ന്യൂദല്‍ഹി: ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ശിക്ഷായിളവ് റദ്ദാക്കിയതിന് പിന്നാലെ 11 പ്രതികളില്‍ 9 പേര്‍ ഗ്രാമത്തില്‍ നിന്നും മുങ്ങിയതായി റിപ്പോര്‍ട്ട്. ഗുജറാത്തിലെ ഡഹോദ് ജില്ലയിലെ രണ്ട് ഗ്രാമങ്ങളിലായി താമസിച്ചിരുന്ന 9 പേരെയാണ് ശിക്ഷായിളവ് റദ്ദാക്കിക്കൊണ്ടുള്ള കോടതി വിധി വന്നതിന് പിന്നാലെ കാണാതായിരിക്കുന്നത്. തിരികെ ജയിലിലെത്തിയാല്‍ ഇനി മോചനം എളുപ്പമാകില്ലെന്നതിനാലാണ് പ്രതികള്‍ മുങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.
2022 ആഗസ്ത് 15നാണ് ഗുജറാത്ത് സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ഉത്തരവ് പ്രകാരം ബില്‍ക്കീസ് ബാനു കേസിലെ പ്രതികള്‍ക്ക് കോടതി ശിക്ഷായിളവ് നല്‍കിയത്. ശിക്ഷായിളവ് ലഭിച്ചതിന് ശേഷം പ്രതികളെല്ലാം അവരവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങിയിരുന്നു. ഇവരില്‍ 9 പേരെയാണ് ശിക്ഷായിളവ് റദ്ദാക്കിയതിന് പിന്നാലെ കാണാതായിരിക്കുന്നത്.
ഗോവിന്ദ് നായ്, രാധശ്യാം ഷാ, പ്രദിപ് മോഡി, രമേഷ് ചന്ദന, ശൈലേഷ് ഭട്ട്, മിതേഷ് ഭട്ട് തുടങ്ങി കേസിലെ 9 പ്രതികളെയാണ് കാണാതായിരിക്കുന്നത്. ശിക്ഷായിളവ് റദ്ദാക്കിയതിന് പിന്നാലെ പ്രതികളുടെ വീടുകള്‍ക്ക് മുമ്പില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പ്രതികള്‍ വീടുകളില്‍ നിന്ന് മുങ്ങുകയായിരുന്നു.
മഹാരാഷ്ട്രയിലെ ശിക്ഷായിളവ് നടപടികള്‍ കര്‍ശനമായതിനാല്‍ തന്നെ ഇനി വേഗത്തിലുള്ള മോചനം സാധ്യമാകില്ലെന്നതിനാലാണ് പ്രതികള്‍ മുങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പ്രതികള്‍ക്ക് ശിക്ഷായിളവിനായി മഹാരാഷ്ട്ര സര്‍ക്കാറിനെ സമീപിക്കാമെങ്കിലും മോചനം എളുപ്പമാകില്ല. മഹാരാഷ്ട്രയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടര്‍ക്ക് ശിക്ഷായിളവ് ലഭിക്കണമെങ്കില്‍ കര്‍ശനമായ ചട്ടങ്ങളാണ് നിലനില്‍ക്കുന്നത്. ഈ ചട്ടങ്ങള്‍ പ്രകാരം ഇനി ബില്‍ക്കീസ് ബാനു കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഇളവ് ലഭിക്കാന്‍ പ്രയാസമാണ്.
മഹാരാഷ്ട്രയിലെ ചട്ടങ്ങള്‍ പ്രകാരം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഇളവ് ലഭിക്കണമെങ്കില്‍ 28 വര്‍ഷത്തെ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ ബില്‍ക്കീസ് ബാനു കേസിലെ 11 പ്രതികളും 14 വര്‍ഷം മാത്രമാണ് ഇതുവരെ ജയിലില്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഈ പ്രതികള്‍ നേരത്തെ ഒരു തവണ സമര്‍പ്പിച്ച അപേക്ഷ സമാന കാരണം പറഞ്ഞ് മഹരാഷ്ട്ര സര്‍ക്കാര്‍ തള്ളുകയും ചെയ്തിരുന്നു.
ഈ സാഹചര്യങ്ങളെല്ലാം മുന്നില്‍ കണ്ടുകൊണ്ടാണ് പ്രതികളില്‍ 9 പേര്‍ മുങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. 1978ലാണ് മഹാരാഷ്ട്രയില്‍ ശിക്ഷായിളവ് ചട്ടത്തിന് രൂപം നല്‍കിയത്. 1992,2008,2010 വര്‍ഷങ്ങളില്‍ ഈ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുകയും ചെയ്തിരുന്നു.
content highlights: Reportedly, the accused in the Bilkis Banu case have drowned after the Supreme Court verdict quashing the leniency