ഇന്ത്യാ വിരുദ്ധ ട്വീറ്റുകള്‍ പങ്കുവെച്ചന്ന് പരാതി; ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പാക് അവതാരിക തിരിച്ചുപോയി
Cricket news
ഇന്ത്യാ വിരുദ്ധ ട്വീറ്റുകള്‍ പങ്കുവെച്ചന്ന് പരാതി; ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പാക് അവതാരിക തിരിച്ചുപോയി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 10th October 2023, 8:00 am

ഹൈദരാബാദ്: ഏകദിന ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്ത്യയിലെത്തിയ പാക് സ്‌പോര്‍ട്‌സ് അവതാരിക രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. ഐ.സി.സി ഡിജിറ്റല്‍ ടീമിന്റെ ഭാഗമായിട്ടാണ് സൈനബ് അബ്ബാസ് ഇന്ത്യയിലേക്ക് ലോകകപ്പ് റിപ്പോര്‍ട്ടിനെത്തിയിരുന്നത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാലാണ് ഇവര്‍ ഇന്ത്യവിട്ടെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൈനബ് അബ്ബാസ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യാ വിരുദ്ധ പോസ്റ്റുകള്‍ ഷെയര്‍ ചെയ്‌തെന്ന് ആരോപിച്ച് അഭിഭാഷകനായ വിനീത് ജിന്‍ഡാര്‍ എന്നയാള്‍ കേന്ദ്ര ആഭ്യാന്തര മന്ത്രിക്കും ദല്‍ഹി പൊലീസിന്റെ സൈബര്‍ സെല്ലിനും ബി.സി.സി.ഐക്കും പരാതി നല്‍കിയിരുന്നു.

ഇന്ത്യക്കാരെയും ഹിന്ദുക്കളെയും അവഹേളിച്ച പോസ്റ്റുകള്‍ സൈനബ് അബ്ബാസ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചെന്നായിരുന്നു പരാതി. ഇതിന് പിന്നാലെയാണ് ഇവര്‍ ഇന്ത്യവിടുന്നത്.

ഇന്ത്യാ വിരുദ്ധ ട്വീറ്റിന്റെ പേരില്‍ രാജ്യം വിടാന്‍ ഇവര്‍ക്ക് നിര്‍ദേശം ലഭിച്ചതായി പാക് മാധ്യമമായ സമാ ടി.വി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ ഈ വാര്‍ത്ത അവര്‍ പിന്‍വിലിക്കുകയും, സുരക്ഷാ കാരണങ്ങളാലാണ് സൈനബ് രാജ്യംവിട്ടതെന്ന് തിരുത്തുകയും ചെയ്തു.

ഒക്ടോബര്‍ ആറിന് ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍
നെതര്‍ലന്‍ഡ്‌സിനെതിരായ പാകിസ്ഥാന്റെ മത്സരം റിപ്പോര്‍ട്ട് ചെയ്യാന്‍ 35 കാരിയായ സൈനബ് എത്തിയിരുന്നു.


Content Highlight: Reportedly, the Pakistani sports anchor who came to India to report the ODI World Cup has left the country