ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിര്‍മിക്കുന്ന പുതിയ ക്രിക്കറ്റ് സ്റ്റേഡിയം ഹിന്ദുദൈവമായ ശിവനോടനുബന്ധിച്ചുള്ള തീമിലെന്ന് റിപ്പോര്‍ട്ടുകള്‍. ശിവന്റെ പ്രതീകങ്ങളായ ത്രിശൂലം, ചന്ദ്രക്കല, ഢമരു എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് സ്റ്റേഡിയം നിര്‍മിക്കുന്നതെന്നാണ് ജാഗരണിനെ ഉദ്ധരിച്ച് ജോണ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്‌റ്റേഡിയത്തിന്റെ ഡോം (കെട്ടിടങ്ങളുടെ അര്‍ദ്ധവൃത്താകാരത്തിലുള്ള മേല്‍ക്കൂര) ചന്ദ്രക്കലയുടെ രൂപത്തിലും ഫ്‌ളഡ് ലൈറ്റുകള്‍ ത്രിശൂലത്തിന്റെ രൂപത്തിലുമാണ് ഡിസൈന്‍ ചെയ്യുന്നത്. മീഡിയ റൂം ഢമരുവിന്റെ രൂപത്തിലും ഇരിപ്പിടങ്ങള്‍ ഗംഗയിലെ പടിക്കെട്ടുകള്‍ പോലെയും ഡിസൈന്‍ ചെയ്യുമ്പോള്‍ കൂവളത്തിലയുടെ (ബേല്‍പത്ര/ വില്വപത്രം) ആകൃതിയിലാകും എന്‍ട്രന്‍സ് ഒരുക്കുക.
30,000 ആളുകളെ ഉള്‍ക്കൊള്ളുന്ന സ്‌റ്റേഡിയമാണ് ഉത്തര്‍പ്രദേശ്, വാരണസിയിലെ ഗഞ്ജരി മേഖലയില്‍ പണികഴിപ്പിക്കുന്നത്. 450 കോടി രൂപയാണ് സ്റ്റേഡിയത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.
സ്ഥലം ഏറ്റെടുക്കാന്‍ 120 കോടിയാണ് അനുവദിച്ചിരിക്കുന്നത്. സ്റ്റേഡിയം നിര്‍മാണത്തിന് 330 കോടിയും നല്‍കും. 450 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി തുറന്നുനല്‍കും.
സെപ്റ്റംബര്‍ 23ന് സ്റ്റേഡിയത്തിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ഇന്‍ ഇന്ത്യ (ബി.സി.സി.ഐ) ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷനും (യു.പി.സി.എ) സംയുക്തമായാണ് ചടങ്ങ് സംഘചടിപ്പിക്കുന്നത്. നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തറക്കല്ലിടല്‍ ചടങ്ങിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഡിവിഷണല്‍ കമ്മീഷണര്‍ കൗശാല്‍ രാജ് ശര്‍മ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
Content Highlight: Reportedly, the cricket stadium to be built in Varanasi is on the theme of Lord Shiva