Advertisement
World News
കാലാവസ്ഥ ഉച്ചകോടിയുടെ നെഗോഷിയേഷന്‍ റിപ്പോര്‍ട്ടില്‍ സൗദി ചട്ടവിരുദ്ധമായി മാറ്റം വരുത്തിയതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Nov 25, 05:50 pm
Monday, 25th November 2024, 11:20 pm

ബഹ്റൈന്‍: അസര്‍ബൈജാനിലെ ബാക്കുവില്‍ നടന്ന കാലാവസ്ഥ ഉച്ചകോടിയുടെ നെഗോഷിയേഷന്‍ റിപ്പോര്‍ട്ടില്‍ സൗദി അറേബ്യ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി എഡിറ്റിങ് നടത്തിയതായി റിപ്പോര്‍ട്ട്.

ചര്‍ച്ചകളിലൂടെ എടുത്ത തീരുമാനങ്ങള്‍ ഉള്‍പ്പെട്ട എഡിറ്റ് ചെയ്യാനാകാത്ത പി.ഡി.എഫുകളായാണ് നെഗോഷിയേഷന്‍ റിപ്പോര്‍ട്ട് കക്ഷികള്‍ക്ക് കൈമാറാറുണ്ട്. അത് സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോക്കോളുകളിന്റെ ഭാഗമാണ്. എന്നാല്‍ ഇത് മറികടന്ന് ഔദ്യോഗിക നെഗോഷിയേറ്റിംഗ് ടെക്സ്റ്റ് സൗദി അറേബ്യയുടെ പ്രതിനിധി നേരിട്ട് എഡിറ്റ് ചെയ്തതായാണ് ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

യു.എന്‍ ഉച്ചകോടികളില്‍ പൊതുവെ കാലാവസ്ഥയെ സംരക്ഷിക്കുന്ന നടപടികളെ തടസ്സപ്പെടുത്തുന്ന സമീപനമാണ് സൗദി അറേബ്യ പലപ്പോഴും സ്വീകരിച്ചത്. ഫോസില്‍ ഇന്ധന ഉപയോഗം പരിമിതപ്പെടുത്തുന്നതിനുള്ള ഉച്ചകോടിയുടെ നിലപാടിന് വിരുദ്ധ നിലപാടുകളാണ് പലപ്പോഴും സൗദി സ്വീകരിച്ചിരുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഒരു രാജ്യത്തിന് മാത്രം എഡിറ്റിങ് ആക്സസ് നല്‍കുന്നത് മറ്റ് കക്ഷികളെക്കൂടി അപകടത്തിലാക്കുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

പ്രധാനമായും രണ്ട് മാറ്റങ്ങളാണ് സൗദി നെഗോഷിയേഷന്‍ റിപ്പോര്‍ട്ടില്‍ വരുത്തിയിരിക്കുന്നത്. അതില്‍ ഒന്ന് സൗദി ഊര്‍ജ മന്ത്രാലയവുമായി ബന്ധപ്പെടുള്ളതും മറ്റൊന്ന് ജെ.ടി.ഡബ്ല്യു.പി.യിലെ ലീഡുമായി ബന്ധമുള്ള മറ്റൊരു ഉള്ളടക്കവുമാണ്. ഇവ പാരിസ് ഉടമ്പടിയുമായി ബന്ധമുള്ളവയാണ്.

അതേസമയം സൗദി പ്രതിനിധിക്ക് റിപ്പോര്‍ട്ട് എഡിറ്റ് ചെയ്യാന്‍ അനുമതി നല്‍കിയതിന് അസര്‍ബൈജാന്‍ പ്രസിഡന്‍സിക്കെതിരേയും വിദഗ്ധര്‍ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. സൗദിയെപ്പോലെത്തന്നെ ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിച്ച് വിപണി നിലനിര്‍ത്തുന്ന രാജ്യമാണ് അസര്‍ബൈജാന്‍.

അടുത്തിടെ കാലാവസ്ഥ ഉച്ചകോടിയില്‍ വിചിത്രമായൊരു പ്രസ്താവന നടത്തിയിരുന്നു. ആതിഥേയ രാജ്യമായ അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ്. ഹരിത ഗൃഹ വാതകങ്ങളും ഫോസില്‍ ഇന്ധനങ്ങളും കുറയ്ക്കുന്നതിനായുള്ള നടപടികള്‍ തീരുമാനിക്കാനായി ചേര്‍ന്ന ലോക രാജ്യങ്ങളുടെ വാര്‍ഷിക ഉച്ചകോടില്‍ ഓയിലും ഗ്യാസും ദൈവത്തിന്റെ വരദാനങ്ങളാണെന്നാണ് ഇല്‍ഹാം അലിയേവ് ഉച്ചകോടി വേദിയില്‍ വെച്ച് പറഞ്ഞത്.

എണ്ണ, ഗ്യാസ്, കാറ്റ്, സൂര്യന്‍, സ്വര്‍ണം, വെള്ളി ഇവയെല്ലാം പ്രകൃതി വിഭവങ്ങള്‍ ആണെന്നും അതിനാല്‍ തന്നെ ഇത്തരം വിഭവങ്ങള്‍ വിപണിയില്‍ എത്തിക്കുന്ന രാജ്യങ്ങളെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ലെന്നും കാരണം അവ വിപണിയുടെ നിലനില്‍പ്പിന് തന്നെ ആവശ്യമാണെന്നുമായിരുന്നു ഇല്‍ഹാം അലിയേവ് സമ്മേളന വേദിയില്‍ വെച്ച് പറഞ്ഞത്.

Content Highlight: Reportedly, Saudi Arabia illegally changed the climate summit’s negotiation report