്‍ഷത്തേക്ക് അക്രഡിറ്റേഷന്‍ തന്നെ നഷ്ടമാകും. 12 ഡീമെറിറ്റ് പോയിന്റാണെങ്കില്‍ അത് രണ്ട് വര്‍ഷത്തേക്ക് ഉയരും.

മാച്ച് റഫറി ഗ്രൗണ്ടിനും പിച്ചിനും ഡീമെറിറ്റ് പോയിന്റ് (മൂന്ന് വീതം) നല്‍കാന്‍ സാധ്യതകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ഗ്രേറ്റര്‍ നോയ്ഡക്ക് അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്താനുള്ള അംഗീകാരം ഇല്ലാതാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഗ്രൗണ്ടിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. ഗ്രൗണ്ടില്‍ ഒരു തരത്തിലുമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയില്ലെന്ന് നേരത്തെ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ ആരോപിച്ചിരുന്നു.

എന്നാല്‍ മത്സരത്തിലിതുവരെ ഒറ്റ പന്ത് പോലും എറിഞ്ഞിട്ടില്ല എന്നതിനാല്‍ തന്നെ പിച്ച് അണ്‍ഫിറ്റാണെന്ന റിപ്പോര്‍ട്ട് നല്‍കാന്‍ സാധ്യത കുറവാണ്.

Content highlight: Reportedly, the pitch in Greater Noida is likely to be given demerit points

We use cookies to give you the best possible experience. Learn more