| Friday, 26th January 2024, 10:32 pm

പതിനേഴംഗ ജഡ്ജിങ് പാനലില്‍ ഇസ്രഈലിനെ പിന്തുണച്ചത് സ്വന്തം പൗരന്‍ മാത്രം; ഇന്ത്യക്കാരനും ഇസ്രഈലിനെതിരെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹേഗ്: ഗസയില്‍ ഇസ്രഈല്‍ ഭരണകൂടം വംശഹത്യ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍ ദക്ഷിണാഫ്രിക്ക നല്‍കിയ കേസിനെ എതിര്‍ത്തത് ഇസ്രഈലിയായ ജഡ്ജി മാത്രമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ പൗരനായ ജഡ്ജി ദല്‍വീര്‍ ഭണ്ഡാരി അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ നിരീക്ഷണങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും നിരുപാധികം പിന്തുണ നല്‍കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വെള്ളിയാഴ്ച ദക്ഷിണാഫ്രിക്ക നല്‍കിയ കേസില്‍ ആദ്യ വിധി ഐ.സി.ജെ പുറപ്പെടുവിച്ചിരുന്നു. ഗസയില്‍ ഇസ്രഈല്‍ ഭരണകൂടം നടത്തുന്നത് വംശഹത്യയാണോ എന്നതില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും എന്നാല്‍ ഈ വിഷയത്തില്‍ വിധി പ്രഖ്യാപിക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ കേസ് തള്ളിക്കളയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം ഇസ്രഈൽ ജഡ്ജിക്ക് പുറമെ പാനലിലെ യുഗാണ്ടൻ ജഡ്ജി ജൂലിയ സെബുറ്റിനും ഇസ്രഈലി ഭരണകൂടത്തിന് വിഷയങ്ങളിൽ പിന്തുണ നൽകിയിരുന്നു. ഗസയിൽ ഇസ്രഈൽ നടത്തുന്നത് വംശഹത്യയാണെന്ന നിലപാടിനെതിരെ മാത്രമല്ല ജൂലിയ വോട്ട് ചെയ്തതെന്നും ഗസയിലേക്ക് മാനുഷിക സഹായം നൽകുന്നതിനെയും എതിർത്തതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. കോടതിയിൽ ഉന്നയിക്കപ്പെട്ട മറ്റ് ആറ് വിഷയങ്ങളിൽ ഇസ്രഈലിന് അനുകൂലമായാണ് ജൂലിയ വോട്ട് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.

വംശഹത്യയ്ക്ക് പ്രേരിപ്പിക്കുന്നവരെ ശിക്ഷിക്കണമെന്നും വംശഹത്യയുടെ തെളിവുകള്‍ നശിപ്പിക്കുന്ന ഭരണകൂടത്തിന്റെയും മറ്റുള്ളവരുടെയും നീക്കം തടയപ്പെടണമെന്നും കോടതി നിര്‍ദേശിച്ചു. ഗസയിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഫലസ്തീനികളെ സംരക്ഷിക്കാന്‍ കൂടുതല്‍ നടപടികള്‍ ഇസ്രഈല്‍ കൈക്കൊള്ളണമെന്നും ഒരു മാസത്തിനകം കോടതിയില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഇസ്രഈലിന് അന്താരാഷ്ട്ര നീതി ന്യായ കോടതി മുന്നറിയിപ്പ് നല്‍കി. ഇസ്രഈല്‍ വംശഹത്യ നടത്തിയെന്നതിന് തെളിവുകള്‍ ഉണ്ടെന്നും അവയുടെ വസ്തുത പഠിച്ച് വരുകയാണെന്നും കോടതി വ്യക്തമാക്കി. ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാത്ത കോടതിയുടെ ആദ്യ വിധിക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

അതേസമയം അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ വിധിയില്‍ പ്രതികരിച്ച് ഇസ്രഈല്‍ രംഗത്തെത്തി. കോടതി മുന്നോട്ടുവെച്ച ആവശ്യങ്ങളുടെ പട്ടിക തങ്ങളെ പ്രതിരോധരഹിതരാക്കുന്നുവെന്ന് ഇസ്രഈല്‍ പറഞ്ഞു. അടിയന്തര നടപടികള്‍ കോടതി തള്ളിക്കളയണമെന്നും ഇസ്രഈല്‍ നേതൃത്വം ആവശ്യപ്പെട്ടു.

Content Highlight: Reportedly, only an Israeli judge opposed South Africa’s case at the International Court of Justice

.

We use cookies to give you the best possible experience. Learn more