2026 ലോകകപ്പിന് അര്‍ജന്റീനക്ക് യോഗ്യത നേടിക്കൊടുക്കാന്‍ അവനെത്തുന്നു; കോപ്പ ഫൈനലിലെ മെസിയുടെ പരിക്കില്‍ വമ്പന്‍ അപ്‌ഡേറ്റും
Sports News
2026 ലോകകപ്പിന് അര്‍ജന്റീനക്ക് യോഗ്യത നേടിക്കൊടുക്കാന്‍ അവനെത്തുന്നു; കോപ്പ ഫൈനലിലെ മെസിയുടെ പരിക്കില്‍ വമ്പന്‍ അപ്‌ഡേറ്റും
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 6th August 2024, 1:14 pm

 

അമേരിക്കയും മെക്‌സിക്കോയും കാനഡയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങളില്‍ മെസി അര്‍ജന്റീനക്കായി കളത്തിലിറങ്ങുമെന്ന് റിപ്പോര്‍ട്ട്.

കോപ്പ അമേരിക്ക ഫൈനലിലെ പരിക്കിന് പിന്നാലെ നിലവില്‍ ചികിത്സയില്‍ കഴിയുന്ന മെസി ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ കളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

 

ടി.വൈ.സി സ്‌പോര്‍ട്‌സിലെ ഫുട്‌ബോള്‍ ജേണലിസ്റ്റും അര്‍ജന്റൈന്‍ ഫുട്‌ബോളിനെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്ന ഗാസ്റ്റണ്‍ എഡ്യൂളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിക്കുന്ന യോഗ്യതാ മത്സരങ്ങളില്‍ താരം ആല്‍ബിസെലസ്റ്റിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

മയാമിയിലെ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തില്‍ കൊളംബിയക്കെതിരെ നടന്ന കോപ്പ അമേരിക്ക ഫൈനല്‍ മത്സരത്തിനിടെയാണ് മെസിക്ക് പരിക്കേറ്റത്.

മത്സരത്തില്‍ സൂപ്പര്‍താരം മെസി പരിക്ക് പറ്റി പുറത്തായിരുന്നു. 65ാം മിനിട്ടില്‍ കാലിന് പരിക്കേറ്റതിന് പിന്നാലെയാണ് മെസി കളം വിട്ടത്. ആദ്യ പകുതിയില്‍ കൊളംബിയന്‍ താരം സാന്റിയാഗോ അരീസാണ് മെസിയെ ടാക്കിള്‍ ചെയ്തത്.

 

ഇതിന് പിന്നാലെ മെസിക്ക് പരിക്കേല്‍ക്കുകയും എന്നാല്‍ ഇതിനെയെല്ലാം മറികടന്നുകൊണ്ട് താരം കളിക്കളത്തില്‍ തുടരുകയും ആയിരുന്നു. ഒടുവില്‍ രണ്ടാം പകുതിയില്‍ പരിക്ക് കൂടുതല്‍ വഷളായതോടെ മെസി മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങുകയായിരുന്നു. ഇതോടെ അര്‍ജന്റീനന്‍ ഇതിഹാസതാരം കരഞ്ഞുകൊണ്ട് ഗ്രൗണ്ട് വിടുന്ന കാഴ്ചക്കായിരുന്നു മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

മെസി പുറത്തായതിന് ശേഷവും കളിയില്‍ ആ ആനുകൂല്യം മുതലാക്കാന്‍ കൊളംബിയക്കായില്ല. നിശ്ചിത സമയത്ത് ഇരുവര്‍ക്കും ഗോള്‍ നേടാന്‍ സാധിക്കാതെ വന്നതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് കടന്നു.

ഒടുവില്‍ എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ലൗട്ടാറോ മാര്‍ട്ടീനസിലൂടെയായിരുന്നു അര്‍ജന്റീന വിജയഗോള്‍ നേടിയത്. കൊളംബിയന്‍ പ്രതിരോധം മറികടന്നുകൊണ്ട് പാസ് സ്വീകരിച്ച താരം കൃത്യമായി ലക്ഷ്യം കാണുകയായിരുന്നു.

 

കിരീടം നേടിയതിന് പിന്നാലെ ഒരു ചരിത്രനേട്ടവും അര്‍ജന്റീന സ്വന്തമാക്കി. കോപ്പ അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ സ്വന്തമാക്കുന്ന ടീമായി മാറാനാണ് അര്‍ജന്റീനക്ക് സാധിച്ചത്. 16 കിരീടങ്ങളാണ് അര്‍ജന്റീന കോപ്പയില്‍ നേടിയത്. 15 കിരീടങ്ങള്‍ നേടിയ ഉറുഗ്വായെ മറികടന്നുകൊണ്ടാണ് അര്‍ജന്റീന ഈ നേട്ടം സ്വന്തമാക്കിയത്.

 

Content Highlight: Reportedly, Messi will play for Argentina in the 2026 World Cup qualifiers